രാംതെരംഗില്‍ ഇനി കാട്ടാനകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാം

0

ചെണ്ടകൊട്ടിയും തീയിട്ടും പേടിപ്പിക്കാന്‍ ആരും വരില്ലെന്ന സമാധാനത്തില്‍ കാട്ടാനകള്‍ക്ക് ഇനി രാംതെരംഗിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. കലാപഹാര്‍-ഡയഗ്രംഗ് മേഖലകളിലേക്ക് കാട്ടാനകള്‍ സഞ്ചരിച്ചിരുന്ന കാനന പാതയിലാണ് അസമിലെ രാംതെരംഗ് ഗ്രാമം സ്ഥിതിചെയ്തിരുന്നത്. ഗ്രാമം അപ്പാടെ പറിച്ച് നട്ടാണ് കാട്ടാനകള്‍ക്ക് സുഗമമായി യാത്ര ഒരുക്കുന്നത്. വെല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ് പുതിയൊരു രാംതെരംഗ് ഗ്രാമം നിര്‍മിച്ച് ഗ്രാമവാസികളെ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ആനകളെയും മനുഷ്യരെയും ഒരുപോലെ പരിഗണിച്ചാണ് പുതിയ ഗ്രാമം എന്ന ആശയത്തിന് രൂപം നല്‍കിയതെന്ന് ട്രസ്റ്റ് അസിസ്റ്റന്റ് മാനെജര്‍ സുബ്ബമണി ഭട്ടാചാരി പറഞ്ഞു. പുതിയ ഗ്രാമത്തിലേക്ക് പോകാന്‍ ഗ്രാമവാസികള്‍ സ്വമേധയാ സമ്മതം അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

19 കുടുംബങ്ങളാണ് കാട്ടിനുള്ളിലെ രാംതെരംഗ് ഗ്രാമത്തില്‍ താമസിച്ചിരുന്നത്. കലാപഹാര്‍-ഡയഗ്രംഗ് വന്യജീവി സങ്കേതത്തിലെ ആനകളുടെ വിഹാരകേന്ദ്രമാണിത്. അഞ്ചു വര്‍ഷമെടുത്താണ് ഗ്രാമം പുതിയ സ്ഥലത്തേയ്ക്ക് മാറ്റുവാന്‍ സാധിച്ചത്. ടൊക്‌ലാംഗ്‌സോ ഗ്രാമത്തില്‍ നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് പുതിയ രാംതെരംഗ് ഗ്രാമം ഒരുക്കിയിരിക്കുന്നത്. ഏഷ്യന്‍ ആനകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിച്ച മാര്‍ക്ക് ഷണ്ടിന്റെ ഓര്‍മകള്‍ക്കു മുന്നിലാണ് പുതിയ ഗ്രാമം സമര്‍പ്പിക്കുന്നതെന്ന് സുബ്ബമണി ഭട്ടാചാര്യ പറഞ്ഞു. ഭൂരിഭാഗം ഗ്രാമനിവാസികളും പുതിയ സ്ഥലത്തേയക്ക് താമസത്തിനെത്തുന്നുണ്ട്. വരുന്ന ക്രിസ്മസ് നാളില്‍ ഗ്രാമത്തെ മാറ്റിപ്പാര്‍പ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വളരെ വിപുലമായ ചടങ്ങുകളോടെയാണ് പുതിഗ്രാമത്തിലെ താമസം ഉദ്ഘാടനം ചെയ്യുന്നത്. പരമ്പരാഗത സ്വാഗത ചടങ്ങുകള്‍ക്കൊപ്പം മാര്‍ക്ക് ഷണ്ടിന്റെ പ്രതിമ അനാശ്ചാദനവും നടക്കും. വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തകരുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ് പുതിയ ഗ്രാമം യാഥാര്‍ഥ്യമായത്.