മെഡക്‌സ്: ലൈറ്റിംഗ് റിഹേഴ്‌സല്‍ നടന്നു

മെഡക്‌സ്: ലൈറ്റിംഗ് റിഹേഴ്‌സല്‍ നടന്നു

Saturday December 31, 2016,

1 min Read

തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിന്റെ 65-ാം വാര്‍ഷികത്തോടനുബന്ധിച്ച് ജനുവരി 3 മുതല്‍ 31 വരെ മെഡിക്കല്‍ കോളേജില്‍ നടക്കുന്ന രാജ്യത്തെ ആദ്യത്തെ ആരോഗ്യ വിദ്യാഭ്യാസ കലാവിന്യാസം 'മെഡക്‌സ് 2017'ന്റെ ലൈറ്റിംഗ് റിഹേഴ്‌സല്‍ നടന്നു. മെഡിക്കല്‍ കോളജിലെ വിവിധ മന്ദിരങ്ങളെ കൂട്ടിയിണക്കി രണ്ടുലക്ഷം ചതുരശ്ര അടി സ്ഥലത്ത് 55 പോയിന്റുകളിലായി സജ്ജീകരിട്ടുള്ള ഈ കലാവിന്യാസം ദീപപ്രഭയില്‍ ജ്വലിച്ചു നിന്നു.

image


ലൈറ്റിന്റെ വിന്യാസത്തിനനുസരിച്ച് ഓരോ സ്റ്റാളും മികവുറ്റതാക്കാനുള്ള അവസാനവട്ട മിനുക്കു പണികളാണ് നടക്കുന്നത്. ജനറല്‍ ലൈറ്റ്, ഫോക്കസ് ലൈറ്റ്, പ്രൊജക്ടര്‍ ലൈറ്റ്, പാര്‍ ലൈറ്റ്, ലേയ്‌സര്‍ ലൈറ്റ്, ആര്‍ക്ക് ലൈറ്റ്, ഷാഡോ ലൈറ്റ്, ത്രീഡി ഇംപാക്ട് എന്നീ അത്യന്താധുനിക ലൈറ്റിംഗ് സാങ്കേതിക വിദ്യയാണ് മെഡക്‌സില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓരോ ആര്‍ട്ട് ഇന്‍സ്റ്റലേഷനിലും പ്രത്യേക ലൈറ്റിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടൊപ്പം ശബ്ദത്തിനും പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇതെല്ലാം സന്ദര്‍ശകരെ മറ്റൊരു ലോകത്തെത്തിക്കും.

മനുഷ്യന്റെ ഉത്പ്പത്തി മുതല്‍ ജനനം, വളര്‍ച്ച, അസുഖങ്ങള്‍, മരണം തുടങ്ങി ആധുനിക വൈദ്യശാസ്ത്രത്തിന്റെ അനന്തസാധ്യതകള്‍ ഇവിടെ ദൃശ്യമാകും. മനുഷ്യ ശരീരത്തിലെ യഥാര്‍ത്ഥ അവയങ്ങള്‍, ആന്തരിക അവയവങ്ങളുടെ വലിയ മാതൃകകള്‍, ത്രീഡി ആനിമേഷന്‍, പ്രഥമ ശുശ്രൂക്ഷ പ്രവര്‍ത്തനങ്ങള്‍, ലാബ് പ്രവര്‍ത്തനങ്ങള്‍ മുതല്‍ സര്‍ജറികള്‍ വരെയും ഈ എക്‌സിബിഷനില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സൗമ്യ വധക്കേസിലെ ഫൊറന്‍സിക് പരിശോധനാരീതികളും നിഗമനങ്ങളും ആളുകള്‍ക്ക് കൂടുതല്‍ വ്യക്തമാകാനായി തീവണ്ടി ബോഗിയും റെയില്‍പ്പാളവും ഡമ്മി മൃതശരീരവും ഉള്‍പ്പെടെയുള്ളവ ഫോറന്‍സിക് വിഭാഗം സജ്ജീകരിച്ചിരിക്കുന്നു. നേത്രഗോളം, ആമാശയം, തലച്ചോറ് തുടങ്ങി പല ശരീരഭാഗങ്ങളും ഉള്ളിലൂടെ കയറിയിറങ്ങി കണ്ടുമനസ്സിലാക്കാന്‍ കഴിയും.ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ കഴിഞ്ഞ ദിവസം മെഡക്‌സ് സന്ദര്‍ശിച്ച് അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി. ജനുവരി മൂന്നിന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.