പകര്‍ച്ച പനികള്‍ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി മെഡിക്കല്‍ കോളേജ്  

0

എച്ച്1 എന്‍1, ഡെങ്കിപ്പനി, മലമ്പനി മുതലായ പകര്‍ച്ച പനികള്‍ക്കെതിരെ ജാഗ്രത നിര്‍ദേശവുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. കാലാവസ്ഥാ വ്യതിയാനം കാരണം പകര്‍ച്ച പനികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങള്‍, രോഗികളെ ശുശ്രൂക്ഷിക്കുന്നവര്‍, രോഗികളുമായി നേരിട്ടിടപഴകുന്ന ഡോക്ടര്‍മാര്‍, നഴ്‌സ്മാര്‍, മറ്റിതര ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസിന്റെ നേതൃത്വത്തില്‍ കൂടിയ അവലോകന യോഗത്തിലെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കാനും ബോധവത്ക്കരണം നടത്താനും തീരുമാനിച്ചത്.

പകര്‍ച്ച പനികള്‍ക്കെതിരെയുള്ള തീവ്രയജ്ഞത്തിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ അടിയന്തിര യോഗം കൂടി നടപ്പിലാക്കേണ്ട പരിപാടികള്‍ക്ക് രൂപം നല്‍കി. ആശുപത്രിയും പരിസരവും വൃത്തിയായി സൂക്ഷിക്കാനും അണുബാധ തടയുന്നതിനുമുള്ള നടപടികളെടുക്കാനും യോഗത്തില്‍ തീരുമാനമായി. മതിയായ ചികിത്സാ സൗകര്യങ്ങള്‍, മരുന്നുകള്‍, പ്രതിരോധ ഉപകരണങ്ങള്‍ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താനും തീരുമാനിച്ചു. ബോധവത്കരണത്തിന്റെ ഭാഗമായി വാര്‍ഡുകളില്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എര്‍പ്പെടുത്തും. ഇതോടൊപ്പം ബോധവത്ക്കരണ ക്ലാസുകള്‍, ലഘുലേഖ വിതരണം, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവയും സംഘടിപ്പിക്കുന്നതാണ്.

അമിതമായ ചൂട്, ഇടവിട്ടുള്ള മഴ, ജല ദൗര്‍ലഭ്യം, പരിസര ശുചിത്വമില്ലായ്മ എന്നിവയാണ് രോഗം പടരാനുള്ള പ്രധാന കാരണങ്ങള്‍. അതിനാല്‍തന്നെ പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെ പ്രധാനമാണ്. വെള്ളം കെട്ടി നില്‍ക്കുന്ന അവസ്ഥ പൂര്‍ണമായും ഒഴിവാക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.

ഏത് പനിയും പകര്‍ച്ച പനിയാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പനി, ശരീര വേദന, തലവേദന, ജലദോഷം, ചുമ, തൊണ്ട വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ നിസാരമായി കണ്ട് സ്വയം ചികിത്സിക്കാതെ ഡോക്ടര്‍മാരെ കാണേണ്ടതാണ്. പ്രാരംഭ ദശയില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാകുന്നതാണ് ഇത്തരം പകര്‍ച്ച പനികള്‍.

ചികിത്സയോടൊപ്പം പ്രതിരോധവും വളരെ പ്രധാനമാണ്. പനിവന്നാല്‍ മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടതാണ്. ഇത് മുന്നില്‍ കണ്ടാണ് ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കും മറ്റും അവബോധം നല്‍കുന്നത്. മറ്റുള്ളവരിലേക്ക് രോഗം പടരാതിരിക്കാനും സ്വയം പ്രതിരോധിക്കാനുമുള്ള മുന്‍കരുതലുകളും ഇവര്‍ക്ക് നല്‍കും.