മലയാളത്തിന്റെ മധുരവും കേരളത്തിന്റെ സൗന്ദര്യവുമുള്ള ഗാനവുമായി കേരള ടൂറിസം

0

സംഗീതപ്രേമികള്‍ക്കായി മലയാളത്തിന്റെ മധുരവും കേരളത്തിന്റെ സൗന്ദര്യവുമുള്ള ഗാനവുമായി ടൂറിസം വകുപ്പ്. കേരളത്തിന്റെ ദൃശ്യഭംഗിക്ക് പുത്തന്‍ ആസ്വാദകരെ കണ്ടെത്താന്‍ കേരള ടൂറിസവും കെറ്റിഡിസിയും പ്രശസ്ത ഗായകനും നടനുമായ ഷെറിന്‍ വര്‍ഗീസുമായി കൈകോര്‍ക്കുന്നു. ഷെറിന്‍ വര്‍ഗീസിന്റെ പുതിയ മ്യൂസിക് വീഡിയോ 'മധുരം മലയാളം' ലക്ഷ്യമിടുന്നത് കേരളത്തിന്റെ സൗന്ദര്യം ഒരു പ്രണയകഥയുടെ പശ്ചാത്തലത്തില്‍ വ്യത്യസ്ഥശൈലിയില്‍ ദൃശ്യവത്കരിക്കാനാണ്. കേരള ടൂറിസത്തിന്റെയും കെറ്റിഡിസിയുടെയും സഹകരണത്തോടെയാണ് ചിത്രീകരണം നടത്തിയിരിക്കുന്നത്. 'ദ്രവീഡിയന്‍ ബേസ്' എന്നു പേരിട്ടിരിക്കുന്ന ആല്‍ബത്തിലെ മധുരം മലയാളം ഗാനത്തിന്റെ വീഡിയോ പ്രകാശനം കേരള ടൂറിസത്തിനുവേണ്ടി ശശി തരൂര്‍ എം.പി. നിര്‍വഹിച്ചു.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ക്കൂടി കടന്നുപോകുന്ന വീഡിയോയില്‍ ഷെറിനും അഭിനേത്രിയും മോഡലുമായ ശ്രുതി മേനോനുമാണ് അഭിനയിച്ചിരിക്കുന്നത്. ടെലിവിഷന്‍ അവതാരകന്‍ ജി. എസ്. പ്രദീപാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ഷെറിന്റെതന്നെ മേല്‍നോട്ടത്തിലാണ് ചിത്രീകരണം നടന്നത്. 

കേരളത്തിന്റെ ഹരിതഭംഗി നിലനിര്‍ത്തുന്നതിന്റെ അവശ്യകതയാണ് വീഡിയോയില്‍ പ്രതിപാദിച്ചിരിക്കുന്ന പ്രധാന സന്ദേശം. കേരളത്തിന്റെ മാത്രം സവിശേഷ ഭൂപ്രകൃതിയും ലൊക്കേഷനുകളും ഉള്‍പ്പെടുന്ന വീഡിയോ രണ്ട് അപരിചിതരുടെ പ്രണയകഥയാണ് പറയുന്നത്. ജിപിഎസ് ആപ്ലിക്കേഷന്‍വഴി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൂക്കളരൂപത്തില്‍ അക്ഷരങ്ങളുടെ ചിത്രങ്ങളുമായി ഇവര്‍ ചെക്-ഇന്‍ ചെയ്യുന്നു. ഒടുവില്‍ ഒരേ സ്ഥലത്ത് എത്തിച്ചേരുന്ന ഇവര്‍ 'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന വാക്യമാണ് എഴുതിത്തീര്‍ക്കുന്നത്.

കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും പ്രകൃതിയും പ്രണയത്തിനു ശ്രുതി മീട്ടുന്ന ചോലകളും പുഴകളും നെല്‍വയലുകളും പൂക്കളുടെ പ്രതീകാത്മകതയുമൊക്കെ ചിത്രീകരിക്കാന്‍ ആറുമാസത്തോളം സമയം പ്രീ പ്രൊഡക്ഷനുവേണ്ടി അബുദബി വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂത്ത് പ്രസിഡന്റ് ജോര്‍ജ്ജി സാമുവലുമായി ചെലവവഴിച്ചതായി ഷെറിന്‍ വര്‍ഗീസ് പറഞ്ഞു. 

എ ബാന്‍ഡ് ഓഫ് ബോയ്‌സ് എന്ന ഇന്ത്യയിലെ ആദ്യ ബോയ്‌സ് ബാന്‍ഡിന്റെ അമരക്കാരനാണ് ഷെറിന്‍ വര്‍ഗീസ്. മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെ ഗംഭീര പ്രകടനത്തിലൂടെ മലയാളികള്‍ക്കു സുപരിചിതനാണ് ഷെറിന്‍. വെര്‍ട്ടിക്കല്‍ പ്രൊഡക്ഷന്‍സ് എന്ന സ്വന്തം പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറക്കിയ ഷെറിന്റെ 'അടിപൊളി' എന്ന ഗാനം കേരളീയരുടെ മനസ് കീഴടക്കിയിരുന്നു.