ആക്ഷനും കട്ടുമില്ലാതെ മലയാളികളെ പിടിച്ചിരുത്തിയ ചലച്ചിത്ര അതികായന്‍

0

തിരക്കഥയും ആക്ഷനും കട്ടുമില്ലാതെ ഒരു വെള്ളക്കടലാസില്‍ കോറിയിട്ട കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ പോലെയായിരുന്നു ജി അരവിന്ദന്റെ സിനിമകള്‍. അദ്ദേഹം മലയാളിയേയും മലയാള സിനിമയേയും വിട്ട് പിരഞ്ഞിട്ട് കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അവ മലയാളി മനസുകളില്‍ ഇന്നും മായാതെ നില്‍ക്കുന്നു. മലയാളസിനിമയെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ത്തിയ അദ്ദേഹം ശബ്ദത്തെയും സംഗീതത്തെയും അര്‍ത്ഥവത്തായി ഉപയോഗപ്പെടുത്തിയിരുന്നു. പുതിയ തലമുറയിലെ ശബ്ദലേഖകര്‍ക്ക് റഫറന്‍സ് പുസ്തകങ്ങളാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.

സംവിധാനത്തിനിടക്ക് ഒരിക്കലും 'സ്റ്റാര്‍ട്ട്', കട്ട്' ഇവ അദ്ദേഹം പറഞ്ഞിരുന്നില്ല. ചിദംബരം എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിനിടക്ക് സീന്‍ തീര്‍ന്നതറിയാതെ നടന്നുപോയ സ്മിതാ പാട്ടിലിനെ പിടിച്ചുനിറുത്തുവാന്‍ അരവിന്ദന് പിറകേ ഓടേണ്ടിവന്നു. അരവിന്ദന്‍ ഒരിക്കലും എഴുതിത്തയ്യാറാക്കിയ തിരക്കഥ അനുസരിച്ച് സിനിമ നിര്‍മ്മിച്ചിട്ടില്ല.സിനിമക്ക് പുറമെ ചിത്രകാരന്‍, കാര്‍ട്ടൂണിസ്റ്റ് എന്നീ നിലകളിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു. മാതൃഭൂമി വാരികയില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പരമ്പര (ചെറിയ മനുഷ്യനും വലിയ ലോകവും) ജനശ്രദ്ധയാകര്‍ഷിച്ചു. 1960കളുടെ ആരംഭത്തില്‍ പ്രസിദ്ധീകരിച്ച ഈ കാര്‍ട്ടൂണ്‍ രാമു, ഗുരുജി എന്നീ കഥാപാത്രങ്ങളിലൂടെ ലോകത്തെ കണ്ടു. ജീവിതത്തില്‍ പ്രകടമാകുന്ന ഹിപ്പോക്രസി, ജീവിതവിജയത്തിനു വേണ്ടി വ്യക്തികള്‍ നടത്തുന്ന കുത്സിതശ്രമങ്ങള്‍ എന്നിങ്ങനെയുള്ള പ്രമേയങ്ങളിലൂടെ സമകാലികജീവിതത്തെ വിശകലനം ചെയ്യുന്നവയായിരുന്നു ഈ കാര്‍ട്ടൂണുകള്‍.

ബ്രൗണ്‍ ലാന്‍ഡ്‌സ്‌കേപ്പ്, ദി ക്യാച്ച്, വി ടി ഭട്ടതിരിപ്പാട്, ജെ കൃഷ്ണമൂര്‍ത്തി കോണ്‍ടൂര്‍സ് ഒഫ് ലീനിയര്‍ റിഥം എന്നിവയുള്‍പ്പെടെ ഏതാനും ലഘുചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. യാരോ ഒരാള്‍, എസ്തപ്പാന്‍, ഒരേ തൂവല്‍ പക്ഷികള്‍,പിറവി എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. ഒരേ തൂവല്‍ പക്ഷികള്‍ ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. ദേശീയ ചലച്ചിത്ര വികസനകോര്‍പറേഷന്റെ ഡയറക്ടര്‍, സംസ്ഥാന ഫിലിം ഡെവലപ്പ്‌മെന്റ് കോര്‍പറേഷന്‍ ഭരണസമിതി അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

റബ്ബര്‍ ബോര്‍ഡ് ജീവനക്കാരനായിരിക്കെ കോഴിക്കോട്ട് നിയമിതനായ അരവിന്ദന് നഗരത്തില്‍ ഒരു നല്ല സുഹൃദ്‌വലയമുണ്ടായിരുന്നു. നാടകകൃത്തായ തിക്കോടിയന്‍, കഥാകൃത്തായ പട്ടത്തുവിള കരുണാകരന്‍ തുടങ്ങിയവര്‍ ഈ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ചലച്ചിത്രരംഗത്തെ ആഗോളതലത്തിലെ പുതുപ്രവണതകളെക്കുറിച്ച് തല്പരരായ ആ സംഘം ഒരു സിനിമ നിര്‍മ്മിക്കാന്‍ നിശ്ചയിച്ചു. പട്ടത്തുവിള കരുണാകരന്‍ നിര്‍മ്മാതാവും തിക്കോടിയന്‍ കഥാകൃത്തുമായി ആരംഭിച്ച സിനിമയുടെ സംവിധായകന്‍ അരവിന്ദനായിരുന്നു. ആദ്യചിത്രമായ ഉത്തരായനം മലയാളസിനിമയില്‍ ഒരു നൂതനമായ ഭാവുകത്വത്തിന്റെ തുടക്കമായിരുന്നു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും ശ്രദ്ധിക്കപ്പെട്ട ഉത്തരായനം ഇന്ത്യക്ക് പുറത്തുള്ള നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അരവിന്ദന്റെ ആദ്യകാല ചലച്ചിത്രങ്ങളില്‍ സഞ്ജയന്റെയും കെ സി എസ് പണിക്കരുടെയും സ്വാധീനം കാണാം. ചിദംബരം, വാസ്തുഹാരാ തുടങ്ങിയ ചിത്രങ്ങള്‍ സി വി ശ്രീരാമന്റെ ചെറുകഥകളെ ആസ്പദമാക്കിയായിരുന്നു.

തമ്പ് എന്ന ചിത്രത്തില്‍ എല്ലാ അഭിനേതാക്കളും അമച്വര്‍ നടന്മാരായിരുന്നു. മനുഷ്യ മുഖഭാവങ്ങളുടെ ഒരു പഠനം തന്നെയായിരുന്നു തമ്പ്. ഉത്തരായനം മുതല്‍ വാസ്തുഹാര വരെ 11 ചിത്രങ്ങളിലൂടെ അരവിന്ദന്‍ മലയാള സമാന്തര സിനിമക്ക് പുതിയ മാനങ്ങള്‍ തീര്‍ത്തു. ധ്യാനനിരതമായിരുന്നു അരവിന്ദന്റെ ചിത്രങ്ങള്‍ എന്നു തന്നെ പറയാം. ചിദംബരം, കാഞ്ചനസീത തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഷാജി എന്‍ കരുണായിരുന്നു ഛായാഗ്രഹണം നിര്‍വഹിച്ചത്.1935ല്‍ ജനുവരി 21 ന് കോട്ടയത്ത് പ്രശസ്ത സാഹിത്യകാരനായ എം എന്‍ ഗോവിന്ദന്‍നായരുടെ മകനായി ജനിച്ചു. സസ്യശാസ്ത്രം ഐച്ഛികവിഷയമായി ബിരുദം നേടിയ ശേഷമാണ് റബ്ബര്‍ ബോര്‍ഡില്‍ ജീവനക്കാരനായത്. 1991 മാര്‍ച്ച് 15ന് അന്തരിച്ചു. 56 വയസ്സായിരുന്നു അന്ന് അദ്ദേഹത്തിന്. 'വാസ്തുഹാര' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അവസാനകാലത്ത് അദ്ദേഹം.