മോഹന്‍ലാല്‍ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും

1

പ്രമുഖ ചലച്ചിത്രതാരം മോഹന്‍ലാല്‍ കേരളത്തിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വില്‍ അംബാസിഡറാവും. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മോഹന്‍ലാലും ഒപ്പുവച്ചു.

മസ്തിഷ്‌കമരണത്തെത്തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്യുന്ന പദ്ധതിയായ കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃത സഞ്ജീവനി പദ്ധതി) 2012 ലാണ് തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്റെ മേല്‍നോട്ടത്തോടെ സ്വകാര്യപങ്കാളിത്തത്തില്‍ സുതാര്യമായി നടപ്പാക്കുന്ന പദ്ധതിയാണിത്.

കരള്‍, വൃക്ക, ഹൃദയം, പാന്‍ക്രിയാസ് തുടങ്ങിയ അവയവങ്ങളുടെ തകരാറുമൂലം ജീവിതം മുന്നോട്ട് തള്ളിനീക്കാനാവാത്ത ആയിരക്കണക്കിനു പേര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് അവസരം ഒരുക്കാന്‍ ഇതിലൂടെ സാധിക്കുന്നുണ്ട്. 'ഷെയര്‍ ഓര്‍ഗന്‍സ് സേവ് ലൈവ്‌സ്' എന്ന മുദ്രാവാക്യത്തോടെ നടത്തുന്ന ഈ പദ്ധതി രാജ്യാന്തരതലത്തില്‍ ശ്രദ്ധേയമാണ്. 

വെള്ളിത്തിരയില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ തന്നെ സിനിമയുമായി ബന്ധപ്പെട്ടും അതിനു പുറത്തും വ്യത്യസ്തനായ സംരംഭകന്റെ വേഷം കൂടി മോഹന്‍ലാല്‍ നിര്‍വഹിക്കുന്നുണ്ട്. എന്നാല്‍ ഈ സംരംഭങ്ങള്‍ക്കുമപ്പുറം നിരവധി കമ്പനികള്‍, സംരംഭങ്ങള്‍ എന്നിവ വിശ്വാസമര്‍പ്പിക്കുന്ന ഒരു ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ലാലേട്ടന്‍. സിനിമകള്‍ക്കപ്പുറം മോഹന്‍ലാല്‍ എന്ന വ്യക്തിയിലും, മനുഷ്യനിലുമുള്ള വിശ്വാസം, അതാണ് ബ്രാന്‍ഡിംഗ് രംഗത്തെ വിശ്വസ്തനാക്കി മോഹന്‍ലാലിനെ മാറ്റുന്നത്.

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്‍മാരില്‍ ഒരാളായ മോഹന്‍ലാല്‍ സിനിമാ ലോകത്തിന് പുറമേ ബിസിനസ് ലോകത്തും സജീവമാണ്. മാത്രമല്ല നിലവില്‍ പത്തിലധികം ബ്രാന്‍ഡുകളുടെ അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ വളരെയധികം സ്വാധീനമുള്ള നടനായ മോഹന്‍ലാലിനെ തങ്ങളുടെ ബ്രാന്‍ഡിന്റെ പ്രചാരകനാക്കാന്‍ വിപണിയില്‍ കിട മത്സരങ്ങള്‍ തന്നെ നടക്കുന്നുമുണ്ട്.