ആത്മവിശ്വാസം വളര്‍ത്തി അപ്നിശാല

0


പഠനത്തില്‍ അധികം പിന്നിലല്ലാത്ത രോഹന്റെ ചില ക്രൂര വിനോദങ്ങള്‍ ടീച്ചറായ ശ്വേതയില്‍ ആദ്യം അതിശയമാണ് ജനിപ്പിച്ചത്. ആറ് വയസ്സുള്ള ഒരു കുട്ടിയില്‍ നിന്നും സഹപാഠികള്‍ക്ക് നേരിടേണ്ടിവന്ന പീഢനങ്ങള്‍ വളരെ വലുതായിരുന്നു. രോഹന്റെ വീട്ടിലെ അന്തരീക്ഷം അന്വേഷിച്ച ശ്വേത കണ്ടത് അവന്റെ ദയനീയ സ്ഥിതിയായിരുന്നു. മുഴുക്കുടിയനായ പിതാവ് അമ്മയെ തല്ലുമെന്നും അതുകഴിഞ്ഞ് തന്നെ പീഡിപ്പിക്കുമെന്നുള്ള രോഹന്റെ വെളിപ്പെടുത്തല്‍ ശ്വേതയെ ഞെട്ടിച്ചു. വീട്ടിലെ ഈ സാഹചര്യമാണ് അവനിലെ കുറ്റവാസനകള്‍ വളര്‍ത്തിയത്. നിത്യ ചെലവിനായി സ്‌കൂള്‍ കഴിഞ്ഞ് വയലില്‍ പണിയെടുക്കേണ്ടിയും വന്നിരുന്നു. ഒരു എന്‍ ജി ഒയില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചിരുന്ന ശ്വേതയുടെ ചിന്തകളെ തന്നെ മാറ്റി മറിച്ച അനുഭവമായിരുന്നു ഇത്. രോഹനെപ്പോലെ നിരവധി കുട്ടികള്‍ സമൂഹത്തില്‍ ഉണ്ടെന്ന് മനസിലാക്കിയ ശ്വേത അവരെ തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരാനും ഇത്തരം അഴുക്കുചാലിലേക്ക് കുരുന്നുകള്‍ വീണുപോകാതിരിക്കാനും എന്ത് ചെയ്യാനാകുമെന്ന് ചിന്തിച്ചു. അങ്ങനെയാണ് വിടരും മുമ്പ് കൊഴിഞ്ഞു പോകുന്ന കുട്ടികള്‍ക്കായി നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഉന്നമനത്തിനുമായി രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ അപ്നിശാല എന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടത്.

അമൃതയേയും അനുകീര്‍ത്തിയേയുമാണ് ശ്വേതക്ക് കൂട്ടിനായി കിട്ടിയത്. ഒരേ മനസ്സുള്ള മൂവരും ചേര്‍ന്നപ്പോള്‍ അത് ഒരു പുതിയ തുടക്കമായി. അമൃത സൈക്കോളജിയിലും കൗണ്‍സിലിംഗ് വിദഗ്ധയും, അനുകീര്‍ത്തി സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ താത്പര്യമുള്ളവളും ആയിരുന്നു. ഇത് കൂടുതല്‍ പ്രചോദനമായി. കുട്ടികളെ ജീവിക്കാന്‍ പ്രാപ്തരാക്കുക അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിന് വഴിതെളിക്കുക എന്ന ആശയം ശ്വേതയുടേതായിരുന്നു. ലക്ഷ്യം കണ്ടെത്തിയെങ്കിലും അതിലേക്കുള്ള വഴി കല്ലും മുള്ളും നിറഞ്ഞതായിരുന്നു.

സ്‌കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ടെങ്കിലും പ്രായോഗിക വിജ്ഞാനം പലപ്പോഴും ലഭിക്കാറില്ല. ഇതിനായി കുട്ടികള്‍ക്ക് പ്രത്യേക കളരിയും ഇല്ല. എന്നാല്‍ ഇത്തരം പോരായ്മകള്‍ പരിഹരിക്കുക എന്ന ലക്ഷ്യം ഈ മൂന്ന് പെണ്‍കുട്ടികള്‍ ഏറ്റെടുത്തു. സമൂഹത്തില്‍ താഴെക്കിടെയുള്ള കുട്ടികളെ തിരഞ്ഞ് പിടിച്ച് അവര്‍ക്ക് വേണ്ട വ്യക്തിത്വവും ചിന്താശേഷിയും വികസിപ്പിക്കുന്നതിനായി അപ്നിശാല കളമൊരുക്കി.

സ്‌കൂളില്‍ സയന്‍സ്, മലയാളം ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി നിരവധി വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കിലും പുറത്ത് ഒരു പ്രശ്‌നം നേരിട്ടാല്‍ അത് എങ്ങനെ പരിഹരിക്കണമെന്നോ മറ്റുള്ളവരോട് എങ്ങനെ പെരുമാണമെന്നോ ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നത് പ്രധാന പോരായ്മയായി നിലനില്‍ക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇത്തരം അറിവ് കുട്ടികള്‍ക്ക് വളരെ പ്രധാനമാണ്. ഇതിനാവശ്യമായ പരിശീലനവുമായാണ് അപ്നിശാല രംഗത്തു വന്നത്.

ഇത്തരം കഴിവുകള്‍ കുട്ടികളില്‍ വളര്‍ത്തിയെടുക്കുന്നതിന്റെ ആവശ്യകതയെപറ്റി സ്‌കൂള്‍ അധികൃതരെ ബോധ്യപ്പെടുത്തുക ബുദ്ധിമുട്ടായിരുന്നു. പദ്ധതിയെക്കുറിച്ച് കേട്ടപ്പോള്‍ പല സ്‌കൂള്‍ അധികൃതര്‍ താത്പര്യം പ്രകടിപ്പിച്ചെങ്കിലും സ്‌കൂള്‍ ടൈംടേബിളില്‍ സമയം നല്‍കാന്‍ പലരും തയ്യാറായില്ല. ഇത്തരം പ്രശ്‌നങ്ങളെ മറികടക്കാന്‍ എന്‍ ജി ഒകള്‍ വഴി സ്‌കൂളുകളെ സമീപിക്കാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളെയാണ് ആദ്യം സമീപിച്ചത്. എന്‍ ജി ഒകള്‍ വഴിയുള്ള പ്രവര്‍ത്തനം അവരുടെ വഴി എളുപ്പമുള്ളതാക്കി തീര്‍ത്തു.

സര്‍ക്കാര്‍ അനുമതിയായിരുന്നു അടുത്ത കടമ്പ. പല കാര്യങ്ങളിലും സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാലതാമസം നേരിട്ടു.

സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും അവര്‍ക്ക് നേരിടേണ്ടിവന്നില്ല. അതിന് പ്രധാന കാരണം ഡി ബി എസ് ബാങ്കായിരുന്നു. പദ്ധതിയുടെ സദുദ്ദേശം മനസിലാക്കി അതിനാവശ്യമായ സാമ്പത്തിക സഹായം നല്‍കാന്‍ തയ്യാറായി ബാങ്ക് മുന്നോട്ടുവരികയായിരുന്നു.

കഥകളിലൂടെയും കൊച്ച് നാടകങ്ങളിലൂടെയും പാട്ടുകളിലൂടെയും കുട്ടികളിലെ കഴിവുകള്‍ പ്രത്സാഹിപ്പിക്കും അവരെ കൂടുതല്‍ പ്രാപ്തരാക്കിയും മുന്നോട്ടുപോകാനായ സന്തോഷത്തിലാണ് ഇന്നവര്‍. പഠനം യാന്ത്രികമായി മാറ്റാതെ എല്ലാ സ്‌കൂളുകളിലും ഇത്തരം പദ്ധതി നടപ്പാക്കണമെന്നതാണ് ഇപ്പോഴത്തെ അവരുടെ ആഗ്രഹം. അതിനായുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. അടുത്ത വര്‍ഷം 1100 കൂട്ടികളെ പരിശീലിപ്പിക്കുക എന്നതാണ് അപ്നിശാലയുടെ ലക്ഷ്യം.

വളയിട്ട മൂന്ന് കൈകള്‍ ചേര്‍ന്നാല്‍ കളികള്‍ പറഞ്ഞ് നേരം കൊല്ലാനും പാചകം ചെയ്യാനും മാത്രമല്ല മറിച്ച് സമൂഹത്തില്‍ പല നല്ല മാറ്റങ്ങളും വരുത്താനാകുമെന്നും അപ്നിശാലയുടെ കൂട്ടായ്മ തെളിയിച്ചു.