പിണറായിയില്‍ നിന്ന് പിണറായിയിലേക്കുള്ള ദൂരം

0

ഇന്ന് പിണറായി എന്നത് കേവലം ഒരു സ്ഥലനാമം മാത്രമല്ല. പാര്‍ട്ടിയുടെ ഈ ജന്‍മഗേഹത്തിന് ഇന്ന് സംസ്ഥാനത്തിന്റെ ഭരണസാരഥി എന്നൊരു അര്‍ഥം കൂടിയുണ്ട്. സി പി ഐ(എം) എന്ന പാര്‍ട്ടിയുടെ സ്ഥാപകസ്ഥലമായ പിണറായിയിലെ പാറപ്പുറത്തു നിന്നും പിണറായി വിജയനെന്ന സംസ്ഥാന മുഖ്യമന്ത്രിയുടെ കുടുംബ വീട്ടിലേക്ക് നടക്കാന്‍ 20 മിനിട്ടു നേരത്തെ ദൂരമേയുള്ളൂ. എന്നാല്‍ 1944 മാര്‍ച്ച് 21ന് ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി ജനിച്ച പിണറായി വിജയനെന്ന നേതാവ് മുഖ്യമന്ത്രി പദത്തിലേക്കെത്തിയത് അത്ര ചെറു ദൂരം സഞ്ചരിച്ചല്ല. ദാരിദ്ര്യം നിറഞ്ഞ ബാല്യവും കൗമാരവും പിന്നിട്ട് രാഷ്ട്രീയ എതിരാളികള്‍ വളഞ്ഞിട്ടാക്രമിച്ച യൗവനവും കടന്നാണ് പിണറായി വിജയന്‍ എന്ന കരുത്തനായ നേതാവ് ഇരുത്തം വന്ന രാഷ്ടീയ നേതാവായി മാറിയത്. 

പാര്‍ട്ടി അംഗമായ നാള്‍ തുടങ്ങി പാര്‍ട്ടിയുടെ അമരക്കാരനായി വാണ ഒന്നര പതിറ്റാണ്ടിലേറെക്കാലത്തും പിണറായി എന്ന നേതാവിന് നേരിടേണ്ടി വന്ന രാഷ്ട്രീയ പ്രത്യാക്രമണങ്ങള്‍ ചില്ലറയല്ല. പാര്‍ട്ടിക്ക് പുറത്തു നിന്നുളള ആക്രമണങ്ങള്‍ക്കു പുറമേ പാര്‍ട്ടിക്കുള്ളിലെ ചേരിതിരിഞ്ഞുള്ള ഒറ്റപ്പെടുത്തലിനും പിണറായി വിധേയനായി. എന്നാല്‍ അക്കാലമത്രയും പാര്‍ട്ടി എന്ന സംവിധാനത്തെ തന്റെ നേതൃത്വത്തിന്റെ കീഴില്‍ ശക്തിപ്പെടുത്തുന്ന, പാര്‍ട്ടിയുടെ നിലപാടുകള്‍ സധൈര്യം ഉറക്കെപ്പറയുന്ന കരുത്തനായ നേതാവിനെയാണ് കേരളം കണ്ടത്. 

സാഹചര്യങ്ങള്‍ക്ക് വശംവദനാകാതെ പറയുന്നത് ചെയ്യുകയും ചെയ്യാനാകുന്നത് മാത്രം പറയുകയും ചെയ്യുന്ന നേതാവിനെയാണ് കേരളത്തിന് മുഖ്യമന്ത്രിയായി ലഭിച്ചിരിക്കുന്നത്‌. പിണറായിയുടെ നേതൃത്വത്തില്‍ പത്തൊമ്പതംഗ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ കേരളം ശുഭപ്രതീക്ഷയിലാണ്.

പിണറായി യു പി സ്‌കൂളിലും, പെരളശ്ശേരി ഹൈസ്‌കൂളിലുമുള്ള വിദ്യാഭ്യാസത്തിനു ശേഷം ഒരു വര്‍ഷം നെയ്ത്തു തൊഴിലാളിയായി ജോലി ചെയ്തു. തുടര്‍ന്നാണ് പ്രീ-യൂണിവേഴ്‌സിറ്റിക്ക് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേരുന്നത്. ബ്രണ്ണന്‍ കോളേജില്‍ തന്നെ ബിരുദപഠനം നടത്തി. നിരവധി സമരങ്ങളിലൂടെ വിദ്യാര്‍ഥി പ്രസ്ഥാനത്തെ നയിച്ചു. 

കെ എസ് എഫിന്റെ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിലും കെ എസ് വൈ എഫിന്റെ സംസ്ഥാനപ്രസിഡന്റായും പ്രവര്‍ത്തിച്ചു. സംഘടനയെ നക്‌സലൈറ്റുകളുടെ പിടിയില്‍ നിന്ന് മുക്തമാക്കുന്നതില്‍ നിര്‍ണായക പങ്കാണ് പിണറായി വഹിച്ചത്. ഇരുപത്തിനാലാം വയസ്സില്‍ സി പി ഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലും ഇരുപത്തെട്ടാം വയസ്സില്‍ ജില്ലാ സെക്രട്ടറിയേറ്റിലുമെത്തിയ പിണറായി 1970ലും 1977ലും 1991ലും 1996ലുമായി നാലുതവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 

രാഷ്ട്രീയ ജീവിതത്തിനിടയില്‍ പലകുറി ജയില്‍വാസം അനുഭവിക്കേണ്ടി വന്ന പിണറായിക്ക് ഭീകരമായ മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണ് 1970ല്‍ ഇരുപത്താറാം വയസ്സില്‍ നിയമസഭാംഗമായ പിണറായി വിജയന്‍ അടിയന്തരാവസ്ഥയുടെ ഭീകരരാത്രികളില്‍ പൊലീസില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്നത്. അന്യായമായി പൊലീസ് കസ്റ്റഡിയിലെടുത്ത പിണറായിയെ ലോക്കപ്പില്‍ വെച്ച് പൊലീസുകാര്‍ മാറിമാറി മര്‍ദിച്ചു. 

പൈശാചികമായ മൂന്നാം മുറകള്‍ക്ക് വിധേയനായപ്പോഴും നിശ്ചദാര്‍ഢ്യത്തോടെ നേരിട്ടു. ക്രൂരമര്‍ദ്ദനത്തിന്റെ ബാക്കിപത്രമായ ചോരപുരണ്ട ഷര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് പിണറായി പിന്നീട് നിയമസഭാ സമ്മേളനത്തില്‍ പ്രസംഗിച്ചത്. എതിരാളികള്‍ പലവട്ടം പിണറായിയുടെ ജീവനപഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും ഗുരുതരമായ ഭീഷണിനേരിടുന്ന രാഷ്ട്രീയ നേതാവെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയപ്പോള്‍ വിനയപൂര്‍വം പിണറായി അത് നിരസിച്ചു. 

സി.പി.ഐ (എം) ചണ്ടിഗഢ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് നാട്ടിലേക്കു തിരിച്ച പിണറായിയെ തീവണ്ടിയില്‍ വെടിവെച്ചു കൊല്ലാന്‍ രാഷ്ട്രീയ എതിരാളികള്‍ വാടകക്കൊലയാളികളെ അയച്ചു. അവസാന നിമിഷം പിണറായി യാത്ര മാറ്റിയതിനാല്‍ കൊലയാളിസംഘത്തിന്റെ വെടി ഇ പി ജയരാജനാണ് കൊണ്ടത്.1996ല്‍ സഹകരണ, വൈദ്യുതി മന്ത്രിയെന്ന നിലയില്‍ പിണറായിയെന്ന ഭരണാധികാരിയുടെ മികവ് കേരളം അറിഞ്ഞു. വൈദ്യുതോല്‍പ്പാദനത്തിലും വിതരണത്തിലും വലിയ മുന്നേറ്റമാണ് ഈ കാലത്ത് സംസ്ഥാനം കൈവരിച്ചത്. 1998ല്‍ ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം വിട്ട് പാര്‍ട്ടി സെക്രട്ടറിയായി. 1998 മുതല്‍ 2015 വരെ പാര്‍ട്ടിയ നയിച്ചു. നിലവില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗമാണ് പിണറായി. കേരളം കാത്തിരിക്കുന്ന പ്രശ്‌നപരിഹാരങ്ങള്‍ക്ക് പിണറായി എന്ന കരുത്തുറ്റ നേതാവിന്റെ നിശ്ചയദാര്‍ഢ്യം തുണയാകുമെന്ന പ്രതീക്ഷയിലാണ് കേരളം.