മലയാള സിനിമാ ചരിത്രം മാറ്റിക്കുറിച്ചെത്തുന്നു സേതുരാമയ്യരും കൂട്ടരും

0

മലയാള സിനിമാ ചരിത്രം തന്നെ മാറ്റിക്കുറിച്ച് വീണ്ടുമെത്തുന്നു സേതുരാമയ്യര്‍. മമ്മൂട്ടി നായകനായി ത്രില്ലിംഗ് കുറ്റാന്വേഷണ കഥകള്‍ പറഞ്ഞ നാല് സിനിമകളുടെ തുടര്‍ച്ചയായാണ് അഞ്ചാം സിനിമ പുറത്തിറങ്ങാനൊരുങ്ങുന്നത്. ഒരേ കൂട്ടുകെട്ടില്‍ ഒരു സിനിമയുടെ അഞ്ചാം ഭാഗം എന്നത് മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പുറകില്‍ കയ്യുംകെട്ടി ചിന്താവിഷ്ടനായുള്ള മമ്മൂട്ടിയുടെ നടപ്പ്. ടണ്ടണ്ട ടടട്ടേം എന്നുള്ള ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇതൊന്നും മലയാളികള്‍ക്ക് മറക്കാനേ കഴിയില്ല. നാല് ചിത്രങ്ങളടങ്ങുന്ന ആ ശ്രേണികളില്‍ ഒന്നുപോലും ഇന്നുവരെ പ്രേക്ഷകരെ ബോറടിപ്പിച്ചിട്ടില്ല എന്നതാണ് മറ്റൊരു പ്രത്യേകത. പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുതിയ സി ബി ഐ കഥയുമായെത്തുന്നത് അതേ കൂട്ടുകെട്ടുതന്നെയാണ്. മമ്മൂട്ടി കെ മധു എസ് എന്‍ സ്വാമി കൂട്ടുകെട്ട് തന്നെ വീണ്ടും ചിത്രം ഒരുക്കുമ്പോള്‍ പഴയതുപോലെതന്നെ സസ്‌പെന്‍സ് ത്രില്ലറായി ചിത്രം മാറുമെന്ന കാര്യത്തില്‍ സംശയമില്ല. കഥയും തിരക്കഥയും എസ് എന്‍ സ്വാമിയും സംവിധാനം കെ മധുവും. സ്വര്‍ഗ ചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് പുതിയ സി ബി ഐ ചിത്രത്തിന്റെ നിര്‍മാണം. അതും എല്ലാ സിനിമയിലും നായകന്‍ മമ്മൂട്ടി എന്നതും അപൂര്‍വതയാണ്. 28 വര്‍ഷത്തിനുള്ളിലെ ഇടവേളകളിലാണ് ഈ സിനിമകളെല്ലാം ഒരുങ്ങുന്നതെന്നും പ്രത്യേകത തന്നെ.

27 വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഒരു സി ബി ഐ ഡയറിക്കുറിപ്പ്(1988) തിയേറ്ററുകളില്‍ എത്തുന്നത്. മമ്മൂട്ടി അവതരിപ്പിച്ച സി ബി ഐ ഉദ്യോഗസ്ഥനായ സേതുരാമയ്യരെ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതോടെ തൊട്ടടുത്ത വര്‍ഷം തന്നെ ജാഗ്രത(1989) വന്നു. പിന്നീട് 15 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് മൂന്നാം പതിപ്പായ സേതുരാമയ്യര്‍ സി ബി ഐ(2004) പുറത്തിറങ്ങുന്നത്. തൊട്ടടുത്തവര്‍ഷം തന്നെ നാലാം പതിപ്പായ നേരറിയാന്‍ സി ബി ഐ(2005) പുറത്തിറങ്ങി.

സി ബി ഐയുടെ ആദ്യ രണ്ടു ചിത്രങ്ങള്‍ സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണിയാണ് നിര്‍മ്മിച്ചതെങ്കില്‍ ഒടുവില്‍ ഇറങ്ങിയ ചിത്രങ്ങള്‍ കൃഷ്ണ കൃപയുടെ ബാനറില്‍ സംവിധായകന്‍ കെ മധു തന്നെയാണ് നിര്‍മ്മിച്ചത്. ഗാനങ്ങളില്ലാത്ത സി ബി ഐ ചിത്രങ്ങള്‍ക്ക് ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം മുതല്‍ക്കൂട്ട് തന്നെയാണ്. സി ബി ഐ സീരീസിലെ അഞ്ചാം ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായിക്കഴിഞ്ഞു.

ഇനിയും പേരിടാത്ത ചിത്രം അടുത്ത വര്‍ഷം തീയേറ്ററുകളിലെത്തും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുമ്പോഴും ഒരു ദുഖം മാത്രം സി ബി ഐ ടീമിന് ബാക്കിയാകുന്നു. എല്ലാ ഭാഗങ്ങളിലും രസച്ചരട് പൊട്ടാതെ ഒപ്പമുണ്ടായിരുന്ന ജഗതിയെ പുതിയ സിനിമയുടെ ഭാഗമാക്കാന്‍ കഴിയില്ല എന്നത്. ഒരു സി ബി ഐ ഡയറിക്കുറുപ്പ് മുതല്‍ ചിത്രത്തിന്റെ പിന്നീട് ഉണ്ടായ മൂന്ന് ഭാഗങ്ങളിലും നിറഞ്ഞു നിന്ന നടനായിരുന്നു ജഗതി. പക്ഷേ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിലേക്ക് കടക്കുമ്പോള്‍ ജഗതിക്ക് പകരം ആര് അഭിനയിക്കും എന്നത് ഒരു ചോദ്യ ചിഹ്നമാകുന്നു. ആരാവും ജഗതിക്ക് പകരം വരുന്നതെന്നത് ഇത്തവണ ചിത്രം ഇറങ്ങുന്നതിനു മുമ്പെ കാണികളില്‍ ആകാംക്ഷ ഉണര്‍ത്തുകയാണ്.