പേപ്പര്‍ പ്ലെയിനുമായി നൂപുര്‍

പേപ്പര്‍ പ്ലെയിനുമായി നൂപുര്‍

Sunday January 03, 2016,

3 min Read

നൂപുര്‍ ജോഷി ടാങ്ക്‌സിന്റെ അച്ഛന്‍ കുറേക്കാലം പൊതുമേഖലയിലാണ് ജോലി ചെയ്തിരുന്നത്. പിന്നീട് അദ്ദേഹം പ്രൈവറ്റ് മേഖലയില്‍ ജോലി നോക്കി. തന്റെ 59ാമത്തെ വയസ്സില്‍ അദ്ദേഹം സ്വന്തമായി ബിസിനസ് ആരംഭിച്ചു. അച്ഛനാണ് തന്റെ ഏറ്റവും വലിയ പ്രചോദനമെന്ന് നൂപുര്‍ പറയുന്നു.

image


'സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു ഏങ്കില്‍ അത് താന്‍ ചെയ്തതു പോലെ വച്ച് താമസിപ്പിക്കരുത് എന്ന് അദ്ദേഹം എന്നെ ഉപദേശിക്കാറുണ്ടായിരുന്നു.' അങ്ങനെ ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സ്‌ക്കൂള്‍ ഓഫ് ലോയില്‍ നിന്ന് മാസ്റ്റേഴ്‌സ് ഡിഗ്രി നേടിയ നൂപുര്‍ തന്റെ ജോലി ഉപേക്ഷിച്ച് പേപ്പര്‍ പ്ലെയിന്‍സ് ആരംഭിച്ചു. ലോകമെമ്പാടുമുള്ള മാസികകള്‍ ഇന്ത്യയിലെ വായനക്കാര്‍ക്ക് എത്തിച്ചു നല്‍കുകയാണ് 'പേപ്പര്‍ പ്ലെയിന്‍സ്.' കലാമൂല്ല്യമുള്ള നിരവധി മാസികകള്‍ പല രാജ്യങ്ങളില്‍ നിന്നായി പുറത്തിറങ്ങുന്നുണ്ട്. ഇത് നമുക്ക് ലഭ്യമാക്കാനുള്ള ഒരു സംവിധാനങ്ങളും നിലവില്‍ ലഭ്യമല്ല.

image


'ഒരു നല്ല ജോലി കളയുക എന്നത് അത്ര എളുപ്പമല്ലായിരുന്നു. ഒരു ഉറപ്പില്ലാത്ത കാര്യത്തിനു വേണ്ടി ഇത്രയും നാളത്തെ കഠിനാധ്വാനം പാഴാക്കി കളയുകയാണെന്ന് തോന്നി. എന്നാല്‍ പുതിയ ആശയങ്ങളോടുള്ള സമൂഹത്തിന്റെ മാറിയ ചിന്താഗതിയും വ്യവസായ മേഖലയിലുള്ള നല്ല സമീപനവും എനിക്ക് പ്രചോദനം നല്‍കി.'അവര്‍ ഓര്‍ക്കുന്നു.

നഷ്ടബോധം എന്ന വികാരം

'ജോലി ചെയ്തിരുന്ന സമയത്ത് ലീവെടുത്ത് യാത്ര ചെയ്തിരുന്നു.അതിനിടയില്‍ വായിക്കാന്‍ ഒരുപാട് അവസരം ലഭിച്ചു. ഈ സമയത്താണ് എന്തോ ഒരു നഷ്ടബോധം എനിക്ക് തോന്നിയത്.' 'ഈ വായനയ്ക്കിടയിലാണ് ഒരു സ്വതന്ത്ര മാസിക കണ്ടത്. അങ്ങനെയാണ് സ്വതന്ത്രമായി പുസ്തകം പുറത്തിറക്കുന്നതിന്റെ സാധ്യതകളെക്കുറിച്ച് അറിയാന്‍ കഴിഞ്ഞത്. ഇത്തരത്തിലുള്ള മാസികകള്‍ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. അതിന്റെ ഡിസൈന്‍ മുതല്‍ ഉള്ളടക്കം വരെ എല്ലാം മികച്ചതായിരുന്നു. ബെയ്‌റൂട്ടില്‍ നിന്നുള്ള ഒരു മാസിക നിങ്ങള്‍ക്ക് അറബ് ലോകം പരിചയപ്പെടുത്തി തരുന്നു. ബാര്‍സിലോണയിലെ ഒരു മാസിക അവിടത്തെ സംസ്‌ക്കാരം കാട്ടിത്തരുന്നു.' അവര്‍ പറയുന്നു.

image


ആശയത്തിന്റെ വളര്‍ച്ച

ഇതൊന്നും ഇന്ത്യയില്‍ ലഭ്യമല്ലെന്ന് മാത്രമല്ല, ഇത് ഇവിടെ എത്തിക്കാനുള്ള ചിലവ് വളരെ വലുതായിരുന്നു. അങ്ങനെയാണ് ഇങ്ങനെയൊരു ആശയം നൂപുറിന്റെ മനസ്സില്‍ ഉദിച്ചത്. നൂപൂര്‍ തന്റേതായ രീതിയില്‍ ഒരുപാട് പഠനങ്ങള്‍ നടത്തി. ഈ പഠനങ്ങള്‍ എല്ലാം വിപരീതമായ ഫലങ്ങളാണ് നല്‍കിയത്. എന്നാലും തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകാന്‍ തയ്യാറായില്ല.


പേപ്പര്‍ പ്ലെയിന്‍

പേപ്പറും വാക്കുകളും ഉപയോഗിക്കുന്ന ഒരു സ്റ്റാര്‍ട്ട് അപ്പായതിനാലാണ് പേപ്പര്‍ പ്ലെയിന്‍ എന്ന പേര് നല്‍കിയത്. 'കൂടാതെ ഞാന്‍ എപ്പോഴും വായിക്കുന്നത് പ്ലെയിനില്‍ ഇരുന്നാണല്ലോ.'

ഈ മാസികകളുടെ ഇറക്കുമതി ചിലവുകള്‍ നിയന്ത്രിക്കാനായി നൂപുര്‍ ഒരു മാര്‍ഗ്ഗം കണ്ടെത്തി. 'ഞങ്ങള്‍ ആവശ്യക്കാരെ ഇതില്‍ ചേരാനായി ക്ഷണിക്കുന്നു. ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള മാസികകള്‍ അവര്‍ക്ക് ലഭിക്കും. കൂടാതെ ഓരോ മാസവും പുതിയ ഒരു മാസിക കൂടി ലഭ്യമാകും. അവര്‍ക്ക് ലഭിക്കാന്‍ പോകുന്ന മാസിക ഏതാണെന്ന് നേരത്തെ അറിയാന്‍ സാധിക്കില്ല. അവരുടെ വീട്ടുമുറ്റത്ത് എത്തുമ്പോള്‍ മാത്രമാണ് മാസിക ഏതാണെന്ന് അറിയാന്‍ കഴിയുക. ആവശ്യക്കാര്‍ സൈന്‍ അപ്പ് ചെയ്യുമ്പോള്‍ തന്നെ അവര്‍ക്ക് ഏതുതരം മാസികകളാണ് ഇഷ്ടമെന്ന് ചോദിച്ച് മനസ്സിലാക്കാറുണ്ട്. സാഹസികപരമായ മാസികകള്‍ ആവശ്യമുള്ളവര്‍ക്ക് സര്‍പ്രൈസ് മീ എന്ന ഓപ്ഷനുണ്ട്.' നൂപുര്‍ പറയുന്നു. 'ഇന്ത്യയില്‍ ഇത്തരം മാസികകള്‍ ഇപ്പോള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. മതര്‍ലാന്‍ഡ്, ക്യൂരിയസ്, ലവ്‌ബേര്‍ഡ്‌സ് ഷോറൂം എന്നിവയാണ് അവയില്‍ ചിലത്. ഇത് ഞങ്ങളുടെ വെബ്‌സൈറ്റിലും ലഭ്യമാണ്.' അവര്‍ പറയുന്നു.

image


നൂപുര്‍ ഇന്ത്യക്കാര്‍ക്ക് വായിക്കാനായി നല്‍കുന്ന എല്ലാ മാസികകളും ഓരോ രാജ്യങ്ങളിലും വളരെ പ്രസിദ്ധമായതാണ്. എന്നാല്‍ ഇതിന് ഇന്ത്യയില്‍ അതുപോലെ സ്വീകാര്യത ലഭിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. 'സി.ഇ.ഒ മാര്‍, സംഗീതജ്ഞര്‍, മാധ്യമപ്രവര്‍ത്തകര്‍, എന്നിങ്ങനെ ഒരുപാടു പേര്‍ ഇതില്‍ ചേര്‍ന്നു കഴിഞ്ഞു. ഞങ്ങളുടെ മാസികകളുടെ ഗുണമേ• മനസ്സിലാക്കി വേള്‍പൂള്‍, ലാന്‍ഡര്‍ എന്നീ വ്യവസായ പ്രമുഖര്‍ ഞങ്ങളെ സമീപിച്ചിട്ടുണ്ട്.' അവര്‍ പറയുന്നു.

വളര്‍ച്ച

'2016ല്‍ ഞങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഞങ്ങളുമായി സമാന സ്വഭാവമുള്ളവരെ കണ്ടെത്തി ഞങ്ങളുടെ സേവനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.' ഇന്ത്യയിലെ സ്വതന്ത്ര മാസികകള്‍ ഒരു കുടക്കീഴില്‍ പേപ്പര്‍ പ്ലെയിനിലേക്ക് കൊണ്ടു വരാന്‍ അവര്‍ ആഗ്രഹിക്കുന്നു.

എളുപ്പമുള്ളതും എളുപ്പമല്ലാത്തതും

നൂപുറിന്റെ സമ്പാദ്യം മാത്രം ഉപയോഗിച്ചാണ് പേപ്പര്‍ പ്ലെയിന്‍ തുടങ്ങിയത്. ഇതുവരെ ഇതിനെ എത്തിച്ചതും അവര്‍ അവര്‍ ഒറ്റയ്ക്കാണ്. ബ്ലോഗ് എപ്പോഴും പ്രവര്‍ത്തനക്ഷമമാക്കാനായി രണ്ടു പേരെ നിയമിക്കുകയും ചെയ്തു. ബാക്കിയെല്ലാം സ്വന്തമായാണ് ചെയ്യുന്നത്. 'ഒരു വ്യവസായി ആകുക എന്നത് എളുപ്പമാണ്. എന്നാല്‍ അങ്ങനെ തന്നെ നിലനില്‍ക്കാന്‍ അത്ര എളുപ്പമല്ല. ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് മുന്നേറിയത്. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.'

image


'എന്റെ പ്ലാനുകള്‍ പല തവണ മാറ്റേണ്ടി വന്നിട്ടുണ്ട്. തുടക്കത്തില്‍ ഇത് ഒരു ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഇതൊക്കെ വ്യവസായത്തിന്റെ ഭാഗമാണെന്ന് പിന്നീട് മനസ്സിലാക്കി.'

പേപ്പര്‍ പ്ലെയിനിന്റെ മുന്നോട്ടുള്ള യാത്ര നല്ലതായിരിക്കും എന്ന ആത്മവിശ്വാസത്തിലാണ് നൂപുര്‍. നവസംരംഭകര്‍ക്കായി നൂപുറിന്റെ ഉപദേശം,'നിങ്ങളുടെ കൈയ്യിലുള്ള ജോലി നിലനിര്‍ത്താന്‍ സാധിക്കുമെങ്കില്‍ അതു ചെയ്യുക. ഉപഭോക്താക്കള്‍ക്ക് എന്താണ് വേണ്ടതെന്ന് മനസ്സിലാക്കുക. അവര്‍ക്ക് ആവശ്യമുള്ളതല്ല നിങ്ങള്‍ ചെയ്യുന്നതെങ്കില്‍ അതു നിങ്ങളുടെ ഹോബി മാത്രമാണ്. നിങ്ങളുടെ പണം അവിടെ ചിലവഴിക്കേണ്ട ആവശ്യമില്ല.'