ഡയാലിസിസ്; ആശങ്കയകറ്റി സഹായമേകാന്‍ നെഫ്‌റോ പ്ലസ്‌

ഡയാലിസിസ്; ആശങ്കയകറ്റി സഹായമേകാന്‍ നെഫ്‌റോ പ്ലസ്‌

Saturday October 17, 2015,

2 min Read

കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന അയാളെ വളരെ പെട്ടെന്നായിരുന്നു വൃക്കരോഗം കീഴടക്കിയത്. ചികിത്സാ ചെലവ് അയാള്‍ക്കോ കുടുംബത്തിനോ താങ്ങാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു അദ്ദേഹം. മക്കളുടെ പഠിത്തവും കുടുംബ ചെലവും അതിനൊപ്പം ചികിത്സ ചെലവും താങ്ങാതായതോടെ മാനസികമായും അയാള്‍ തളരുകയായിരുന്നു. ഇതയാളെ ആത്മഹത്യ എന്ന പോംവഴിയിലാണ് കൊണ്ടെത്തിച്ചത്. ഇത്തരത്തിലുള്ള നിരവധി സംഭവ കഥകളാണ്് ഹൈദ്രാബാദിലെ മികച്ച ഡയാലിസിസ് നെറ്റ്‌വര്‍ക്കായ നെഫ്രോപ്ലസ് എന്ന സ്ഥാപനത്തിലേക്ക് നയിച്ചത്. വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിക്ക് ഡയാലിസിസ് അത്യന്താപേക്ഷിതമാണ്. ഇന്‍ഷുറന്‍സോ സര്‍ക്കാര്‍ സഹായമോ ഇല്ലെങ്കില്‍ ഇത്് സാധാരണക്കാര്‍ക്ക് താങ്ങാനാകാത്ത രീതീയില്‍ പണച്ചെലവുള്ളതുമാണ്.

image


നെഫ്രോപ്ലസിന്റെ സ്ഥാകപരില്‍ പ്രധാനിയായ വിക്രം വുപ്പാല പത്ത് വര്‍ഷത്തോളമാണ് യു എസില്‍ ജോലി നോക്കിയത്. ഇന്ത്യയില്‍ തിരിച്ചെത്തിയാല്‍ ഒരു ആരോഗ്യപരിപാലന ഉദ്യമത്തിന് തുടക്കം കുറിക്കണമെന്നത് അദ്ദേഹത്തിന്റെ ചിരകാല അഭിലാഷമായിരുന്നു. ഇന്ത്യയില്‍ വധിച്ചുവരുന്ന പ്രമേഹ, രക്ത സമ്മര്‍ദ്ദ രോഗികള്‍ക്കായി പ്രവര്‍ത്തിക്കണമെന്നായിരുന്നു ആദ്യ ആഗ്രഹം. ആ സമയത്ത് ഇന്ത്യയില്‍ 65 മില്ല്യണ്‍ പ്രമേഹ രോഗികളും 140 മില്ല്യണ്‍ രക്തസമ്മര്‍ദ്ദ രോഗികളുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ വൃക്കരോഗം ബാധിച്ചവരേയും ഡയാലിസിസിന് നേരിടുന്ന പണച്ചെലവിനേയും കുറിച്ച് മനസിലാക്കിയപ്പോള്‍ ചിന്ത ആ വഴിക്കായി.

കെമിക്കല്‍ എന്‍ജിനിയറായ കമല്‍ ഷായെ പരിചയപ്പെടുന്നതും ആ സമയത്താണ്. അദ്ദേഹം കഴിഞ്ഞ 12 വര്‍ഷങ്ങളായി ഡയാലിസിസ് ചെയ്തവരുന്ന വ്യക്തിയാണെന്നത് വൃക്കരോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കി. അദേഹം തന്റെ ചികിത്സയെ സംബന്ധിച്ച് വിവരിച്ച ബ്ലോഗ് വായിക്കിനിടയായതാണ് വുപ്പാലക്ക് ഡയാലിസിസ് യൂനിറ്റ് ആരംഭിക്കാന്‍ കൂടുതല്‍ പ്രചോദനമായത്. ബാഗ്ലൂരില്‍ എന്‍ജിനിയറായിരുന്ന ഗുഡിബന്ദയും അവരോടൊപ്പം ചേര്‍ന്നതോടെയാണ് നെഫ്രോപ്ലസിന് അടിത്തറയിടാന്‍ തീരുമാനമായത്. ആദ്യ യൂനിറ്റ് ഹൈദ്രാബാദിലാണ് ആരംഭിച്ചത്. തുടര്‍ന്ന് അവിടെത്തന്നെ മറ്റൊരെണ്ണം കൂടി സ്ഥാപിച്ചു. പിന്നീട് ബാംഗ്ലൂര്‍, ചെന്നൈ, പൂനെ നോയിഡ, േകാണ്‍പൂര്‍ തുടങ്ങി 14 സംസ്ഥാനങ്ങളിലായി 34 നഗരങ്ങളിലും യൂനിറ്റുകള്‍ ഉയര്‍ന്നു.

image


ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡയാലിസിസ് ചെയ്തു നല്‍കുകയായിരുന്നു നെഫ്രോപ്ലസിന്റെ ലക്ഷ്യം. മികച്ച ഡയാലിസിസ് ദാതാക്കളായി ഇവര്‍ക്ക് മാറാന്‍ കഴിഞ്ഞതും കുറഞ്ഞ ചെലവ് എന്ന മുഖമുദ്ര ഒന്നുകൊണ്ടുമാത്രമാണ്. വളരെ ചെറിയ മുതല്‍മുടക്കില്‍ ആരംഭിച്ച സംരംഭത്തിന് കുറഞ്ഞ ചെലവ് എന്ന മുഖമുദ്ര ഉയര്‍ത്തിപ്പിടിക്കാന്‍ നന്നേ പാടുപെടേണ്ടിവന്നു. പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്ന ഘട്ടത്തില്‍ പൊതു സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തനം പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടൊപ്പം ഗുണനിലവാരം മികച്ചതാക്കാനും പ്രത്യേക ശ്രദ്ധ നല്‍കി.

പരിശ്രമഫലമായി മികച്ച ആരോഗ്യപരിപാലന കേന്ദ്രമാക്കി ഇതിനെ ഉയര്‍ത്താനായി. ചെറിയ നഗരങ്ങളേക്കാള്‍ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പമായി. യു പിയിലെ ആഗ്രപോലുള്ള ഇടങ്ങളില്‍ കെട്ടിട നികുതി, ചരക്കു നീക്കം എന്നിവയില്‍ ബുദ്ധിമുട്ട് നേരിട്ടു. മികച്ച ജീവനക്കാരുടെ അഭാവവും ചെറിയ നഗരങ്ങളില്‍ വെല്ലുവിളിയായി. മറ്റ് ഇടങ്ങളില്‍ നിന്നും കൂടുതല്‍ വേതനം നല്‍കി ജീവനക്കാരെ നിയമിക്കേണ്ടിവന്നു. ഡയാലിസിസ് നടത്തുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ജര്‍മനിയില്‍ നിന്നോ ജപ്പാനില്‍ നിന്നോ ഇറക്കുമതി ചെയ്യേണ്ടിയിരുന്നു. യന്ത്രങ്ങള്‍ക്ക് റേഡിയേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല എന്നത് അധികം നിയന്ത്രണങ്ങള്‍ ഇല്ലാതെ നാട്ടിലെത്തിക്കാന്‍ സഹായകമായി. പക്ഷെ വളരെ വിലയേറിയ യന്ത്രങ്ങളായിരുന്നു ഇവ. ഓരോന്നിനും ഏകദേശം ഏഴ് ലക്ഷം രൂപവരെ വില വന്നു. ഇത്തരം ചിലവുകള്‍ കയ്യിലൊതുങ്ങാതെ വന്നപ്പോഴാണ് പൊതു സ്വകാര്യ പങ്കാളിത്തം എന്ന ആശയം ഉയര്‍ന്നുവന്നത്.

image


നെഫ്രോ പ്ലസിന്റെ അടുത്ത യൂനിറ്റുകള്‍ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോകത്തിലെ തന്നെ മികച്ച ഡയാലിസിസ് യൂണിറ്റുകളില്‍ ഒന്നായി ഇത് മാറ്റാനാകുമെന്നാണ് വിക്രമിന്റെ പ്രതീക്ഷ.