സഹനത്തിനൊടുവില്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞ സുരേഷ് റെയ്‌ന

0

ഏത് വിജയത്തിനും കഷ്ടപ്പാടിന്റെ ഒരു കഥ പറയാനുണ്ടാകും. ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നക്ക് തന്റെ തിളക്കമാര്‍ന്ന കരിയറിലെത്തിച്ചേരാന്‍ തള്ളി നീക്കേണ്ടിവന്നത് ആത്മഹത്യക്ക് പോലും പ്രേരിപ്പിച്ച കുറേ കറുത്ത ദിനങ്ങളായിരുന്നു. ഉത്തര്‍ പ്രദേശിലെ ലക്‌നൗ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ സീനിയേഴ്‌സില്‍ നിന്നും അനുഭവിക്കേണ്ടി വന്ന യാതനകളാണ് ആതമഹത്യയെക്കുറിച്ച് പോലും റെയ്‌നയെ ചിന്തിപ്പിച്ചത്.

13-ാം വയസ്സില്‍ ഒരു ക്രിക്കറ്റ് മത്സരത്തിനായി ട്രെയിനില്‍ സഞ്ചരിക്കേണ്ടി വന്ന അവസരത്തില്‍ ഉണ്ടായ അനുഭവം തനിക്കൊരിക്കലും മറക്കാനാകില്ലെന്ന് റെയ്‌ന പറയുന്നു. രണ്ട് ബോഗികള്‍ക്കിടയിലായി നിലത്ത് പത്രം വിരിച്ച് ഉറങ്ങുകയായിരുന്ന തന്റെ നെഞ്ചില്‍ എന്തോ ഭാരം അമരുന്നത് പോലെ തോന്നി. കണ്ണുതുറന്നപ്പോള്‍ കൈകള്‍ രണ്ടും കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലായിരുന്നു. ഒരു വലിയ കുട്ടി തന്റെ നെഞ്ചിലിരുന്ന് മുഖത്തേക്ക് മൂത്രമൊഴിക്കുന്നതാണ് കണ്ടത്. കൈകള്‍ ബന്ധിച്ചിരുന്നതിനാല്‍ ആ കുട്ടിയെ തള്ളിമാറ്റാന്‍ നന്നേ പാടുപെടേണ്ടി വന്നു.

ഹോസ്റ്റലിലെ ആണ്‍കുട്ടികള്‍ വളരെ ക്രൂരമായാണ് റെയ്‌നയോട് പെരുമാറിയിരുന്നത്. അത്‌ലറ്റിക് ബ്രാഞ്ചിലെ ചിലര്‍ക്ക് റെയ്‌നയോടുണ്ടായിരുന്ന അസൂസയും ഇഷ്ടക്കേടിന് കാരണമായി. നാല് വര്‍ഷത്തെ പരീശീലനം ലഭിച്ചാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുമായിരുന്നുള്ളൂ. സ്‌പോര്‍ട് ക്വാട്ടയില്‍ ജോലി ലഭിക്കണമെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരൂ. ഇത്തരം പീഢനങ്ങള്‍ സഹിച്ച് സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുക അതികഠിനമായിരുന്നു.

പാല്‍ ബക്കറ്റില്‍ ചവര്‍ വാരിയിടുന്നത് സീനിയേഴ്‌സിന്റെ വിനോദമായിരുന്നു. തുണി ഉപയോഗിച്ച് ഇത് അരിച്ചാണ് ഞങ്ങള്‍ ഉപയോഗിച്ചിരുന്നതെന്ന് റെയ്‌ന പറയുന്നു. മഞ്ഞുകാലത്ത് വെളുപ്പിന് മൂന്ന് മണിക്ക് തണുത്ത വെള്ളം ദേഹത്തൊഴിച്ച് ഉറക്കം കെടുത്തിയും അവര്‍ രസിച്ചിരുന്നു. എഴുന്നേറ്റ് അടികൊടുക്കണം എന്ന് മനസില്‍ തോന്നിയിട്ടുണ്ട്. എന്നാല്‍ ഒരാളെ അടിച്ചാല്‍ അഞ്ച് പേര്‍ ദേഹത്ത് ചാടിവീഴുമെന്നറിയാവുന്നത് അത് ചെയ്യാന്‍ ഞങ്ങള്‍ ഭയന്നിരുന്നു. ഒടുവില്‍ സഹികെട്ട് ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിക്കാന്‍ റെയ്‌ന തീരുമാനിച്ചു.

പിന്നീട് എയര്‍ ഇന്ത്യക്ക് വേണ്ടി കളിക്കാന്‍ മുംബൈയില്‍ നിന്നും വന്ന ഒരവസരമായിരുന്നു ജീവിതം മാറ്റി മറിച്ചത്. എയര്‍ ഇന്ത്യയിലെ പ്രവീണ്‍ അമ്രെയാണ് റെയ്‌നയെ കൂടുതല്‍ പ്രോത്സാഹിപ്പിച്ചത്. 1999ല്‍ എയര്‍ ഇന്ത്യ നല്‍കിയിരുന്ന 10,000 രൂപയുടെ സ്‌കോളര്‍ഷിപ്പ് റെയ്‌നക്ക് ലഭിച്ചു. 8000 രൂപ വീട്ടിലേക്കയച്ചു. വീട്ടിലേക്ക് ഒരു എസ് ടി ഡി കോള്‍ വിളിക്കണമെങ്കില്‍ നാല് രൂപയാണ് ചെലവായിരുന്നത്. ഇത്തരം ചിലവുകളിലൂടെ പണത്തിന്റെ മൂല്യം മനസിലാക്കാന്‍ സാധിച്ചു.

ഐ പി എല്‍ ആയിരുന്നു റെയ്‌നയുടെ ജീവത്തതിലെ മറ്റൊരു പ്രധാന വഴിത്തിരിവ്. കാല്‍മുട്ടിന് വേണ്ടി വന്ന ഒരു ശസ്ത്രക്രിയ വിലപ്പെട്ട കുറച്ച് മാസങ്ങള്‍ നഷ്ടമാക്കി. തന്റെ കരിയര്‍ അവസാനിക്കുമോ എന്നുപോലും ചിന്തിച്ച നാളുകളായിരുന്നു അത്. 80 ലക്ഷത്തിന്റെ ഹോം ലോണ്‍ ബാധ്യതയും അന്നുണ്ടായിരുന്നു. എന്നാല്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളേയും അതിജീവിച്ചുകൊണ്ട് ആരാധകരുടെ കരഘോഷത്തിനിടയിലേക്ക് തന്നെ റെയ്‌ന തിരിച്ചെത്തി.

2015 ഏപ്രിലില്‍ റെയ്‌ന ഐ ടി പ്രോഫഷണലായ പ്രിയങ്ക ചൗധരിയെ വിവാഹം കഴിച്ചു. വിവാഹം ജീവിതത്തില്‍ പുതിയ ഉത്തരവാദിത്തങ്ങള്‍ കൊണ്ടുവന്നു. കളികളില്‍ മാത്രം ശ്രദ്ധിച്ചിരുന്ന റെയ്‌ന കരാറുകള്‍ ശ്രദ്ധാപൂര്‍വം വീക്ഷിച്ച് ഭാവിയെക്കുറിച്ച് കൂടുതല്‍ ബോധവാനായി മുന്നോട്ടു പോകാന്‍ ശ്രദ്ധിച്ചു. തന്റെ കുടുംബത്തിലേക്ക് കാലെടുത്തുവെക്കുന്ന ഒരു പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണിപ്പോള്‍ റെയ്‌നയും പ്രിയങ്കയും. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്ന് പറയുന്ന റെയ്‌ന ഉയരങ്ങള്‍ കീഴടക്കാന്‍ ആഗ്രഹിക്കുന്ന യുവാക്കളോട് അതിന് പിന്നില്‍ ഏത് കഷ്ടപ്പാടും സഹിക്കാനുള്ള ദൃഢനിശ്ചയമാണ് വേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നു.