മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി മുഖ്യമന്ത്രി വീടുകളിലെത്തി

മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രചാരകനായി മുഖ്യമന്ത്രി വീടുകളിലെത്തി

Thursday August 31, 2017,

1 min Read

സ്വാതന്ത്ര്യദിനത്തില്‍ ഹരിതകേരളം പദ്ധതിയുടെ ഭാഗമായി 'മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം' എന്ന സന്ദേശത്തിന്റെ പ്രചാരകനായി മുഖ്യമന്ത്രി പിണറായി വിജയന്‍ നഗരത്തിലെ വീടുകളിലെത്തി. നന്ദന്‍കോട്ടെ ബൈനസ് കോമ്പൗണ്ടിലെ വീടുകളിലെത്തി മാലിന്യ നിര്‍മ്മാര്‍ജന സന്ദേശം ഉള്‍ക്കൊള്ളുന്ന ലഘുരേഖകള്‍ അദ്ദേഹം വിതരണം ചെയ്തു. ഡോ. ഡാലസിന്റെയും ഡോ. ജീന ഡാലസിന്റെയും വീട്ടിലാണ് മുഖ്യമന്ത്രി ആദ്യം എത്തിയത്. വീട്ടുടമസ്ഥന് ലഘുരേഖ നല്‍കി മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു. 

image


തുടര്‍ന്ന് അതേ ലൈനില്‍ തന്നെ താമസിക്കുന്ന ബര്‍ണബാസിന്റെ വീട്ടിലും മുഖ്യമന്ത്രി എത്തി. ബര്‍ണബാസും ഭാര്യ അമ്മിണിയും ചേര്‍ന്ന് മുഖ്യമന്ത്രിയെ സ്വീകരിച്ചു. ഇവരോടൊപ്പവും മുഖ്യമന്ത്രി കൂറേ സമയം ചെലവഴിച്ചു. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് വീടുകള്‍ക്ക് അനുയോജ്യമായ രീതികള്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്. കേന്ദ്രീകൃതമായ സംവിധാനങ്ങള്‍ ആവശ്യമെങ്കില്‍ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. മേയര്‍ വി.കെ. പ്രശാന്ത്, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശ്രീകുമാര്‍, നഗരാസൂത്രണ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. സതീഷ്‌കുമാര്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീതാഗോപാല്‍, കൗണ്‍സിലര്‍ പാളയം രാജന്‍, ശുചിത്വമിഷന്‍ ഡയറക്ടര്‍ ഡോ. കെ. വാസുകി തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.