കുട്ടികളിലെ ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് ശില്‍പശാല  

0

 കുട്ടികളിലുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങളെക്കുറിച്ച് എസ്.എ.ടി. ആശുപത്രി പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററില്‍ ശില്‍പശാല സംഘടിപ്പിച്ചു. സി.ഡി.സി., ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്, യു.എസ്.എ. ചില്‍ഡ്രന്‍സ് ഹാര്‍ട്ട് ലിങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്.

ശിശുക്കളിലുണ്ടാകുന്ന ഹൃദയ സംബന്ധമായ രോഗങ്ങള്‍ നേരത്തെ കണ്ടു പിടിക്കാനും വിവിധ തരത്തിലുള്ള നൂതന ചികിത്സകളെപ്പറ്റി ശിശുരോഗ വിദഗ്ധരില്‍ അവബോധം സൃഷ്ടിക്കാനുമാണ് ഇത്തരമൊരു ശില്‍പശാല സംഘടിപ്പിച്ചത്. കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള നിരവധി വിദഗ്ധ ഡോക്ടര്‍മാര്‍ ചര്‍ച്ചാക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ഇതോടൊപ്പം പിജി വിദ്യാര്‍ത്ഥികള്‍ക്കായി പ്രശ്‌നോത്തരിയും സംഘടിപ്പിച്ചു. നൂറോളം ഡോക്ടര്‍മാര്‍ പരിപാടിയില്‍ പങ്കെടുത്തു.

രണ്ടുദിവസം നടക്കുന്ന ഈ ശില്‍പശാലയുടെ ഉദ്ഘാടനം ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍ നിര്‍വഹിച്ചു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു, പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. എം. സുല്‍ഫിക്കര്‍ അഹമ്മദ്, കിംസ് ആശുപത്രിയിലെ കാര്‍ഡിയോളജി കണ്‍സള്‍ട്ടന്റ് ഡോ. വി. രാമകൃഷ്ണ പിള്ള, ശ്രീചിത്രയിലെ കാര്‍ഡിയോളജി വിഭാഗം മോധാവി ഡോ. വി.കെ. അജിത്, മുന്‍ മോധാവി ഡോ. ജെ.എ. തരകന്‍, പീഡിയാട്രിക് വിഭാഗം മോധാവി ഡോ. എ. സന്തോഷ്‌കുമാര്‍, ഗോകുലം മെഡിക്കല്‍ കോളേജ് പീഡിയാട്രിക് വിഭാഗം മേധാവി ഡോ. ലളിത കൈലാസ്, സി.ഡി.സി. ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.