ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ അലംഭാവം അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ അലംഭാവം അനുവദിക്കില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

Thursday August 31, 2017,

2 min Read

ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരും. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്.

image


 പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ആരോഗ്യകേന്ദ്രങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റമാണ് സാക്ഷാത്കരിക്കുന്നത്. ആതുര ശുശൂഷ്രാകേന്ദ്രങ്ങള്‍ എല്ലാം രോഗീസൗഹൃദമാക്കും. കുടുംബ ഡോക്ടര്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കും. ഓരോ ആളുടെയും രോഗവിവരങ്ങള്‍ മനസിലാക്കി രേഖപ്പെടുത്തി വയ്ക്കുക പ്രധാനമാണ്. നിശ്ചിത പ്രായം കഴിഞ്ഞവര്‍ക്ക് ജീവിതശൈലീ രോഗ പരിശോധന നടപ്പാക്കാന്‍ വ്യാപകമായി സൗകര്യമുണ്ടാക്കും. ഗര്‍ഭിണികള്‍ക്ക് കൃതമായ പരിശോധനകള്‍ യഥാസമയത്ത് ലഭ്യമാക്കാന്‍ ഇലക്ട്രോണിക് സന്ദേശം നല്‍കുന്ന സംവിധാനം നടപ്പിലാക്കും. ജനങ്ങളെ ഇക്കാര്യങ്ങളില്‍ ബോധവാന്‍മാരാക്കാന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സഹായിക്കും. സര്‍ക്കാര്‍ ഒപ്പമുണ്ട് എന്ന് പറയുന്നത് ഇത്തരം നടപടികളിലൂടെയാണ്. മഹാഭൂരിഭാഗത്തോടൊപ്പം നില്‍ക്കുകയാണ് സര്‍ക്കാര്‍. ആരോഗ്യരംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ ചെയ്യേണ്ട തുടര്‍നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുടുബാരോഗ്യ കേന്രങ്ങളിലൂടെ നടപ്പാക്കുന്ന ചികിത്സാ മാര്‍ഗരേഖ ചെമ്മരുതി കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അന്‍വര്‍ അബ്ബാസിനു നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. ഇ- ഹെല്‍ത്ത് പദ്ധതിയുടെ ഭാഗമായുളള യു.എച്ച്.ഐ.ഡി കാര്‍ഡുകളുടെ വിതരണോദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് ശാരീരികവും മാനസികവുമായ സൗഖ്യം നല്‍കുകയെന്ന ആര്‍ദ്രം മിഷന്റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥരും ജനങ്ങളും കൂട്ടായി പ്രവര്‍ത്തിക്കണമെന്ന് അധ്യക്ഷത വഹിച്ച ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഉച്ചവരെ മാത്രം പ്രവര്‍ത്തിച്ചിരുന്ന ആരോ്യ കേന്ദ്രങ്ങള്‍ ഇനി മുതല്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കും. മൂന്നു ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും സേവന്‍ ഓരോ ആശുപത്രിയിലും ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പുരാവസ്തു, മ്യൂസിയം വൂകുപ്പ് മന്ത്രി കടന്നപ്പളളി രാമചന്ദ്രന്‍ ആംശംസാപ്രസംഗം നടത്തി. വി.ജോയ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.കെ. യൂസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്. സലിം, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, ദേശീയാരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ കേശവേന്ദ്ര കുമാര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. സരിത. ആര്‍.എല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.