ഓറിഗോ; സൗഹൃദം കെട്ടിപ്പടുത്ത കാര്‍ഷിക വിജയഗാഥ

0

സ്‌കൂള്‍തലം മുതല്‍ കൂട്ടുകാര്‍, ഉന്നതവിദ്യാഭ്യാസം തേടിയത് ഒരേ കോളജില്‍, മനസും ചിന്തകളും ഒരു പോലെ. ഒടുവില്‍ ലക്ഷങ്ങള്‍ ശമ്പളമായി ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് ഇരുവരും കൂട്ടായ ഒരു തീരുമാനമെടുത്തു. കര്‍ഷകരുടെ പാതയില്‍ പുതിയ പ്രകാശം തെളിക്കാന്‍ അവരുടെ ഇടയിലേക്ക് ഇറങ്ങാനായിരുന്നു സുനൂര്‍ കൗളും മായങ്ക് ധനുകയുമെന്ന സംരഭകരുടെ തീരുമാനം. കാര്‍ഷിക വിപണന മേഖലകള്‍ക്കിടയിലെ ഇടനിലക്കാരെ ഒഴിവാക്കി കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവര്‍ ഓറിയോ കമ്മോഡിറ്റീസ് എന്ന സംരഭത്തിന് തുടക്കമിട്ടത്. വിളവെടുപ്പിന് ശേഷമുളള കാര്‍ഷിക ആവശ്യങ്ങള്‍ക്ക് കൃഷിക്കാര്‍ക്ക് കൈത്താങ്ങാകുന്ന മാനേജ്‌മെന്റ് കമ്പനികളാണ് ഇവര്‍ ഇതിനായി രൂപീകരിച്ചത്. സ്‌കൂള്‍തലം മുതല്‍ സമാന ചിന്താഗതിയുമായി നടന്ന തങ്ങളുടെ അഭിലാഷം ഏറെക്കുറെ നടപ്പിലാക്കാനായ സന്തോഷത്തിലാണിപ്പോഴിവര്‍.

ഇരുവരും 2010ലാണ് പുതിയ സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നത്. പലതരം സംരംഭ താത്പര്യങ്ങളിലൂടെ കടന്നുപോയ ഇവര്‍ ഒടുവില്‍ കാര്‍ഷിക മേഖല തിരഞ്ഞെടുക്കുകയായിരുന്നു. ഐ ഐ ടിയില്‍ നിന്നും ബിരുദം നേടിയ ഇരുവരും ന്യൂയോര്‍ക്കില്‍ ജോലിയില്‍ പ്രവേശിച്ചങ്കിലും തങ്ങളുടെ കര്‍മ്മ മണ്ഡലം ഇതല്ലെന്ന് വളരെവേഗം തിരിച്ചറിഞ്ഞു. സുനൂര്‍ ആറ് വര്‍ഷവും മായങ്ക് ഒമ്പത് വര്‍ഷവും ന്യൂയോര്‍ക്കില്‍ ചിലവഴിച്ചങ്കിലും സ്വദേശത്തേക്ക് മടങ്ങണമെന്ന മോഹം ഇരുവരിലും കലശലായിരുന്നു. സ്വന്തമായി ഒരു സംരംഭം ആരംഭിക്കുന്നതിനെക്കുറിച്ച് പല തവണ ചര്‍ച്ച ചെയ്തു. കൂടുതല്‍പേര്‍ക്ക് സഹായകരവും ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നതും എന്നാല്‍ ലാഭകരവുമായ ഒന്നാണ് ഇരുവരും തേടിയത്. വളരെ നാളുകളായി നാട്ടിലില്ലാതിരുന്നതിനാല്‍ ഇന്ത്യയിലെ ജനങ്ങളുടെ വാണിജ്യ താത്പര്യങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നില്ല. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിരവധി ആശയങ്ങള്‍ തങ്ങളെതേടിയെത്തിയെങ്കിലും അതൊന്നും അവരില്‍ താത്പര്യം ഉണര്‍ത്തിയില്ല.

വളരെ വ്യത്യസ്തമായ ഒരു ആശയം തേടിയുള്ള യാത്രക്കിടയിലാണ് അവര്‍ അന്വേഷിച്ച സംരംഭം അവരെ തേടിയെത്തിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനായുള്ള ഗോഡൗണുകള്‍ ആരംഭിക്കുക എന്നതായിരുന്നു ആ ആശയം. ഇത് കര്‍ഷകര്‍ക്ക് വളരെ പ്രയോജനപ്രദവും തങ്ങളുടെ സംരംഭ താത്പര്യങ്ങള്‍ നിറവേറ്റുന്ന ഒന്നുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഭാവിയില്‍ വളര്‍ന്നുവരാന്‍ സാധ്യതയുളളതും ലാഭകരവുമായ ഒരു സംരംഭം എന്ന നിലയില്‍ ഇതിനായി കൈകോര്‍ക്കാന്‍ അവര്‍ തീരുമാനിക്കുകയായിരുന്നു. ഓറിയോ കമോഡിറ്റീസ് എന്ന് പേര് നല്‍കിയ സംരംഭത്തിന് ആരംഭത്തില്‍ തന്നെ മികച്ച പ്രതികരണമായിരുന്നു. നബാര്‍ഡുമായി കൈകോര്‍ത്തതോടെയാണ് സംരംഭത്തിന് പുതിയ മാനങ്ങള്‍ കണ്ടെത്താനായത്. നബാര്‍ഡുമായി സഹകരിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കര്‍ഷകരെ അവരുടെ വിളകള്‍ക്ക് ലഭിക്കാവുന്ന മികച്ച വില സംബന്ധിച്ച് അവബോധം സൃഷ്ടിച്ചു. ഇതിനായി വെയര്‍ ഹൗസുകളുടെ ആവശ്യകതയും മനസിലാക്കിക്കൊടുത്തു. ആന്ധ്രാപ്രദേശ്, തെലുങ്കാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് ഇത്തരം പഠനങ്ങളിലൂടെ ലഭിച്ച അറിവ് അവര്‍ പ്രയോജനപ്പെടുത്താന്‍ തുടങ്ങി.

പോസ്റ്റ് ഹാര്‍വെസ്റ്റ് മാനേജ്‌മെന്റ് സോല്യൂഷന്‍സ് കമ്പനികളെക്കുറിച്ച് മനസിലാക്കിയ അവര്‍ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരില്‍ നിന്നും നേരിട്ട് വിപണിയിലെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യമെന്ന് സുനൂര്‍ കൗള്‍ വ്യക്തമാക്കുന്നു. ഇതിന് കര്‍ഷകരുടെ പിന്തുണ വളരെ പ്രധാനമായിരുന്നു. നിലവില്‍ ഉത്പാദകരില്‍ നിന്നും വിപണനത്തിനായി ഉത്പന്നങ്ങള്‍ എത്തുന്നത് ആറ് മുതല്‍ ഏഴ് വരെ ഇടനിലക്കാരുടെ കൈമറിഞ്ഞാണ്. ഇത് കര്‍ഷകര്‍ക്കും വിപണനക്കാര്‍ക്കും ലഭിക്കുന്ന ലാഭത്തില്‍ വന്‍  ഇടിവാണുണ്ടാക്കുന്നത്. ഇതിനു പുറമെ പല ദോഷങ്ങളും ഈ സംവിധാനത്തിനുണ്ട്. ഈ രീതി മാറ്റിയെടുക്കുക എന്ന ലക്ഷ്യമാണ് ഇവര്‍ മുന്നോട്ട് വെച്ചത്. ഇതില്‍ ഏറെക്കുറെ വിജയിക്കാന്‍ ഇവര്‍ക്ക് സാധിച്ചു.

ഒറിഗോ കമോഡിറ്റീസിന് നിലവില്‍ 16 സംസ്ഥാനങ്ങളിലായി 350 ഗോഡൗണുകളാണുള്ളത്. ഇവ സജ്ജീകരിക്കുന്നതിനിടയില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. കര്‍ഷകര്‍ക്ക് ആവശ്യമായ സേവനങ്ങളും ഉപകരണങ്ങളും എത്തിച്ചുകൊടുക്കുക എന്നത് ശ്രമകരമായതിനാല്‍ ലക്ഷ്യ പ്രാപ്തിയില്‍ എത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. വര്‍ഷങ്ങളായി നിലവിലുള്ള ഒരു സംവിധാനത്തില്‍ മാറ്റമുണ്ടാക്കുകയെന്നത് വളരെ പ്രയാസകരവും നീണ്ടകാലയളവുകൊണ്ട് ചെയ്ത് തീര്‍ക്കേണ്ടതുമായ ഒരു ജോലിയാണ്.

അനുയോജ്യമായ ഒരു ഇടനിലക്കാരനെ ഉത്പാദകനും വിപണനക്കാരനുമിടയില്‍ കൊണ്ടുവരിക എന്നതാണ് ഒറിഗോ കമോഡിറ്റീസ് ഭാവിയിലെ വെല്ലുവിളിയായി ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി കര്‍ഷകരുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതാക്കണം. അതിനായി സംഭരണം, സമ്പത്ത്, മൂല്യ വര്‍ധിത സേവനങ്ങള്‍ എന്നിങ്ങനെ എല്ലാം ഒരുക്കി നല്‍കേണ്ടതുണ്ട്. ഒരു തവണ ഇടനിലക്കാരെ ഒഴിവാക്കി നിലവിലുള്ള സംവിധാനം മാറ്റാനായാല്‍ പിന്നീടത് തുടര്‍ന്നു പോകാന്‍ സാധിക്കും. എന്നാല്‍ പുതിയ സംവിധാനം വിജയകരമായി നടപ്പാക്കാനും ഇനിയും വളരെദുരം സഞ്ചരിക്കേണ്ടതുണ്ടെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു. പ്രതിബന്ധങ്ങള്‍ മറികടന്ന് പുതിയ സംവിധാനം നടപ്പിലാക്കാനായാല്‍ അത് കാര്‍ഷിക മേഖലക്ക് തന്നെ മുതല്‍ക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും