നിലം തൊടാതെ 10 മാസം പറന്ന് റിക്കോര്‍ഡ് ബുക്കിലേക്ക്  

0

നിലം തൊടാതെ പറന്നപ്പോള്‍ ഇവന്‍ വിചാരിച്ചു കാണില്ല, തന്റെ പറക്കല്‍ റിക്കോര്‍ഡ് ബുക്കിലേക്കാണെന്ന്. പറഞ്ഞു വരുന്നത് കോമന്‍ സ്വിഫ്റ്റ് എന്ന പക്ഷിയെക്കുറിച്ചാണ്. മണിക്കൂറുകളും ദിവസങ്ങളുമല്ല 10 മാസം നിലം തൊടാതെ പറന്നാണ് ഈ ദേശാടനപക്ഷി ലോക റിക്കോര്‍ഡ് ബുക്കിലേക്ക് പറന്നു കയറിയത്.കോമണ്‍ സ്വിഫ്റ്റ് അഥവാ അപൂസ് ആപുസ് എന്ന പക്ഷിയാണ് പറക്കുന്നതില്‍ ലോകറെക്കോഡ്സ്ഥാപിച്ചത്. 

നിലം തൊടാതെ 10 മാസത്തോളം ഈ പക്ഷിക്ക്തുടര്‍ച്ചയായി പറക്കാനാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. പ്രമുഖ സ്വീഡിഷ് പക്ഷി നിരീക്ഷകനായ ആന്‍ഡേഴ്‌സ് ഹെഡന്‍സ്റ്റോമാണ് ഇത്രയും നീണ്ടകാലം തുടര്‍ച്ചയായി പറക്കുന്ന പക്ഷിയെ കണ്ടെത്തിയത്. ടോര്‍പിഡോകളുടേതുപോലുള്ള ശരീരവും ബ്ലേഡുകള്‍ പോലിരിക്കുന്ന ചിറകുകകളുമുള്ള ഇവയ്ക്ക് വെട്ടിത്തിരിയാനും കുതിച്ചുയരാനും വളരെ പെട്ടന്ന് സാധിക്കും. കഴിഞ്ഞ രണ്ട് വര്‍ഷം നിരീക്ഷച്ചതില്‍ നിന്നാണ് ഹെഡന്‍സ്റ്റോമും സംഘവും കോമണ്‍ സ്വിഫ്റ്റിനേപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിച്ചത്. ഇതിനായി 13 പക്ഷികളെ പിടികൂടി അവയുടെ ശരീരത്തില്‍ സെന്‍സര്‍ ഘടിപ്പിച്ചു. ഇതിന്റെ നീക്കം നിരീക്ഷിച്ചതില്‍ നിന്ന് വര്‍ഷത്തില്‍ രണ്ട് തവണ ഓരോ പത്ത് മാസം കൂടുമ്പോഴും വടക്കന്‍ യൂറോപ്പില്‍ നിന്ന സെന്‍ട്രല്‍ ആഫ്രിക്കയിലേക്കും തിരിച്ചും ഇവ സഞ്ചാരം നടത്തുന്നു എന്ന് കണ്ടെത്തി. 

മാത്രമല്ല ഇവ വിശ്രമിക്കാനായി എടുക്കുന്ന സമയവും വളരെ കുറവാണ്. ഇവര്‍ നിരീക്ഷിച്ച പക്ഷികളില്‍ മൂന്നെണ്ണം സഞ്ചാരം അവസാനിക്കുന്നതുവരെ എവിടെയും വിശ്രമിക്കാനായി ഇരുന്നില്ലെന്നത് ഗവേഷകരെ ആശ്ചര്യപ്പെടുത്തി. 10,000 മൈലുകളാണ് ഇവ നിര്‍ത്താതെ പറന്ന് താണ്ടിയത്. ഇതേവരെ മറ്റൊരു പക്ഷിയും ഇവയേപ്പോലെ ദീര്‍ഘദൂരം ആകാശത്ത് ചിലവഴിച്ചിട്ടില്ല. ഇവയുടെ സവിശേഷതകള്‍ ഗവേഷകരെ ആശ്ചര്യപ്പെടുത്തിയിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത്, വെള്ളം കുടിക്കുന്നത് എന്തിനേറെ ഉറങ്ങുന്നതുപോലും പറന്നുകൊണ്ടാണ് ഈ പക്ഷികള്‍ നിര്‍വഹിച്ചത്. വളരെ ഉയര്‍ന്നു, താഴ്ന്നും പറക്കാന്‍ ഇവയ്ക്ക് സാധിക്കുന്നു. 

എന്നാല്‍ ഇന്നേവരെ ആരും ഇവയെ നിരീക്ഷിക്കുകയോ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. വളരെ പുരാതനമായ പാരമ്പര്യമാണ് ഇവയ്ക്കുള്ളത്. 65 ലക്ഷം വര്‍ഷം മുമ്പുള്ള ക്രറ്റേഷ്യസ് കാലഘട്ടം മുതല്‍ ഭൂമുഖത്തുള്ള പക്ഷികളാണ് കോമണ്‍ സ്വിഫിറ്റ്. പറന്ന് നടക്കുന്നതിന് വേണ്ടി മാത്രം ജനിച്ചവയെന്ന് തോന്നുന്ന തരത്തിലാണ് ഇവയെ പ്രകൃതി രൂപപ്പെടുത്തിയത്. വളരെ ചെറിയ കാലുകളാണിവയ്ക്കുള്ളതെന്നതിനാല്‍ ഇവയ്ക്ക് കാലുകള്‍ ഇല്ലെയെന്നായിരുന്നു പണ്ട്കാലത്ത് കരുതിയിരുന്നത്. ഏതായാലും പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കറണ്ട് ബയോളജി എന്ന ശാസ്ത്ര മാസികയില്‍ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്