മൂന്ന് വനിതകളുടെ വിജയകഥ

0


ഇന്ത്യന്‍ വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ച വനിതകളുടെ കഥകള്‍ ഇന്നു നിരവധി കേള്‍ക്കാറുണ്ട്. സ്വന്തമായി ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും അതിനു തയാറായി മുന്നോട്ടു വരുന്ന വനിതകളുടെ എണ്ണവും ഇന്ത്യയില്‍ കൂടുന്നു. ഇവര്‍ക്കൊക്കെ പ്രചോദനമാണ് തൃഷ റോയ്, റിതുപര്‍ണ പാണ്ഡെ, യോഷ ഗുപ്ത എന്നീ മൂന്നു വനിതകള്‍. യുഎസിലാണ് ഇവര്‍ തങ്ങളുടെ ബിസിനസ് തുടങ്ങി വിജയിപ്പിച്ചത്. യുഎസ് വിപണിയിലെ ഇവരുടെ വളര്‍ച്ച കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനിയായ 500 സ്റ്റാര്‍ട്ടപ്‌സ് മേധാവി ഡേവ് മക്ലൂറിന്റെ ശ്രദ്ധ പിടിച്ചുപറ്റി. 125,000 ഡോളറാണ് അദ്ദേഹം ഇവരുടെ ബിസിനസുകളില്‍ നിക്ഷേപിച്ചത്. അദ്ദേഹത്തിന്റെയും ടീമംഗങ്ങളുടെയും മേല്‍നോട്ടത്തിലാണ് ഇന്നീ മൂന്നു വ്യവസായ സംരംഭകരും പ്രവര്‍ത്തിക്കുന്നത്.

ബാണ്‍ ആന്‍ഡ് വില്ലോ

രണ്ടു വര്‍ഷം മുന്‍പാണ് തൃഷ യുഎസ്സിലുള്ള തന്റെ വീട് മോടി പിടിപ്പിച്ചത്. ജനാലകളില്‍ വ്യത്യസ്ത രൂപത്തിലുള്ള കര്‍ട്ടണുകള്‍ ഉപയോഗിച്ചാല്‍ വീടിന്റെ മനോഹാരിത കൂടുമെന്നു തോന്നി. അങ്ങനെയാണ് കടയില്‍ കര്‍ട്ടണ്‍ തുണികള്‍ വാങ്ങാനായി പോയത്. അപ്പോഴാണ് ഇവയുടെ വില ശ്രദ്ധയില്‍ പെട്ടത്. പലതിന്റെയും വില വളരെ കൂടുതലാണ്. ചിലതിന് 10,000 രൂപയോളമാണ് വില. കടയില്‍ നിന്നും തിരിച്ചെത്തിയ തൃഷ ഇന്ത്യയിലെ തന്റെ കുടുംബാംഗങ്ങളെ വിളിച്ചു. അവര്‍ കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ഉള്ള കടകളില്‍ പോയി തുണികളുടെ വില തിരക്കി. അപ്പോഴാണ് യുഎസിലും ഇന്ത്യയിലും തുണികളുടെ വില തമ്മിലുള്ള വ്യത്യാസം മനസ്സിലായത്.

ഇന്ത്യയില്‍ നിന്നും പല വ്യാപാരികളുടെ കൈകളിലൂടെ കടന്ന് യുഎസിലെത്തുമ്പോള്‍ ഇവയുടെ വില ഇരട്ടിക്കുന്നതായി തൃഷ ശ്രദ്ധിച്ചു. തുടര്‍ന്നാണ് കര്‍ട്ടണുകള്‍ സ്വന്തമായി രൂപകല്‍പന ചെയ്തു കൊടുക്കുന്ന ബാണ്‍ ആന്‍ഡ് വില്ലോയ്ക്ക് തൃഷ തുടക്കമിട്ടത്.

നിരവധി വ്യാപാരികളില്‍ക്കൂടിയാണ് ഇവ യുഎസ് വിപണിയിലെത്തുന്നത്. ഫാക്ടറികളില്‍ നിന്നും തുച്ഛമായ തുകയ്ക്ക് വാങ്ങി അതു കൂടുതല്‍ വിലയ്ക്ക് ചില്ലറക്കച്ചവടക്കാര്‍ക്ക് വില്‍ക്കുന്നു. ഇവരുടെ പക്കല്‍ നിന്നും യുഎസ് വിപണിയിലെത്തുമ്പോള്‍ അതിന്റെ വില ഇരട്ടിയാകുന്നു. ചില്ലറ വ്യാപാരികള്‍ ഉയര്‍ന്ന വിലയിട്ടാണ് അതു ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്നത് തൃഷ പറഞ്ഞു.

ഇത്തരത്തിലൂടെ പലരിലൂടെയും കൈമാറിയെത്തുന്നത് തടഞ്ഞാല്‍ തന്നെ നല്ലൊരു തുക ലാഭിക്കാനാകുമെന്നു തൃഷ മനസ്സിലാക്കി. തമിഴ്‌നാട്ടിലെ ഒരു ഫാക്ടകറിയില്‍ നിന്നും നേരിട്ട് കോട്ടണ്‍ തുണികള്‍ വാങ്ങി. ബെല്‍ജിയത്തിലെ ഒരു ഫാക്ടറിയില്‍ നിന്നും നല്ല ഗുണമേന്മയുള്ള നാരു തുണികള്‍ വാങ്ങി. ഡല്‍ഹിയിലെ ഒരു ഫാക്ടറിയില്‍ തുണികള്‍ തുന്നിച്ചു. കപ്പലില്‍ കയറ്റി ഇവ കാലിഫോര്‍ണിയയില്‍ എത്തിച്ചു. അവിടെ നിന്നും യുഎസിലെ വിവിധ സ്ഥലങ്ങളിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തു. തന്റെ ബിസിനസിന്റെ വളര്‍ച്ച ഇങ്ങനെയായിരുന്നു തൃഷ പറഞ്ഞു.

2014 ഡിസംബറിലാണ് ആദ്യമായി ബാണ്‍ ആന്‍ഡ് വില്ലോയ്ക്ക് ഒരു ഓര്‍ഡര്‍ ലഭിച്ചത്. ഇന്നു തൃഷയുടെ കമ്പനി മാസം 50,000 ഡോളറിന്റെ വരുമാനം ഉണ്ടാക്കുന്നുണ്ട്. ഓരോ മാസം കഴിയുന്തോറും കമ്പനി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ വളര്‍ച്ച 500 സ്റ്റാര്‍ട്ടപ്‌സില്‍ നിന്നും 125,000 ഡോളര്‍ നിക്ഷേപം നേടിയെടുക്കാനും ഇടയാക്കി.

ഫുള്‍ഫില്‍ ഡോട് ഐഒ

തൃഷയെപ്പോലെ റിതുപര്‍ണയ്ക്കും യുഎസിലെ തന്റെ ബിസിനസിനെക്കുറിച്ച് പറയാനുണ്ട്. 2012 ല്‍ എന്‍ജീയറിങ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ബൗട്ടിക്ക് കണ്‍സള്‍ട്ടിങ് സ്ഥാപനത്തില്‍ ജോലിചെയ്തു വരികയായിരുന്നു റിതുപര്‍ണ. ഈ സമയത്താണ് ചെറിയ ബിസിനസുകാര്‍ തങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കാന്‍ പാടുപെടുന്നത് മനസ്സിലാക്കിയത്. തുടര്‍ന്നാണ് പഴയ ടെക്‌നോളജിയില്‍ പുതിയതിലേക്ക് മാറാന്‍ ചെറിയ ബിസിനസുകാരെ സഹായിക്കാനായി ഫുള്‍ഫില്‍ ജോട് ഐഒ തുടങ്ങിയത്.

ഒരു ബിസിനസ് സംരംഭത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ വിവരങ്ങളും പ്രവര്‍ത്തനരീതികളും കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ എന്നിവയുടെ സഹായത്തോടെ ഒരു ഏകീകൃത കംപ്യൂട്ടര്‍ സിസ്റ്റത്തില്‍ ഏകോപിപ്പിപ്പിക്കുന്ന എന്റര്‍പ്രൈസ് റിസോഴ്‌സ് പ്ലാനിംഗ് അഥവാ ഇആര്‍പി സോഫ്റ്റ്!വെയറിനു പകരം പുതിയ സോഫ്റ്റ്!വെയര്‍ നിര്‍മിക്കാന്‍ തീരുമാനിച്ചു. ഇതൊരു പുതിയ അവസരമായിരുന്നു. പക്ഷേ അതത്ര എളുപ്പമായിരുന്നില്ലെന്നും റിതുപര്‍ണ പറയുന്നു.

2015 ല്‍ ജോലി രാജിവച്ചു. മറ്റു മൂന്നുപേരോടൊപ്പം ചേര്‍ന്ന് പുതിയ സോഫ്റ്റ്!വെയര്‍ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം തുടങ്ങി. യുഎസില്‍ പരീക്ഷിച്ച് വിജയിച്ചാല്‍ മാത്രമേ ഇതു വിജയിക്കുകയുള്ളൂവെന്ന ആദ്യ പാഠം മനസ്സിലാക്കി. 2015 ല്‍ ഐടി മേഖലയില്‍ ടെക്‌നോളജിയിലെ അടിസ്ഥാനസൗകര്യങ്ങളില്‍ മാറ്റം വരുത്താനായി 161 ബില്യന്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് ഐഡിസിയുടെ കണക്കുകള്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് തനിക്ക് അനുയോജ്യമായ വിപണി യുഎസ് ആണെന്ന് റിതുപര്‍ണ തീരുമാനിച്ചത്.

ചെറുകിട വ്യാപാരികള്‍ക്ക് തങ്ങളുടെ ബിസിനസിന്റെ മുഴുവന്‍ വിവരങ്ങളും ഒരു പ്ലാറ്റ്‌പോമില്‍ കാണാന്‍ സഹായിക്കുന്ന സോഫ്റ്റ്!വെയര്‍ നിര്‍മിച്ചു. ഇതു വ്യാപാരികക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തു. ഓരോ മാസവും 1,000 ഡോളറിന്റെ വരുമാനം റിതുപര്‍ണയുടെ കമ്പനിക്ക് ഉണ്ടായി. എട്ടു മാസങ്ങള്‍ക്കുള്ളില്‍ തന്നെ കമ്പനി പ്രശസ്തമായി. ഇന്നു കമ്പനി 20 ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്!വെയര്‍ നല്‍കുന്നു. 500 സ്റ്റാര്‍ട്ടപ്പില്‍ നിന്നും 125,000 ഡോളര്‍ നിക്ഷേപം ഫുള്‍ഫില്‍ ഡോട് ഐഒ നേടിയെടുത്തതില്‍ അദ്ഭുതപ്പെടാനില്ലെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ലഫലഫ ഡോട് കോം

ലഫലഫയെക്കുറിച്ച് യോഷ ഗുപ്ത വളരെച്ചുരുക്കി ഇങ്ങനെ പറയും ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് ധനലാഭം ലഫലഫ നല്‍കും. ഓണ്‍ലൈന്‍ ഷോപ്പിങ് നടത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാണ് ലഫലഫ. ഇതുവഴി എന്തു സാധനവും വാങ്ങാം. ഓരോ സാധനത്തിനും പ്രത്യേകം വിലക്കിഴിവും ലഭിക്കും.

സ്‌നാപ്ഡീല്‍, ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് തുടങ്ങി വന്‍കിട ഇകൊമേഴ്‌സ് കമ്പനികള്‍ ഉള്‍പ്പെടെ വിവിധ ബാങ്കുകളും ലഫലഫയ്‌ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

മികച്ച ബിസിനസ് എന്നതിനൊപ്പം കടുത്ത മല്‍സരവും ഈ രംഗത്തുള്ളതായി യോഷ പറയുന്നു.മാസ്മാര്‍ട്ട്‌പ്രൈസ്, കൂപ്പണ്‍ദുനിയ, ഗ്രാബോണ്‍, ക്യാഷ്‌കരോ, പെന്നിഫുള്‍ തുടങ്ങിയ കമ്പനികളാണ് ലഫലഫയുടെ മുഖ്യ എതിരാളികള്‍.

മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ലഫലഫ പ്രധാനമായും വില്‍പന നടത്തുന്നത്. കമ്പനിയുടെ 70 ശതമാനം കച്ചവടവും ആന്‍ഡ്രോയിഡ് ആപ്പ് വഴിയാണ്. മൊബൈലില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയതാണ് 500 സ്റ്റാര്‍ട്ടപ്‌സില്‍ നിന്നും നിക്ഷേപം നേടിയെടുക്കാന്‍ ലഫലഫയ്ക്ക് സഹായകമായത്. 125,000 ഡോളറാണ് 500 സ്റ്റാര്‍ട്ടപ്‌സില്‍ നിന്നും ലഫലഫയ്ക്ക് ലഭിച്ചത്.

500 സ്റ്റാര്‍ട്ടപ്‌സില്‍ നിന്നും ഇവര്‍ പഠിച്ച പാഠങ്ങള്‍

ഇന്ത്യയില്‍ നിന്നുള്ള മൂന്നു വനിതാ സംരംഭകരായ ഇവര്‍ നിരവധി കാര്യങ്ങളാണ് 500 സ്റ്റാര്‍ട്ടപ്‌സില്‍ നിന്നും മനസ്സിലാക്കിയത്. 500 സ്റ്റാര്‍ട്ടപ്‌സിന്റെ സ്ഥാപകനായ ഡേവ് മക്ക്‌ലൂര്‍ ആഴ്ചയില്‍ ഒരു ദിവസം ഇവരെ കാണാനെത്തു. അദ്ദേഹത്തിന്റെ ടീമംഗങ്ങള്‍ ഇവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നു

1. ധനസമാഹാരണ വൈദഗ്ധ്യം

2. ബിസിനസിലെ പരിചയ സമ്പന്നരുമായി സംസാരിച്ച് കമ്പയുടെ വളര്‍ച്ച ഉയര്‍ത്തുക

3. വിശ്വസ്തരായ ഉപദേഷ്ടാക്കളുടെ നിര്‍ദേശം സ്വീകരിക്കുക

4. മറ്റു സ്റ്റാര്‍ട്ടപ്പുകളുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കുക

5. പുതിയ ടെക്‌നോളികള്‍ ഉപയോഗിക്കുക

ഇന്ത്യന്‍ വനിതകള്‍ക്കും ലോകത്തിനു മുന്നില്‍ തിളങ്ങാനുള്ള സമയം

പാശ്ചാത്യ രാജ്യങ്ങളിലെ വിപണികള്‍ കയ്യടക്കുക എന്നത് വനിതകളെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമല്ല. എന്നാല്‍ ചില സ്ത്രീകള്‍ ഇതിനു ധൈര്യപ്പെടാറുണ്ട്. അനൗഷെ അന്‍സാരിയെ തന്നെ ഉദാഹരണമായി എടുക്കാം. ഇറാനില്‍ നിന്നും യുഎസിലേക്ക് കുടിയേറിയെത്തിയ സമയത്ത് ഇംഗ്ലീഷിലെ ഒരു വാക്കുപോലും അനൗഷെ അന്‍സാരിക്ക് അറിയില്ലായിരുന്നു. സ്‌കൂളില്‍ ചേര്‍ക്കുന്ന സമയത്ത് ഇംഗ്ലീഷ് ഭാഷ അറിയാത്തതുമൂലം ഗ്രേഡ് 11 ല്‍ നിന്നും ഗ്രേഡ് ഒന്‍പതിലേക്ക് ചേര്‍ക്കാന്‍ സ്‌കൂള്‍ അധികൃതര്‍ നിര്‍ദേശിച്ചു.. എന്നാല്‍ രണ്ടു വര്‍ഷം വെറുതെ കളയാന്‍ അന്‍സാരി തയാറായില്ല. വേനല്‍ക്കാല അവധിയില്‍ ദിവസവും 12 മണിക്കൂര്‍ ഇംഗ്ലീഷ് പഠിക്കാനായി മാറ്റിവച്ചു. സ്‌കൂള്‍ തുറക്കുമ്പോള്‍ ഗ്രേഡ് 11 ല്‍ ചേരുകയായിരുന്നു ലക്ഷ്യം. അന്‍സാരിയുടെ പ്രയത്‌നം ഫലം കണ്ടു.

തുടര്‍ന്ന് കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് എന്നീ മേഖലയില്‍ ഉന്നത ബിരുദം നേടി. സ്വന്തമായി ബിസിനസ് തുടങ്ങി വന്‍കിട വ്യവസായികളുടെ നിരയില്‍ എത്തി. ബഹിരാകാശത്തേക്ക് യാത്ര പോവുകയും ചെയ്തു. ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ വിനോദ സഞ്ചാരി, ബഹിരാകാശത്തെത്തിയ ആദ്യത്തെ മുസ്ലിം വനിത, ആദ്യ ഇറാന്‍ വംശജ എന്നീ ബഹുമതികള്‍ സ്വന്തമാക്കി.

ഇന്ത്യന്‍ വനിതകള്‍ക്ക് പ്രചോദനാണ് അനൗഷെ അന്‍സാരി. നിരവധി വനിതാ ബിസിനസ് സംരംഭകരും വന്‍കിട വ്യവസായ സ്ഥാപനങ്ങളുടെ മേധാവി സ്ഥാനത്തേക്കെത്തിയ ഒട്ടേറെ സ്ത്രീകളെ ഈ യുഗത്തില്‍ കാണാം.ഐസിഐസിഐ ബാങ്ക് സിഇഒ ചന്ദ കോച്ചര്‍, ആക്‌സിസ് ബാങ്ക് മേധാവി ശിഖ ശര്‍മ, ഐബിഎമ്മിന്റെ വനിത നാരായണന്‍ തുടങ്ങിയവര്‍ ഇതിനുദാഹരണമാണ്. ഈ യുഗം യുവ വനിതാ സംരംഭകരുടേതാണെന്നതില്‍ യാതൊരു സംശയവും വേണ്ട. സ്വന്തം സ്റ്റാര്‍ട്ടപ്പുകളെ ആഗോള കമ്പനിയാക്കി ഉയര്‍ത്താനും അവര്‍ക്ക് ഈ യുഗത്തില്‍ സാധിക്കുമെന്നു ഉറപ്പാണ്.