ഇന്ത്യയില്‍ ഏറ്റവും വലിയ കുക്കിങ്ങ് സ്റ്റൗ നിര്‍മ്മാതാക്കളായി മാറി ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്ര

0


2011-12 കാലഘട്ടത്തില്‍ ഗ്രീന്‍വേ ഗ്രാമീണ്‍ ഇന്‍ഫ്ര സ്മാര്‍ട്ട് സ്റ്റൗവിന്റെ നിര്‍മാതാക്കളായ നേഹ ജുനേജയ്ക്കും അങ്കിത് മാത്തൂറിനും അവരുടെ ഉത്പ്പന്നം വില്‍ക്കാനായി നന്നേ പ്രയാസപ്പെട്ടു. 'ഞങ്ങള്‍ എം.ബി.എ പാസ്സാകാത്തതുകൊണ്ടാണോ അടുപ്പ് വില്‍ക്കാന്‍ ഇറങ്ങിയതെന്ന് ചിലര്‍ കളിയാക്കി ചോദിച്ചു. പരമ്പരാഗതമായ മണ്ണു കൊണ്ടുള്ള അടുപ്പുകള്‍ സൗജന്യമായി ലഭിക്കുമ്പോള്‍ 1000ത്തിലധികം രൂപ നല്‍കി ഒരു സ്റ്റൗ വാങ്ങാന്‍ ഉപഭോക്താക്കള്‍ തയ്യാറാകുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു,' നേഹ ഓര്‍ക്കുന്നു.

എന്നാല്‍ അവര്‍ ഈ മേഖലയില്‍ പിടിച്ചു നിന്നു. 'കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ ഒരു ഫാക്ടറി ഗുജറാത്തിലെ വഡോദരയില്‍ ആരംഭിച്ചിരുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഈ മേഖലയിലെ ഏറ്റവും ചെറിയ ഫാക്ടറിയാണ് എന്നാല്‍ രാജ്യത്തെ തന്നെ ഏറ്റവും വലിയ സ്റ്റൗ നിര്‍മ്മാതാക്കളാണ് ഞങ്ങള്‍,' നേഹ പറയുന്നു.

ആദ്യത്തെ ആറു മാസം മാസംതോറും 5000 യൂണിറ്റുകള്‍ വില്‍ക്കാനാണ് അവര്‍ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് 5 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയില്‍ മാത്രമായി 3 ലക്ഷത്തില്‍പരം വില്‍പ്പനകള്‍ നടത്തിക്കഴിഞ്ഞു. വെറും മൂന്നുപേരില്‍ നിന്ന് ഇവരുടെ ജീവനക്കാരുടെ എണ്ണം 130 ആയി ഉയര്‍ന്നു. നേപ്പാള്‍, ബംഗ്ലാദേശ് , മെക്‌സിക്കോ പോലുള്ള അന്താരാഷ്ട്ര വിപണികളിലും ഇവര്‍ സാന്നിദ്ധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ 850 മില്ല്യന്‍ ആള്‍ക്കാരും ഘനജൈവപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ചാണ് പാചകം ചെയ്യുന്നത്. ഇന്ത്യന്‍ നാഷണല്‍ ഇനിഷിയേറ്റീവ് ഫോര്‍ അഡ്വാന്‍സ്ഡ് ബയോമാസ് കുക്ക് സ്റ്റൗസിന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോളതാപനത്തിന് 4% സംഭാവന ചെയ്യുന്നത് ഈ പ്രവര്‍ത്തിയാണ്. വീട്ടില്‍ നിന്നുള്ള മലിനീകരണം വഴിയാണ് ഇന്ത്യയില്‍ രണ്ടാമതായി ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ മരിക്കുന്നത്. 2010ല്‍ ഇതുവഴി 1.04 മില്ല്യന്‍ ആള്‍ക്കാരാണ് മരിച്ചത്.

'ഇതിന് ഒരു പരിഹാരം കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ ഇതിനായി ഒരു ഉത്പ്പന്നം വികസിപ്പിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു'

ഇതെല്ലാം മുന്‍നിര്‍ത്തി എന്താണ് ആള്‍ക്കാരുടെ യഥാര്‍ത്ഥ ആവശ്യമെന്ന് മനസ്സിനാക്കാന്‍ 9 മാസം മരെ അനര്‍ യാത്ര ചെയ്തു. അങ്ങനെ ഗ്രീന്‍വേ സ്മാര്‍ട്ട് സ്റ്റൗവില്‍ എത്തി. ഒരു സിംഗിള്‍ ബര്‍ണര്‍ മാത്രമുള്ള സ്റ്റൗവാണിത്. ഇരുവഴി 70 ശതമാനം ഇന്ധനവില ലാഭിക്കാം. ഹാനികരമായ പുക പുറത്ത് പോകുന്നതും തടയുന്നു. കൂടാതെ പാചക സമയം വര്‍ഷത്തില്‍ ശരാശറി 304 മണിക്കൂറാക്കി മുറക്കുന്നു. ഈ സ്റ്റൗ എവിടെ വേണമെങ്കിലും കൊണ്ടുനടക്കാവുന്നതാണ്. നിലവില്‍ കമ്പനി രണ്ടുതരത്തിലുള്ള സ്റ്റൗ ആണ് പുറത്തിറക്കുന്നത്. ഒന്നിന് 1399 രൂപയും മറ്റേതിന് 2499 രൂപയുമാണ് വില.

വിശ്വാസയോഗ്യര്‍ വഴിയുള്ള വിപണനം

റീട്ടെയില്‍ ശൃംഖലയിലേക്ക് ചുവടുവെക്കുക, മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഇവരുടെ പ്രധാന നയം. നേരിട്ടുള്ള വില്‍പ്പനക്കായി 2500 കേന്ദ്രങ്ങള്‍ റീട്ടെയില്‍ ശൃംഖല മാതൃകയില്‍ ഇവര്‍ തുടങ്ങിയിട്ടുണ്ട്. ഈ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി തവണകളായി ഉപഭോക്താക്കള്‍ക്ക് ഇത് വാങ്ങാവുന്നതാണ്.

'കേരളത്തില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി എഴുപതിനായിരത്തിലധികം സ്റ്റൗ വിറ്റുകഴിഞ്ഞു. ഇവിടെ ഓരോ ഉപഭോക്താക്കളും ആഴ്ചതോറും കുറഞ്ഞത് 65 രൂപ വെച്ച് തിരിച്ചടക്കുന്നു.' നേഹ പറയുന്നു. നിലവില്‍ കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. ആന്ധ്രാ പ്രദേശ്, തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനു വേണ്ടിയുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

ആവശ്യക്കാരുടെ കൂടെ

കരബന്ധിത രാജ്യമായ നേപ്പാളിലേക്ക് പെട്രോളിയം ഉത്പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്. ഓരോ ദിവസവും ഇന്ധനങ്ങള്‍ നിറച്ച ഏകദേശം 300 ട്രക്കുകളാണ് നേപ്പാളില്‍ എത്തുന്നത്. എന്നാല്‍ 2015ല്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നടന്ന ചില പ്രശ്‌നങ്ങള്‍ നേപ്പാളില്‍ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. 1,435 രൂപ വില വരുന്ന ഒരു എല്‍.പി.ജി സിലിണ്ടറിന്റെ വില കരിഞ്ചന്തയില്‍ 10,000 രൂപയ്ക്ക് വില്‍ക്കാന്‍ തുടങ്ങി. 'എല്ലാത്തരം ആള്‍ക്കാരും ഈ പ്രതിസന്ധി നേരിടുന്ന സമയത്താണ് ഞങ്ങള്‍ ഊ മേഖലയിലേക്ക് കടന്നു ചെന്നത്. 6 മാസത്തെ പ്രവര്‍ത്തനം കൊണ്ട് ഏകദേശം 30,000 സ്റ്റൗകളാണ് ഞങ്ങള്‍ വിറ്റഴിച്ചത്!'

'കാഴ്ച്ചയ്ക്ക് ഭംഗിയുള്ള ഉത്പ്പന്നങ്ങളല്ല ആള്‍ക്കാര്‍ക്ക് ഇഷ്ടം. ഗുണമേന്മയുള്ള എക്കാലവും നിലനില്‍ക്കുന്ന ഉത്പ്പന്നങ്ങളാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ക്കു മുന്നിലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എല്ലാവരിലും എത്തുന്ന വിധത്തില്‍ ചെയ്യുക. എല്ലാവര്‍ക്കും അതിന് അവകാശമുണ്ട് എന്ന് മനസ്സിലാക്കുക,' തന്റെ വ്യവസായ യാത്രയിലെ അനുഭവം നേഹ പങ്കുവയ്ക്കുന്നു.