പ്രതീക്ഷയേകി മെഡിക്കല്‍ കോളജ് റീഹാബിലിറ്റേഷന്‍ വിഭാഗം

പ്രതീക്ഷയേകി മെഡിക്കല്‍ കോളജ് റീഹാബിലിറ്റേഷന്‍ വിഭാഗം

Thursday December 10, 2015,

2 min Read

കൈകാലുകള്‍ നഷ്ടപ്പെട്ടവരുടേയും ചലനശേഷി നഷ്ടപ്പെട്ടവരുടേയും ജീവിതത്തിലേക്ക് വെളിച്ചം വീശി മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വിഭാഗം. റീഹാബിലിറ്റേഷന്‍ വിഭാഗം നിര്‍മ്മിച്ചുവരുന്ന ഭാരം കുറഞ്ഞ പോളി പ്രൊപ്പിലിന്‍ കൈകാലുകള്‍ക്കാണ് ആവശ്യമേറുന്നത്. 

image


കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമ കൈകാലുകള്‍, ചലന സഹായി, ബെല്‍റ്റ്, ഊന്നുവടി എന്നിവ ഇവിടെ നിര്‍മ്മിച്ച് നല്‍കുന്നു. 1965 ലാണ് മെഡിക്കല്‍ കോളജില്‍ ഈ നിര്‍മ്മാണ കേന്ദ്രം തുടങ്ങിയതെങ്കിലും 1972 ലാണ് ഫിസിക്കല്‍ മെഡിസിന്‍ റീഹാബിലിറ്റേഷന്‍ വിഭാഗമായത്. കൃത്രിമ കൈകാലുകള്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ തന്നെ അപൂര്‍വ സ്ഥാപനങ്ങളിലൊന്നാണിത്. മധ്യ-തെക്കന്‍ കേരളത്തിലേയും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലേയും ജനങ്ങളുടെ പ്രധാന ആശ്രയകേന്ദ്രം കൂടിയാണ്. കൃത്രിമ കൈകാലുകള്‍ നിര്‍മ്മിച്ച് ഉറപ്പിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ ചുരുക്കം ചില സ്ഥലങ്ങളിലൊന്നാണ് റിഹാബിലിറ്റേഷന്‍ വിഭാഗം. കൃത്രിമ കൈകാലുകള്‍ക്കായി ഇവിടെ സമീപിക്കുന്നവരില്‍ 70ശതമാനം പേരും പ്രമേഹ രോഗത്താല്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവരാണ്. 20 ശതമാനം പേര്‍ അപകടത്തിലും മറ്റുള്ളവര്‍ ക്യാന്‍സര്‍ തുടങ്ങിയ മറ്റ് കാരണങ്ങള്‍ കൊണ്ടും കൈകാലുകള്‍ നഷ്ടപ്പെട്ടവരുമാണ്.

image


ആദ്യഘട്ടത്തില്‍ തടികൊണ്ടുള്ള കൈകാലുകളാണ് നിര്‍മ്മിച്ചിരുന്നത്. എന്നാലിപ്പോള്‍ തീരെ ഭാരം കുറഞ്ഞ പോളി പ്രൊപ്പിലിന്‍ കൈകാലുകളാണ് നിര്‍മ്മിക്കുന്നത്. ഓരോരുത്തരുടേയും അളവെടുത്ത ശേഷം അനുയോജ്യമായ കൈകാലുകള്‍ ഉണ്ടാക്കുന്നു. ജയ്പൂര്‍ കാലുകളും, പ്രാദേശികമായി വികസിപ്പിച്ചെടുത്ത കാലുകളും ആവശ്യമായ മാറ്റം വരുത്തിയും നല്‍കാറുണ്ട്. പ്രത്യേകം പരിശീലനം നല്‍കിയ മുപ്പതോളം ടെക്‌നീഷ്യന്‍മാരാണ് ഇത്തരം കൃത്രിമ കൈകാലുകള്‍ നിര്‍മ്മിക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. റേഷന്‍ കാര്‍ഡ് മാനദണ്ഡമാക്കി 25,000 രൂപ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ഇവ സൗജന്യമായി നല്‍കുന്നു.

image


കഴുത്ത്, സന്ധി, നടുവ് തുടങ്ങിയ ശരീര ഭാഗങ്ങളിലെ വേദനകള്‍ക്കും പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ടവര്‍, സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍, കൈകാലുകള്‍ തളര്‍ന്നവര്‍ എന്നിവര്‍ക്കും ഇവിടെ നിന്നും ആവശ്യമായ ഉപകരണങ്ങള്‍ തയ്യാറാക്കി നല്‍കുന്നുണ്ട്. ഫിസിയോ തെറാപ്പി ചികിത്സക്കും സൗകര്യമൊരുക്കിയിട്ടുണ്ട്. തലച്ചോറിന്റെ വളര്‍ച്ചാക്കുറവ് കാരണം കൈകാലുകള്‍ക്ക് പ്രവര്‍ത്തന ക്ഷമതയില്ലാത്ത കുട്ടികളെ ചികിത്സിക്കാനായി സെറിബ്രല്‍ പാള്‍സി ക്ലിനിക്, കൈകാല്‍ വഴക്കമില്ലാത്തവര്‍ക്കായി സ്‌പെഷ്യാലിറ്റി ക്ലിനിക്, പക്ഷാഘാതം വന്നവര്‍ക്കായുള്ള റീഹാബിലിറ്റേഷന്‍ ക്ലിനിക്, അമിത ഭാരം കുറക്കാനായി ഒബ്യൂസിറ്റി ക്ലിനിക്, ജീവിത ശൈലി രോഗങ്ങള്‍ക്കായുള്ള ലൈഫ് സ്‌റ്റൈല്‍ ക്ലിനിക്, ഹീമോഫീലിയ രോഗങ്ങള്‍ക്കായുള്ള ഹീമോഫീലിയ ക്ലിനിക്ക് വിവിധ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഇവിടെയുണ്ട്. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യുവിന്റെ നേതൃത്വത്തില്‍ പ്രൊഫസറും ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയുമായ ഡോ. ശ്രീകല വി കെ, ഡോ. (പ്രൊഫ) എസ് അബ്ദുള്‍ ഗഫൂര്‍ എന്നിവരാണ് ഈ വിഭാഗം നയിക്കുന്നത്.