ഭാവി പ്രവചിക്കുന്ന അധ്യാപിക..കുസും ഭണ്ഡാരിയുടെ വേറിട്ട ജീവിതയാത്ര

0

അധ്യാപിക, ഗവേഷക, ഫോട്ടോഗ്രാഫര്‍, ജ്യോതിഷി കുസും ഭണ്ഡാരിയുടെ വിശേഷണങ്ങള്‍ തീരുന്നില്ല. ഈ കൊല്‍ക്കത്ത സ്വദേശിനി വനതികള്‍ക്ക് ഒരു പ്രചോദനമാണ്. സ്ത്രീ പ്രാതിനിധ്യം പൊതുവെ കുറവുള്ള ഒരുപിടി മേഖലകളില്‍ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ കുസും കഴിവു തെളിയിച്ചു. പ്രൈമറി സ്‌കൂള്‍ അധ്യാപനം മുതല്‍ ഫോട്ടോഗ്രാഫി വരെയായി അവര്‍ കൈവയ്ക്കാത്ത മേഖലകള്‍ കുറവാണ്. മോണ്ടിസോറി വിദ്യാഭ്യാസം രാജ്യത്ത് വ്യാപകമാകാതിരുന്ന കാലത്ത് അതിലേക്ക് എത്തപ്പെട്ടയാളാണ് കുസും. ആ മേഖലയിലെ അധ്യാപനത്തിലും ഗവേഷണത്തിലും നല്‍കിയ സംഭാവനകളാണ് കുസും ഭണ്ഡാരിയെ പ്രശസ്തയാക്കിയത്. അതിനൊപ്പം ഫോട്ടോഗ്രാഫിയും ജ്യോതിഷവും പരീക്ഷിച്ച കുസും ആ മേഖലയിലും ശ്രദ്ധേയയാണ്. എല്ലാ അവസരങ്ങളും യാദൃശ്ചികമായി വന്നുചേര്‍ന്നതാണ്, ഒന്നും മുന്‍കൂട്ടി കണ്ടിരുന്നില്ലെന്നുമാണ് കുസും പ്രതികരിക്കുന്നത്. ബിരുദപഠനത്തിനു ശേഷം തിരഞ്ഞെടുത്ത പ്ലേസ്‌കൂളിലെ ജോലിയാണ് ജീവിതത്തില്‍ വഴിത്തിരിവായതെന്ന് അവര്‍ പറയുന്നു. അവിടെ നിന്നാണ് മോണ്ടിസോറി വിദ്യാഭ്യാസത്തിലുള്ള പരിശീലനം ലഭിച്ചത്. എഴുപതുകളുടെ തുടക്കത്തിലായിരുന്നു അത്.

മാഡം മോണ്ടിസോറിയുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് മോണ്ടിസോറി ഇന്റര്‍നാഷണലി(എഎംഐ)ല്‍ നിന്നാണ് പരിശീലം ലഭിച്ചത്. അവരുടെ പ്രനിധിയായ ജൂസ്റ്റനില്‍ നിന്നാണ് തനിക്ക് പരിശീലനം ലഭിച്ചതെന്ന് കുസും ഓര്‍ക്കുന്നു. അതിനു ശേഷമാണ് മോണ്ടിസോറി വിദ്യാഭ്യാസത്തിനായി സ്ഥാപിക്കപ്പെട്ട ബാലനിലയത്തിലെത്തുന്നത്. വിവാഹശേഷം 1976ലാണ് കുസും ഭണ്ഡാരി ബാലനിലയത്തിന്റെ സാരഥ്യം ഏറ്റെടുക്കുന്നത്. അതിനുശേഷം അതിന്റെ ശബ്ദവും വെളിച്ചവുമായി കുസും. കൊല്‍ക്കത്തിയിലെ മോണ്ടിസോറി മൂവ്‌മെന്റ് തുടങ്ങുന്നത് ബാലനിലയത്തില്‍ നിന്നുമാണ്. പ്രവര്‍ത്തനമികവുകൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥാപനമാണ് ബാലനിലയം. മാഡം മോണ്ടിസോറിയുടെ മകന്‍ മറിയോ മോണ്ടിസോറി ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുമുണ്ട്. അധ്യാപനത്തിനു പുറമെ മോണ്ടിസോറി വിദ്യാഭ്യാസത്തില്‍ നിരവധി ഗവേഷണവും അവര്‍ നടത്തിയിട്ടുണ്ട്. പ്രിപ്രൈമറി വിദ്യാഭ്യാസത്തില്‍ മോണ്ടിസോറിയുടെ പങ്ക് ഉള്‍പ്പെടെയുള്ള വിഷയമാണ് അവര്‍ ഗവേഷണത്തിന് തിരഞ്ഞെടുത്തത്. സാമ്പത്തിക മാനദണ്ഡങ്ങളില്ലാതെ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം എന്ന ലക്ഷ്യത്തില്‍ നിരവധി പ്രവര്‍ത്തനങ്ങളും കുസും നടത്തിവരുന്നു. നാലുപതിറ്റാണ്ടായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന അവര്‍ നിരവധി മാറ്റങ്ങളും ഈ രംഗത്തിന് സംഭാവന ചെയ്തിട്ടുണ്ട്. സമൂഹ പുരോഗതി ലക്ഷ്യമാക്കി 20 വര്‍ഷം മുമ്പ് യുനിസ്‌കോ ക്ലബ് ഓഫ് ഈസ്റ്റേണ്‍ ഇന്ത്യ സ്ഥാപിച്ചതും കുസും ഭണ്ഡാരിയുടെ നേതൃത്വത്തിലാണ്.

വിദ്യാഭ്യാസ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ഫോട്ടോഗ്രാഫിയില്‍ താല്‍പര്യം തോന്നിത്തുടങ്ങിയതെന്ന് കുസും പറയുന്നു. എണ്‍പതുകളുടെ തുടക്കത്തിലാണ് ക്യാമറ കൂട്ടിനെത്തിയത്. ഒരു ബന്ധുവിന്റെ ക്യാമറയിലാണ് ആദ്യ പരീക്ഷണങ്ങള്‍ നടത്തിയത്. വെറുതെയെടുത്ത ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടപ്പോഴാണ് ഫോട്ടോഗ്രാഫി ഗൗരവകരമായി കണ്ടത്. പിന്നീടങ്ങോട്ട് എപ്പോഴും ക്യാമറയും ഒപ്പമുണ്ടായിരുന്നു. ആ സമയത്ത് കോണ്‍ഗ്രസിന്റെ ഒരു ദേശീയ സമ്മേളനത്തിന് കൊല്‍ക്കത്ത വേദിയായി. അതില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും എത്തിയിരുന്നു. ചില പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വഴി പാസ് സംഘടിപ്പിച്ച് നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പ്രവേശനം നേടി. മൂന്നു പ്രധാന ആഴ്ചപ്പതിപ്പുകളിലും ചില പത്രങ്ങളിലും അന്ന് വന്നത് കുസും ഭണ്ഡാരി എടുത്ത ചിത്രങ്ങളാണ്. ഇതാണ് വഴിത്തിരിവായത്. തുടര്‍ന്ന് 1985ല്‍ കുംഭമേളയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ പ്രദര്‍ശനം ചലച്ചിത്രകാരന്‍ മൃണാള്‍ സെന്‍ ഉദ്ഘാടനം ചെയ്തിരുന്നു. മെന്‍ വിത്ത് ബിയേഡ്‌സ് എന്ന പേരില്‍ നടത്തിയ പ്രദര്‍ശനവും ശ്രദ്ധേയമായി.

അധ്യാപനവും ഫോട്ടോഗ്രാഫിയും വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നപ്പോഴാണ് ജ്യോതിഷം പഠിക്കണമെന്ന ആഗ്രഹം കലശലായതെന്ന് കുസും പറയുന്നു. ശാസ്ത്രീയമായ ജ്യോതിഷപഠനം നടത്തിയ അവര്‍ ഇന്ന് അറിയപ്പെടുന്ന ഒരു ജ്യോതിഷികൂടിയാണ്. ദൈനംദിന ജ്യോതിഷത്തില്‍ പ്രവചനം നടത്തുകയും പത്രങ്ങളില്‍ ഉള്‍പ്പെടെ പ്രത്യേക കോളം എഴുതുകയും ചെയ്യുന്നുണ്ട്. ആസ്‌ട്രോ മെഡിക്കോ സയന്‍സില്‍ ഡോക്ടറേറ്റുള്ള കുസും കലയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്ന വ്യക്തികൂടിയാണ്. ബംഗാളി സാഹിത്യകാരന്‍ ഹരുകി മുരകാമിയുടെ കടുത്ത ആരാധികയാണ് താനെന്നും കുസും പറയുന്നു.