ആരോഗ്യമന്ത്രി മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു  

0

ആയുര്‍വേദ മരുന്നുത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധിയെ പതിന്മടങ്ങ് കരുത്തിലേക്ക് കൊണ്ടുവരും. മരുന്ന് ചെടികള്‍ കൃഷി ചെയ്യുന്നതിന് നാം പ്രാധാന്യം കൊടുക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ഭാരതീയ ചികിത്സാ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 

ആയുര്‍വേദത്തിന്റെ സമസ്ത മേഖലകളിലും സമഗ്ര സംഭാവന നല്‍കിയതിനുള്ള 'അഷ്ടാംഗ രത്‌ന അവാര്‍ഡ്' തിരുവനന്തപുരം ആയുര്‍വേദ കോളേജിലെ മുന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി. ശ്രീകുമാരി അമ്മ ഏറ്റുവാങ്ങി. ആയുര്‍വേദ ചികില്‍സയിലും ഗവേഷണത്തിലും സമഗ്ര സംഭാവന നല്‍കിയ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ മേഖലകളിലെ മികച്ച ഡോക്ടര്‍ക്കുള്ള 'ധന്വന്തരി അവാര്‍ഡ്' ആയുര്‍വേദ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. പി.കെ. അശോകിന് നല്‍കി. ഭാരതീയ ചികിത്‌സാ വകുപ്പിലെ മികച്ച ഡോക്ടര്‍ക്കുള്ള 'ചരക അവാര്‍ഡ്' കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കലോഫീസര്‍ ഡോ. എന്‍. ശ്രീകുമാറിനും ആയുര്‍വേദ കോളേജിലെ മികച്ച അധ്യാപകനുള്ള 'ആത്രേയ അവാര്‍ഡ്' ഒല്ലൂര്‍ വൈദ്യരത്‌നം ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. വിശ്വനാഥനും ലഭിച്ചു. സ്വകാര്യ മേഖലയില്‍ ആയുര്‍വേദത്തിന്റെ പ്രശസ്തിക്കും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ക്കുള്ള 'വാഗ്ഭട അവാര്‍ഡ്' തിരുവല്ല ബഥനി റോഡ് ശാന്തിനിവാസില്‍ ഡോ. എം. നടരാജന് നല്‍കി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍, കെജിഒഎ പ്രസിഡന്റ് ടി.എസ്.രഘുലാല്‍,എഎംഎഐ ജനറല്‍ സെക്രട്ടറി ഡോ.രജിത് ആനന്ദ്, കെഎസ്ജിഎഎംഒഎ ജനറല്‍ സെക്രട്ടറി ഡോ.എം.ഷര്‍മദ് ഖാന്‍, കെജിഎഎംഒഎഫ് ജനറല്‍ സെക്രട്ടറി ഡോ.എസ്.ദുര്‍ഗാപ്രസാദ്, കെഎസ്ജിഎഎസ്എംഒഎ പ്രസിഡന്റ് ഡോ.എസ്.ജെ.സുഗത എന്നിവര്‍ സംസാരിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ.ആര്‍.ബി.രമാകുമാരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ.അനിത ജേക്കബ് സ്വാഗതവും ഭാരതീയ ചികിത്സ വകുപ്പ് അക്കൗണ്ട്‌സ് ഓഫീസര്‍ എം.കെ.സത്യനാഥന്‍ നന്ദിയും പറഞ്ഞു