ഞങ്ങള്‍ നിങ്ങളെ പഠനത്തിന് സഹായിക്കാം, പകരം നിങ്ങള്‍ സമൂഹത്തെ സേവിക്കണം: ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്

0


കൂടുതല്‍ ജനകീയരായ കലക്ടര്‍മാര്‍ പിറവിയെടുക്കുന്ന കാലമാണിത്. തന്റെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് കോഴിക്കോട്ടുകാരുടെ കലക്ടര്‍ ബ്രോ ആയി മാറിയ എന്‍ പ്രശാന്ത്, കൊല്ലം കലക്ടര്‍ ഷൈനാമോള്‍ എന്നിങ്ങനെ ജനകീയരായ കലക്ടര്‍മാര്‍ ഏറെ. അതുപോലെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് സഹായം നല്‍കി ഈ കൂട്ടത്തിലേക്ക് പുതിയൊരംഗം കൂടിയാകുകയാണ് ഒറ്റപ്പാലം സബ് കലക്ടര്‍ പി ബി നൂഹ്. പ്ലസ് ടു മുതല്‍ പി ജി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുകയാണ് സബ് കലക്ടര്‍.

മത്സര പരീക്ഷകള പ്രൊഫഷണല്‍ കോഴ്‌സുകളോ അവയുടെ പ്രവേശന പരീക്ഷകളോ മറ്റ് കരിയര്‍ ഗൈഡന്‍സ് ക്ലാസുകളോ വിഷയം എന്തുമാക്ടടെ വിദ്യാര്‍ഥികള്‍ക്ക് എല്ലാ സഹായവും നല്‍കാന്‍ നമ്മുടെ സബ് കലക്ടര്‍ റെഡി.

ഓരോരുത്തര്‍ക്കും അതത് മേഖലകളിലെ പ്രഗത്ഭരായ ഐ എ എസ്, ഐ എഫ് എസ്, ഐ പി എസ് തലങ്ങളിലുള്ളവരെ കൊണ്ടാണ് പരിശീലനം നല്‍കുന്നത്. പരിശീലനം സൗജന്യമാണെന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാര്‍ഥികളോ രക്ഷിതാക്കളോ ഇതിന് വേണ്ടി കാശൊന്നും മുടക്കേണ്ടതില്ല.

നിങ്ങള്‍ നാടിനെ സേവിക്കുക, ഇത് മാത്രമാണ് സേവനത്തിന് പകരമായി സബ് കലക്ടര്‍ ആവശ്യപ്പെടുന്നത്. ഒറ്റപ്പാലം താലൂക്കിലെ ഏത് ഭാഗത്തുള്ള വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തില്‍ പഠന സഹായം നല്‍കാന്‍ നൂഹ് തയ്യാറാണ്. ഓരോ വിഭാഗങ്ങളിലും 30 മുതല്‍ 60 വിദ്യാര്‍ഥികള്‍ വരെ ഉള്‍പ്പെടുന്ന ബാച്ചിനാണ് പരിശീലനം നല്‍കുന്നത്. അര്‍ഹരായ കുട്ടികളെ തിരഞ്ഞെടുക്കുന്നതിനും പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഇതനുസരിച്ച് തിരഞ്ഞെടുക്കുന്നവര്‍ക്കാണ് വിദഗ്ധ പരിശീലനം കിട്ടുന്നത്.

വിദ്യാര്‍ഥികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന പരിശീലനത്തിന്റെ ഇരട്ടിസമയം സാമൂഹ്യ സേവനത്തിനായി മാറ്റിവെക്കണമെന്നാണ് ഇദ്ദേഹത്തിന്റെ നിബന്ധന. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുകവഴി അവരെ സാമൂഹ്യ സേവനത്തിന്റെ പാതയിലേക്ക് കൂടി എത്തിച്ച് വഴികാട്ടിയാകുകയാണ് ഇദ്ദേഹം. ഔദ്യോഗിക ജോലികള്‍ക്കിടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നതില്‍ അദ്ദേഹത്തിന് സന്തോഷം മാത്രം.

പരിശീലനം നല്‍കാനുള്ള സ്ഥലവും സൗകര്യവും ലഭിച്ചാലുടന്‍ പരിശീലന പരിപാടി ആരംഭിക്കും. യുവകലക്ടറുടെ ആശയങ്ങള്‍ക്ക് എല്ലാ പിന്തുണയുമായി നാട്ടുകാരും ഒപ്പമുണ്ട്. 2012 ബാച്ചില്‍ ഐ എ എസ് നേടിയ നൂഹ് പത്തനംതിട്ടയില്‍ ഒരുവര്‍ഷം അസിസ്റ്റന്റ് കലക്ടറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഒറ്റപ്പാലം സബ്കലക്ടറായി ചുമതലയേറ്റത്. മികച്ച സബ്കലക്ടര്‍ക്കുള്ള പുരസ്‌കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.