ഒറ്റ കാലില്‍ രണ്ടു തവണ ജീവിതം തിരിച്ചു പിടിച്ച ആത്രേയ്

0

ആത്രേയ് നിഹാര്‍ചന്ദ്ര..ഈ പേര് അധികം ആരും കേള്‍ക്കാന്‍ വഴിയില്ല. എന്നാല്‍ റിവേഴ്‌സ് ഡയറ്റ്( Reverse Diet) എന്ന് ഗൂഗിളില്‍ തിരഞ്ഞാല്‍ അതിന്റെ ഉപജ്ഞാതാവിന്റെ പേര് ആത്രേയ് നിഹാര്‍ചന്ദ്ര എന്ന് കാണാന്‍ സാധിക്കും. എന്താണ് റിവേഴ്‌സ് ഡയറ്റ് എന്നറിയുന്നതിനു മുന്‍പ് നമുക്ക് ആത്രേയിനെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ അറിയാം..

എല്ലാ പെണ്‍കുട്ടികളെയും പോലെ വളരെ ചുറുചുറുക്കും കാര്യ പ്രാപ്തിയുമുള്ള കുട്ടിയായിരുന്നു ആത്രേയ. പതിനേഴാം വയസില്‍ ആത്രേയ തന്റെ അച്ഛന്റെ ബിസിനസ് സ്ഥാപനമായ പ്രോണിയാക് ഫോര്‍ജ് ആന്‍ഡ് ഫ്‌ലാഞ്ചസില്‍ ജോലി ചെയ്യാന്‍ ആരംഭിച്ചു. 23 ആം വയസില്‍ ഒരു അപകടത്തില്‍ പെട്ട് ആത്രേയക്ക് അവരുടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഏകദേശം ഒരു വര്‍ഷത്തോളം നീളുന്ന ബെഡ് റെസ്റ്റും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയുണ്ടായി.

ആ അവസ്ഥയില്‍ ഒന്ന് നടക്കാനോ എഴുന്നേല്‍ക്കാനോ പോലും മറ്റൊരാളുടെ സഹായം ആത്രേയക്ക് വേണ്ടി വന്നു. എന്നാല്‍ 14 മാസത്തെ ആ വിശ്രമ ജീവിതം വെറുതെ കളയാന്‍ ആത്രേയയ്ക്ക് താത്പര്യമില്ലായിരുന്നു. വീടിന്റെ തൊട്ടടുത്ത് തന്നെയുള്ള നാച്യുറോപതി സെന്ററില്‍ ആത്രേയ് ജോയിന്‍ ചെയ്തു.

നടന്നു തുടങ്ങിയതിനു ശേഷം ബാംഗ്ലൂരിലേക്ക് പോയ ആത്രേയ് ബാംഗ്ലൂര്‍ ഐ ഐ എമ്മിലെ (IIM) എന്‍ എസ് ആര്‍(NSR) സെല്ലില്‍ ചേര്‍ന്നു. ആ കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം ജോലിക്കായി ശ്രമിച്ച ആത്രേയ്ക്ക് ബാംഗ്ലൂരിലെ ഒരു ഐ ടി കമ്പനിയിലും ജോലി ലഭിച്ചില്ല. തന്റെ അച്ഛന്റെ സുഹൃത്തുക്കളുടെ ഐ ടി കമ്പനിയില്‍ പോലും തനിക്ക് ജോലി കിട്ടിയില്ല എന്ന് ആത്രേയ് പറയുന്നു.

എന്നാല്‍ അതില്‍ നിരാശയാകാതെ ബാംഗ്ലൂര്‍ ഐ ഐ എമ്മില്‍ തന്നെ തിരികെ പോയ ആത്രേയ് അവിടെ റിസേര്‍ച്ചറായി കയറി പി എച്ച് ഡിക്കായി പരിശ്രമിച്ചു തുടങ്ങി. അവിടെ വച്ച് തന്നെയാണ് ആത്രേയ് തന്റെ ഭാവി വരനെ കണ്ടു മുട്ടുന്നതും വിവാഹിതയാകുന്നതും. ഒടുവില്‍ ബാംഗ്ലൂരില്‍ സെറ്റില്‍ ചെയ്ത ആത്രേയ് ഇന്ത്യന്‍ ഭക്ഷണത്തിന്റെ ആരോഗ്യ വശങ്ങളെക്കുറിച്ച് വിപുലമായ ഒരു ഫുഡ് ബ്ലോഗ് തുടങ്ങി. അതായിരുന്നു 'റിവൈസ് ഡയറ്റി'ന്റെ ആരംഭം.

ആ ബ്ലോഗ് ഒരു വലിയ വിജയമായി മാറിയതിനു പിന്നാലെ വിധി വീണ്ടും വില്ലനായി ആത്രേയുടെ മുന്നില്‍ അവതരിച്ചു. വീണ്ടും ഒരു അപകടത്തില്‍ പെട്ട് നേരത്തെ പരിക്കേറ്റിരുന്ന അതേ കാലിന് വീണ്ടും ക്ഷതമേല്‍ക്കുകയും ആ കാലിന്റെ ചലനം നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ആത്രേയ് ഇതൊന്നും വക വച്ചില്ല. ഐ ഐ എമ്മില്‍ നിന്ന് ഒരു ഇടവേളയെടുത്ത് തന്റെ വീട്ടിലെത്തിയ ആത്രേയ് തന്നെ പണ്ട് ചിത്സിച്ച ഡോക്ടര്‍മാരുടെ അടുക്കല്‍ എത്തി. അതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ബാംഗ്ലൂരിലെ വന്‍ ചികിത്സാ ചെലവ് താങ്ങാന്‍ കഴിയാത്തത് കൊണ്ടായിരുന്നു.

ശസ്ത്രക്രിയ ഉപേക്ഷിച്ച്, ഡോക്ടര്‍മാര്‍ അവരോട് ശരീരഭാരം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. ശരീരഭാരം കുറച്ചാല്‍ നടക്കുമ്പോള്‍ കാലിന് നല്‍കുന്ന സമ്മര്‍ദ്ദം കുറയ്ക്കാനായാല്‍ പെട്ടന്ന് അസുഖം സുഖപ്പെട്ടേക്കാം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാല് അനക്കാന്‍ പറ്റാതെ ശരീരഭാരം കുറയ്ക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് അവര്‍ യോഗ പരിശീലിക്കുകയും ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തുകയും ചെയ്തു. ഇതിനാല്‍ ആത്രേയ്ക്ക് പെട്ടന്ന് അസുഖം മാറുകയും അവര്‍ തിരികെ ബാംഗ്ലൂരിലേക്ക് മടങ്ങുകയും ചെയ്തു.

ജീവിതത്തിലെ ബുദ്ധിമുട്ടേറിയ ഈ ഘട്ടത്തില്‍ കുടുംബം ആത്രേയുടെ സഹായത്തിനു എത്തി. ന്യൂട്രീഷന്‍ സ്‌പെഷ്യലിസ്റ്റ് ആയ ആത്രേയോട് അവരുടെ സുഹൃത്തുക്കള്‍ അവരുടെതായ രീതിയില്‍ ഒരു ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചു. 'ശരീരഭാരം കുറയ്ക്കാനായി ശ്രമിക്കരുത്, മറിച്ച് നിങ്ങളുടെ ആരോഗ്യത്തിനായി വര്‍ക്ക് ഔട്ട് ചെയ്യു. ശരീരഭാരം കുറയ്ക്കുക എന്നത് ശരിക്കും ശരീരത്തിന് നഷ്ടമാണ്. ആളുകളെ എനിക്ക് ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കണം. ആരോഗ്യത്തോടെ ഇരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. കഴിക്കുന്ന ഭക്ഷണത്തെ മനസ്സിലാക്കുക, ക്ഷമയുള്ള ജീവിതം, സമാധാനപരമായ മനസ്സ് എന്നീ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.' ആത്രേയ് പറയുന്നു.

തന്റെ സുഹൃത്തുക്കളോടോപ്പമാണ് ആത്രേയ് 'റിവേഴ്‌സ് ഡയറ്റ്' ആരംഭിച്ചത്. ഷവര്‍മ ഉള്‍പ്പടെയുള്ള തന്റെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡുകള്‍ ഒഴിവാക്കാതെ തന്നെ തന്റെ ആദ്യ ഉപഭോക്താവിന്റെ 12 കിലോഗ്രാം ഭാരം 2 മാസം കൊണ്ട് കുറപ്പിക്കാന്‍ ആത്രേയ്ക്ക് കഴിഞ്ഞു. അധികം വൈകാതെ മൗത്ത് പബ്ലിസിറ്റിയിലൂടെ ശ്രദ്ധ പിടിച്ച 'റിവേഴ്‌സ് ഡയറ്റ്' ഒരു വര്‍ഷം കൊണ്ട് ഏകദേശം 100 ഉപഭോക്താക്കളെ അവരുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചു. അതില്‍ ഭൂരിഭാഗവും സ്ത്രീകള്‍ ആയിരുന്നു.

എന്നാല്‍ ഇപ്പോള്‍ രാജ്യത്തുടനീളം പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലും വരെ റിവേഴ്‌സ് ഡയറ്റ് എത്തിക്കഴിഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് 200 പേരെ അവരവരുടെ ഇഷ്ട ഭക്ഷണങ്ങള്‍ ഉപേക്ഷിക്കാതെ തന്നെ റിവേഴ്‌സ് ഡയറ്റിലൂടെ ഭാരം കുറപ്പിക്കാന്‍ ആത്രേയ്ക്ക് കഴിഞ്ഞു. മറ്റു വലിയ പ്രോസസുകളില്‍ പതിനായിരക്കണക്കിനു രൂപ മാസം മുടക്കുന്ന പലര്‍ക്കും ഇവിടെ റിവേഴ്‌സ് ഡയറ്റില്‍ മുടക്കേണ്ടത് പ്രതിമാസം 1200 രൂപ മാത്രം.

ഒരു വര്‍ഷം 200 പേര്‍ എന്ന ലക്ഷ്യം വച്ച് മുന്നേറുന്ന ആത്രേയ് ന്യൂട്രി ടൗണിലെ ന്യൂട്രീഷനിസ്റ്റ് ആയി ജോലി നോക്കുന്നു. ഫുഡ് ആന്‍ഡ് ന്യൂട്രീഷനില്‍ ബിരുദാനന്ത ബിരുദം സ്വന്തമാക്കിയ ആത്രേയ് റിവേഴ്‌സ് ഡയറ്റ് എന്ന തന്റെ പദ്ധതിക്ക് കൂടുതല്‍ പ്രചാരണം നല്‍കാന്‍ ശ്രമിക്കുകയാണ്. ഏകദേശം 80,000 പേരെ വരും കാലങ്ങളില്‍ ഈ റിവേഴ്‌സ് ഡയറ്റിലേക്ക് കൊണ്ട് വരണം എന്നാണ് ആത്രേയുടെ ആഗ്രഹം.

രണ്ടു കാലില്‍ നിന്ന്, എഴുന്നേറ്റ് നടക്കാനുള്ള ശേഷി രണ്ടു തവണ നഷ്ടപ്പെട്ട ഒരു പെണ്‍കുട്ടി തന്റെ ജീവിതം തിരിച്ചു പിടിച്ചതിനൊപ്പം പലരുടെ ജീവിതത്തിലും ഒരു സ്വാധീനമായി മാറാന്‍ സാധിച്ചത് ശരിക്കും പ്രചോദനപരമായ കാര്യമാണ്.