നാടിന് വെളിച്ചമേകാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കളക്ടര്‍

നാടിന് വെളിച്ചമേകാന്‍ ജനങ്ങള്‍ മുന്നോട്ട് വരണമെന്ന് കളക്ടര്‍

Friday December 30, 2016,

1 min Read

പാവപ്പെട്ട ഒരാളുടെ വീടിന് വെളിച്ചമേകാന്‍ ഒരു വ്യക്തിയോ സംഘടനയോ തീരുമാനിച്ചാല്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പദ്ധതി പ്രായോഗികതലത്തില്‍ വന്‍ വിജയമാകുമെന്ന് ജില്ലാ കളക്ടര്‍ എസ് വെങ്കടേസപതി. വ്യക്തികളുടെ വീടുകള്‍ വയറിംഗ് ചെയ്യുന്നതിന് പദ്ധതിയില്‍ പണം വകയിരുത്താന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍ ജനകീയ പങ്കാളിത്തത്തോടെ മാത്രമേ വൈദ്യുതീകരണം സാധ്യമാവൂ. ഇതിന് ജനപ്രതിനിധികളുടെ നിര്‍ലോഭമായ സഹകരണം ആവശ്യമാണെന്നും സമ്പൂര്‍ണ്ണ വൈദ്യുതീകരണം സംബന്ധിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

image


ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ അപേക്ഷനല്‍കിയിട്ടും സാമ്പത്തിക പരാധീനതകളാല്‍ വയറിംഗിന് പണമില്ലാതെ മാറിനില്‍ക്കുന്നവരെയും അപേക്ഷ നല്‍കാന്‍ മടിക്കുന്നവരെയും കണ്ടെത്തി സഹായിക്കാന്‍ സാധിക്കുകയുള്ളു. മൂവായിരത്തി അഞ്ഞൂറുമുതല്‍ നാലായിരം രൂപവരെയാണ് വൈദ്യുതിബോര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് ഒരു വീടിന്റെ അടിസ്ഥാനപരമായ വയറിംഗ് പൂര്‍ത്തിയാക്കാന്‍ വേണ്ടിവരുന്ന തുക.

പാവപ്പെട്ടവരായ അഞ്ഞൂറോളം ആളുകളുടെ വീടുകള്‍ സൗജന്യമായി വൈദ്യുതീകരിച്ചു നല്‍കിയ കെ എസ് ഇ ബി ജീവനക്കാരുടെ നടപടി അനുകരണീയമാണെന്നും കളക്ടര്‍ അഭിപ്രായപ്പെട്ടു. വ്യക്തികള്‍ക്കോ വ്യവസായികള്‍ക്കോ, സന്നദ്ധസംഘടനകള്‍ക്കോ, ഉദ്യോഗസ്ഥര്‍ക്കോ, റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കോ ഒറ്റക്കോ കൂട്ടായോ പ്രദേശിക തലത്തില്‍ ഈ യജ്ഞത്തില്‍ പങ്കാളികളാവാം.മലയോരപ്രദേശങ്ങളിലും ആദിവാസി, എസ് സി മേഖലകളിലും ഇത്തരത്തിലുള്ള ജനകീയപങ്കാളിത്തം പ്രാദേശികതലത്തിലുള്ള ഇത്തരം ഇടപെടലുകളിലൂടെ അര്‍ഹരായവര്‍ക്കെല്ലാം വെളിച്ചമേകാന്‍ കഴിയുമെന്നും കളക്ടര്‍ പറഞ്ഞു.

കെ എസ് ഇ ബി അസി എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമാരുടെ സാന്നിധ്യത്തില്‍ ഈ മാസം 31 നകം ചേരുന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ വൈദ്യൂതീകരണം പദ്ധതിയില്‍ ഇത്തരത്തില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള വ്യക്തികളെ കണ്ടെത്തി പരമാവധി ഗുണഭോക്താക്കള്‍ക്ക് നേരിട്ട് സഹായമെത്തിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തര്‍ക്കമുള്ള അപേക്ഷകളില്‍ പ്രദേശിക ജനപ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തി വേണം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കേണ്ടത്. ഇതിനായി സ്ഥലം സന്ദര്‍ശിച്ച് കക്ഷികളോട് ആശയവിനിമയം നടത്തി പരിഹാരമുണ്ടാക്കണം. പ്രാദേശിക തലത്തില്‍ പരിഹാരം കണ്ടെത്താനാവാത്ത പരാതികള്‍ അടിയന്തിരമായി എ ഡി എമ്മിന് നല്‍കി എ ഡി എം തലത്തില്‍ രണ്ടാഴ്ചയ്ക്കകം ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തണമെന്നും വനംവകുപ്പില്‍ നിന്നും അനുമതി കിട്ടേണ്ട കേസുകളില്‍ അടുത്ത ആഴ്ചയോടെ നടപടി പൂര്‍ത്തിയാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു