മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ക്ക് മികച്ച നേട്ടം

മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍മാര്‍ക്ക് മികച്ച നേട്ടം

Sunday December 25, 2016,

1 min Read

മൈസൂരില്‍ വച്ചുനടന്ന ശസ്ത്രക്രിയ വിദഗ്ദ്ധന്‍മാരുടെ ദേശീയ സമ്മേളനമായ അസികോണ്‍ 2016ല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച വിജയം. ക്വിസ് മത്സരത്തിലും പോസ്റ്റര്‍ പ്രബന്ധാവതരണത്തിലുമാണ് മികച്ച വിജയം കൈവരിച്ചത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ആറായരത്തിലധികം ശസ്ത്രക്രിയാ വിദഗ്ധര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

image


ദേശീയതലത്തില്‍ നടന്ന ക്വിസ് മത്സരത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായ ഡോ. അനൂപ് എസ്., ഡോ. അരവിന്ദ് എസ്. ഗണപത് എന്നിവര്‍ ഒന്നാം സ്ഥാനം നേടി. സംസ്ഥാന തലത്തില്‍ വച്ചുനടന്ന ക്വിസ് മത്സരത്തില്‍ വിജയികളായ ഇവര്‍ അവസാനവര്‍ഷ പി.ജി. വിദ്യാര്‍ത്ഥികളാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഇരുപതിലധികം ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്.

അവസാനവര്‍ഷ സര്‍ജറി പി.ജി. വിദ്യാര്‍ത്ഥിയായ ഡോ. വിപിന്‍ ബി. നായര്‍ പോസ്റ്റര്‍ പ്രബന്ധാവതരണത്തില്‍ ഒന്നാം സ്ഥാനം നേടി. വിവിധ കാരണങ്ങളാല്‍ കാല്‍ മുറിച്ചുമാറ്റേണ്ടി വരുന്ന രോഗികളുടെ മരണ സാധ്യതയെപ്പറ്റിയുള്ള പഠനത്തിനും ചെറുകുടലിനേയും വന്‍കുടലിനേയും അപൂര്‍വമായി ബാധിക്കുന്ന കാര്‍സിനോയിഡ് മുഴയെപ്പറ്റിയുള്ള പഠനത്തിനുമാണ് ഒന്നാം സ്ഥാനം ലഭിച്ചത്. 250ല്‍ പരം പഠനങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്.

മാറിലെ അര്‍ബുദത്തെപ്പറ്റി രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ത്ഥിയായ ഡോ. അമൃത കുമാരന്‍ കേസവതരിപ്പിച്ചു.

സര്‍ജറി വിഭാഗത്തില്‍ നിന്നും ഇവര്‍ക്ക് പുറമേ ഡോ. ഗ്രീഷ്മ, ഡോ. അനൂപ് പി. സജി, ഡോ. അനുശ്രുതി, ഡോ. നിമ്മി, ഡോ. സ്വാസ്തിക് എന്നിവരും പഠനങ്ങള്‍ അവതരിപ്പിച്ചു. ഡോ. കെ. മോഹന്‍ദാസ്, ഡോ. ഉണ്ണിത്താന്‍, ഡോ. വാസു, ഡോ. എം.എസ്. സുല്‍ഫിക്കര്‍, ഡോ. വിശ്വനാഥന്‍, ഡോ. പി.കെ. തോമസ്, ഡോ. ജിജോ, ഡോ. ജയന്‍ സ്റ്റീഫന്‍, ഡോ. ഉണ്ണികൃഷ്ണന്‍, ഡോ. സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പഠനങ്ങളാണ് സമ്മേളനത്തില്‍ അവതരിപ്പിച്ചത്.