മുതുകാടിന്റെ മാന്ത്രിക സ്പര്‍ശത്തില്‍ എ വെബ് സമ്മേളനം; അമ്പരന്ന് വിദേശികള്‍

0

ശൂന്യതയില്‍ നിന്ന് ഇത്തവണ മുതുകാട് പ്രത്യക്ഷപ്പെടുത്തിയത് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലോഗോ! എല്ലാ രാജ്യങ്ങളിലും ജനാധിപത്യമെന്ന മഹത്തായ ആശയത്തെ പ്രചരിപ്പിക്കുവാന്‍ കൂടിയ അന്താരാഷ്ട്ര സമ്മേളനത്തിലാണ് സദസ്സിനെ വിസ്മയിപ്പിച്ചുകൊണ്ട് മുതുകാട് ലോഗോ പ്രത്യക്ഷപ്പെടുത്തിയത്. ജനാധിപത്യത്തിന്റെ മൂല്യവും വോട്ടവകാശത്തിന്റെ പ്രാധാന്യവും ബോധ്യപ്പെടുത്തുതായിരുന്നു മുതുകാടിന്റെ ഇന്ദ്രജാല പരിപാടി. ന്യൂഡല്‍ഹി ചാണക്യപുരിയിലെ ഹോട്ടല്‍ അശോകിന്റെ ഔദ് ഹാളില്‍ നടന്ന എ വെബ്ബ് (Association of World Election Bodies) എക്‌സിക്യുട്ടീവ് മീറ്റിംഗിന്റെ പ്രൗഢഗംഭീരമായ ചടങ്ങിലാണ് മുതുകാടിന്റെ ഇന്ദ്രജാല പ്രകടനം ശ്രദ്ധേയമായത്. ഓരോ ഇനങ്ങളും മുതുകാട് തന്റെ സ്വതസിദ്ധമായ മികവിലൂടെ വളരെ തന്മയിത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ വിദേശികളുടെ നിറഞ്ഞ കരഘോഷം. ഇന്ദ്രജാലത്തിലെ വിസ്മയങ്ങള്‍ കണ്ട് അമ്പരന്ന പ്രതിനിധികള്‍ ഏവരും വേദിയിലെത്തി മുതുകാടിനെ പ്രശംസിച്ചു.

വിവിധ കാലഘട്ടങ്ങളില്‍ നിലനിന്നിരുന്ന ഏകാധിപത്യ ഭരണ സമ്പ്രദായത്തില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റം മൂലം നാം ഇനുഭവിക്കുന്ന സ്വാതന്ത്യവും, സുരക്ഷയും, അവകാശങ്ങളും എത്രയേറെ വലുതാണെന്ന യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്തുന്ന ഇന്ദ്രജാലമാണ് മുതുകാട് അവതരിപ്പിച്ചത്. ഏകാധിപത്യത്തിന്റെ ദുരവസ്ഥയും ജനാധിപത്യത്തിന്റെ മൂല്യവും തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് തന്റെ ഇന്ദ്രജാലത്തിലൂടെ മുതുകാട് പറഞ്ഞു വെച്ചു. ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനപ്രതിനിധി സംവിധാനത്തെക്കുറിച്ചും നാടിന്റെ പുരോഗതിക്കു വേണ്ടി അവരെ തിരഞ്ഞെടുക്കേണ്ടതിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചുമുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി ഇന്ദ്രജാല പരിപാടി.

അമേരിക്ക, ഹംഗറി, ഡോമിനിക്കന്‍ റിപ്പബ്ലിക്, ബ്രസീല്‍, റുമാനിയ, കൊറിയ, സൗത്ത് ആഫ്രിക്ക, കിര്‍ഗിസ്ഥാന്‍, അല്‍ബേനിയ, എല്‍സാല്‍വഡോര്‍, ബോസ്‌നിയ, ഇക്വഡോര്‍ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ദേശീയ ഇലക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ നസീം സെയ്ദിയാണ് മുതുകാടിനെ വിദേശീയര്‍ക്ക് പരിചയപ്പെടുത്തിയത്. ഇതാദ്യമായാണ് എ-വെബ്ബിന്റെ അന്താരാഷ്ട്ര സമ്മേളനം ഇന്ത്യയില്‍ നടക്കുന്നത്. ജനാധിപത്യത്തിന്റെ പ്രാധാന്യവും വികസനവും ലോകം മുഴുവന്‍ വ്യാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് എ-വെബ്ബിന്റെ സമ്മേളനം സംഘടിപ്പിച്ചത്.