കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പത്രങ്ങളുമായി റഷീദ്

കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ പത്രങ്ങളുമായി റഷീദ്

Wednesday December 02, 2015,

2 min Read

നാല്‍പത് വര്‍ഷം കൊണ്ടുള്ള തന്റെ അപൂര്‍വ്വ പത്ര ശേഖരങ്ങളുമായി നെടുമങ്ങാട് സ്വദേശി റഷീദ്. മലയാളത്തിന് പുറമേ ഇംഗ്ലീഷ്, ഹിന്ദി, അറബിക്, തമിഴ് ഭാഷകളിലുള്ള പത്രങ്ങളെല്ലാം ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്ത മുതലുള്ള പത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. രാഷ്ട്രീയ, സാമൂഹ്യ, സിനിമാ മേഖലയിലെ പ്രശസ്തരുടെ വിയോഗ വാര്‍ത്തകള്‍, രാഷ്ട്രീയ പടിയിറക്കങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ദേശീയ ദുരന്തങ്ങള്‍, വാര്‍ത്താചിത്രങ്ങള്‍ എന്നിങ്ങനെ പ്രധാന സംഭവങ്ങളുടെയെല്ലാം ശേഖരങ്ങളാണ് കയ്യിലുള്ളത്.

image


ഇ കെ നായനാര്‍, നവാബ് രാജേന്ദ്രന്‍, ഇന്ദിരാഗാന്ധി, മദര്‍ തെരേസ, പ്രേനസീര്‍, എം ജി ആര്‍, ഇ എം എസ്, സി അച്യുതമേനോന്‍, സി എച്ച് മുഹമ്മദ്‌കോയ, ചിത്തിര തിരുനാള്‍ എന്നിവരുടെയെല്ലാം വിയോഗ വാര്‍ത്തകളുടെ പത്രങ്ങശ് പ്രദര്‍ശനത്തിലുള്‍പ്പെടുന്നു. നെഹ്‌റു, മഹാത്മാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ വിയോഗ വാര്‍ത്തകളടങ്ങിയ പത്രങ്ങള്‍ ഇപ്പോഴും ഇടക്കിടെ താന്‍ വായിച്ച് നോക്കാറുള്ളവയാണെന്ന് റഷീദ് പറയുന്നു.

image


റസൂല്‍ പൂക്കുട്ടി ഓസ്‌കാര്‍ അവാര്‍ഡ് സ്വീകരിക്കുന്ന ചിത്രം, സദ്ദാം ഹുസൈനെ തൂക്കിലേറ്റുന്നതിന് തൊട്ടുമുമ്പുള്ള ചിത്രം എന്നിങ്ങനെ പ്രധാന സംഭവങ്ങളെല്ലാം തന്നെ റഷീദിന്റെ പത്രശേഖരത്തിലുള്‍പ്പെടുന്നു.

പത്രങ്ങളോടും പത്രവായനയോടും കുട്ടിക്കാലം മുതലേ കമ്പമുള്ളയാളാണ് റഷീദ്. ഈ വായന പിന്നീട് പത്ര ശേഖരം ഒരു വിനോദമായി തന്നെ തിരഞ്ഞെടുക്കുന്നതിനിടയാക്കി. എട്ടാം വയസില്‍ പോളിയോ ബാധിച്ച് ഒരു കൈ തളര്‍ന്നു പോയി. എന്നാല്‍ ഇതിലൊന്നും തളരാതെ റഷീദ് ധൈര്യപൂര്‍വ്വം മുന്നോട്ടുപോയി. പത്താം വയസില്‍ പത്രവില്‍പനക്കായി ബസില്‍ കയറി അടുത്തുള്ള ബസ് സ്റ്റാന്‍ഡ് വരെ പോയിരുന്ന കാര്യവും റഷീദ് പങ്കുവെക്കുന്നു.

image


മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗത്തില്‍ അറ്റന്‍ഡറായിരുന്ന റഷീദ് രണ്ട് വര്‍ഷം മുമ്പാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. എല്ലാ പത്രങ്ങളിലെയും എല്ലാ വാര്‍ത്തകളും വായിക്കുന്നതാണ് റഷീദിന്റെ രീതി. ചെറിയ പത്രങ്ങളെന്നോ ചെറിയ വാര്‍ത്തകളെന്നോയുള്ള വ്യത്യാസമില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം നല്‍കി വായിക്കും. നാലാം ക്ലാസ് വരെയാണ് പഠിച്ചത്. അതിന് ശേഷം പത്രവില്‍പനയും ലോട്ടറി വില്‍പനയും തൊഴിലാക്കി. പിന്നീട് ഏഴാം ക്ലാസ് തത്തുല്യ പരീക്ഷ വിജയിച്ചു.

image


മലയാളഭാഷ മാത്രം എഴുതാനും വായിക്കാനും വശമുള്ള റഷീദ് വിദേശത്തുള്ള തന്റെ മക്കളില്‍നിന്നും മരുമക്കളില്‍നിന്നുമെല്ലാമാണ് വിദേശ പത്രങ്ങള്‍ സ്വന്തമാക്കിയത്.

    Share on
    close