നിയമനത്തിന് പുത്തന്‍ നടപടിക്രമം; ജല അതോറിറ്റി മാതൃകയാകുന്നു

നിയമനത്തിന് പുത്തന്‍ നടപടിക്രമം; ജല അതോറിറ്റി മാതൃകയാകുന്നു

Sunday July 30, 2017,

1 min Read

കേരള ജല അതോറിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 72 അസിസ്റ്റന്റ് എന്‍ജിനീയര്‍മാരില്‍ നിന്നും നിലവിലുള്ള ഒഴിവുകളിലേക്ക് അവരവരുടെ ഓപ്ഷന്‍ സ്വീകരിച്ച് നിയമനം നടത്തി മാതൃകയായി.

image


53 പേര്‍ക്ക് അവര്‍ നല്‍കിയ മുന്‍ഗണനാ ക്രമ പ്രകാരമുള്ള ആദ്യത്തെ സ്ഥാനങ്ങള്‍ തന്നെ നല്‍കി. ഒന്‍പതു പേര്‍ക്ക് രണ്ടാമത്തേതും ഏഴ് പേര്‍ക്ക് മൂന്നാമത്തേയും മൂന്ന് പേര്‍ക്ക് നാലാമത്തേയും സ്ഥാനങ്ങളും നല്‍കി.

ജല വിഭവ വകുപ്പുമന്ത്രി മാത്യു ടി. തോമസിന്റെ നിര്‍ദ്ദേശം സ്വീകരിച്ചാണ് പുതിയ എന്‍ജിനീയര്‍മാരെ വച്ച് ഒഴിവുകള്‍ നികത്താന്‍ ഈ നടപടിക്രമം സ്വീകരിച്ചത്. ഇതോടെ അതോറിറ്റിയിലെ പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ നിയമിക്കപ്പെട്ടതിനാല്‍ മെച്ചപ്പെട്ട സേവനം ജനങ്ങളിലേക്കെത്തിക്കാനാകും. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ശുപാര്‍ശ ചെയ്ത 88 പേരില്‍ നിന്നും 72 അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റി 2017 ജൂലൈ ആറ് മുതല്‍ 26 വരെ ശുദ്ധജല വിതരണം, മലിനജല നിര്‍മ്മാര്‍ജനം, കേരള വാട്ടര്‍ അതോറിറ്റി ചട്ടങ്ങള്‍, ജല ശുദ്ധീകരണശാലകളുടെ പരിപാലനം, പദ്ധതികള്‍ക്കുള്ള എസ്റ്റിമേറ്റ് തയ്യാറാക്കല്‍, ജല ശുദ്ധി മാനദണ്ഡങ്ങള്‍, ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങള്‍, വിജിലന്‍സ് നടപടിക്രമങ്ങള്‍, വിവരാവകാശ ചട്ടങ്ങള്‍ തുടങ്ങിയവ പരിചയപ്പെടുത്തുന്ന പരിശീലന പരിപാടികള്‍ നടത്തി. പരിശീലനത്തിന്റെ സമാപനത്തില്‍ത്തന്നെ ഓപ്ഷന്‍ പ്രകാരം തസ്തിക തീരുമാനിച്ചു നല്‍കുകയായിരുന്നു.

ജൂലൈ എട്ടിന് അരുവിക്കരയിലെ ജലശുദ്ധീകരണശാലയിലും മുട്ടത്തറയിലുള്ള സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിലും ഒന്‍പതിന് പേപ്പാറ അണക്കെട്ടിലും സന്ദര്‍ശനം നടത്തി. അതോറിറ്റിയുടെ ദക്ഷിണ, മദ്ധ്യ, ഉത്തര മേഖലകള്‍ പരിചയപ്പെടുന്നതിനുള്ള ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ജൂലൈ 17 മുതല്‍ 21 വരെ നടന്നു. ജൂലൈ 25 ന് ആസ്ഥാനമായ ജലഭവനില്‍ എത്തിച്ച് വിവിധ സെക്ഷനുകളിലെ പ്രവര്‍ത്തനങ്ങളും പരിചയപ്പെടുത്തി. പുതിയ അസിസ്റ്റന്റ് എന്‍ജിനീയര്‍മാര്‍ക്ക് മൂല്യ നിര്‍ണയ ടെസ്റ്റും നടത്തി.