ജീവിക്കുന്ന ഓര്‍മയായി ഇന്നും ഇര്‍ഫാന്‍

ജീവിക്കുന്ന ഓര്‍മയായി ഇന്നും ഇര്‍ഫാന്‍

Monday February 29, 2016,

2 min Read


കരിക്കകം സ്‌കൂള്‍ വാന്‍ അപകടം നടന്ന് അഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദുരന്തത്തിന്റെ ജീവിക്കുന്ന ഓര്‍മയായി ഇര്‍ഫാന്‍ ഇന്നും ജീവിക്കുന്നു. 2011 ഫെബ്രുവരി 17നാണ് അപകടനം നടന്ന് ആറ് കുട്ടികളും അവരുടെ ആയയും മരണപ്പെട്ടത്. അപകടത്തില്‍ തലയ്‌ക്കേറ്റ ക്ഷതം മൂലം ഓര്‍മയും ചലനവും നഷ്ടപ്പെട്ട നിലയിലാണ് ഇപ്പോഴും ഇര്‍ഫാന്‍. അപകടത്തെ തുടര്‍ന്ന് കുറേക്കാലം ഇര്‍ഫാന്‍ ആശുപത്രി വെന്റിലേറ്ററില്‍ കിടന്നു. കൂടുതലൊന്നും ചെയ്യാനില്ലെന്നായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. പിന്നീടാണ് സര്‍ക്കാര്‍ ചിലവുകള്‍ ഏറ്റെടുത്ത് വിദഗ്ദ ചികിത്സയ്ക്കായി ഇര്‍ഫാനെ വെല്ലൂരിലേക്ക് കൊണ്ടുപോയത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഫിസിയോതെറാപ്പി ചെയ്യുമ്പോഴുള്ള നേര്‍ത്ത കരച്ചില്‍ മാത്രമാണ് ഇര്‍ഫാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നതിന് പ്രതീക്ഷയായി ഡോക്ടര്‍മാര്‍ പറയുന്നത്. പതിവായി ഇര്‍ഫാന് ഫിസിയോതെറാപ്പി ചെയ്യുന്നുണ്ട്.

എട്ടു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഷാജഹാനും ഭാര്യ സജിനിക്കും ഇര്‍ഫാനെ കിട്ടിയത്. ഗള്‍ഫില്‍ പോയി സമ്പാദിച്ച പണമെല്ലാം തന്റെ മകനെ ജീവിതത്തിലേക്ക് തിരിച്ചുപിടിക്കാനായി ചിലവാക്കുകയാണ് ഷാജഹാന്‍.

വിതുരയില്‍ റബര്‍ കച്ചവടമായിരുന്നു ഷാജഹാന്. അവിടെ വാടകവീട്ടില്‍ ഭാര്യയും കുഞ്ഞുമായി ജീവിതം. ഇര്‍ഫാനെ എപ്പോഴും കാണണമെന്ന തന്റെ അച്ഛന്റെ ആഗ്രഹം സഫലീകരിക്കാന്‍ ഷാജഹാന്‍ താമസം കുടുംബവീട്ടിലേക്ക് മാറി. ഇര്‍ഫാന് മൂന്ന് വയസ്സ് കഴിഞ്ഞപ്പോള്‍ പേട്ടയിലെ ലിറ്റില്‍ഹാര്‍ട്‌സ് കിന്റര്‍ഗാര്‍ഡനില്‍ ചേര്‍ത്തു. ബാഗും കുടയുമായി സ്‌കൂളില്‍ പോകാന്‍ ഒരുപാട് ഇഷ്ടമായിരുന്നു ഇര്‍ഫാന്. വീട്ടിലെ കുസൃതിക്കുടുക്ക സ്‌കൂളില്‍ സ്‌കൂളില്‍ അധ്യാപകരുടെയും കൂട്ടുകാരുടെയും കണ്ണിലുണ്ണി. കുഞ്ഞുവാ തോരാതെ സംസാരിക്കുമായിരുന്നു ഇര്‍ഫാന്‍. കളിപ്പാട്ടങ്ങളെക്കുറിച്ച്, സ്‌കൂളിനെക്കുറിച്ച്, കൂട്ടുകാരെക്കുറിച്ച്...

image


സ്വന്തമായി വീടില്ലാത്തതിനാല്‍ സഹോദരന്റെ വീട്ടിലാണ് ഷാജഹാനും കുടുംബവും താമസിച്ചിരുന്നത്. അപകടത്തിന് ശേഷം മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും നാട്ടുകാരുടെയും ബന്ധുക്കളുടെയും സുമനസുകളുടെയും സഹായംകൊണ്ടാണ് വീട് നിര്‍മിച്ചത്. കരിക്കകം ഹൈസ്‌കൂളിനടുത്ത് 3000 സ്‌ക്വയര്‍ ഫീറ്റിലാണ് വീട് നിര്‍മിച്ചിരിക്കുന്നത്. കിംസ് ആശുപത്രിയില്‍ നിന്ന് ലഭിച്ച സൗജന്യ ചികിത്സയും വെല്ലൂരിലെ ചികിത്സയ്ക്ക് സര്‍ക്കാര്‍ നല്‍കിയ ധനസഹായവുമാണ് ഷാജഹാന് താങ്ങായത്. ഇര്‍ഫാന്റെ വിവരങ്ങള്‍ അറിഞ്ഞ് മുഖ്യമന്ത്രിയുടെ ഭാര്യ മറിയാമ്മ ഉമ്മനും ഷാജഹാനും കുടുംബത്തിനും ആശ്വാസമായി എത്തിയിരുന്നു.

രാവും പകലുമില്ലാതെ ഇര്‍ഫാനരികില്‍ അവന്റെ അച്ഛനുമമ്മയുമുണ്ട്. പരിശീലനം നേടിയ ഒരു ഹോംനഴ്‌സ് ചെയ്യേണ്ട ജോലിയെല്ലാം കണ്ണിമ വെട്ടാതെ ചെയ്യുകയാണ് അവര്‍. അതിനായി തന്റെ ജോലി ഉപേക്ഷിച്ചു ഷാജഹാന്‍.

image


ഇര്‍ഫാന്റെ അമ്മയുടെ കണ്ണില്‍ ഇപ്പോഴും പ്രതീക്ഷയുടെ മുകുളങ്ങള്‍ കാണാം. തന്റെ മകന്‍ എന്നെങ്കിലും അമ്മേ എന്നു വിളിച്ചുകൊണ്ട് ഓടിവരുമെന്നും കെട്ടിപ്പിടിച്ച് ഉമ്മ തരുമെന്നുമുള്ള പ്രതീക്ഷ. അന്ന് വാനില്‍ കയറുന്നതിനുമുമ്പാണ് തന്റെ മകന്‍ അവസാനമായി തനിക്ക് ഉമ്മതന്നതെന്ന് ഇര്‍ഫാന്റെ അമ്മ ഇന്നും ഓര്‍ക്കുന്നു. കരിക്കകം ദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി ഇര്‍ഫാന്‍ ഇന്നും വീല്‍ ചെയറില്‍ ജീവിതം തള്ളി നീക്കുകയാണ്.

പേട്ട ലിറ്റില്‍ ഹാര്‍ട്ട് നഴ്‌സറി സ്‌കൂളിലെ കുട്ടികളെ കൊണ്ടുപോയിരുന്ന വണ്ടിയാണ് അപകടത്തില്‍ പെട്ടത്. ആര്‍ഷാ ബൈജു, കിരണ്‍, റാസിക്, ഉജ്ജ്വല, മാളവിക, അച്ചു, ഇവരുടെ എല്ലാം ആയ ബിന്ദു എന്നിവരെയാണ് സ്‌കൂള്‍ വാന്‍ പുത്തനാറിലേക്ക് മറിഞ്ഞപ്പോള്‍ ആഴങ്ങളില്‍ നിന്നും മരണം തട്ടിയെടുത്തത്.

image


ചാക്ക ബൈപ്പാസില്‍ കരിക്കകം ക്ഷേത്രത്തിന് സമീപം പാര്‍വതി പുത്തനാറിലേക്കാണ് വാന്‍ മറിഞ്ഞത്. റോഡിലെ കല്ലില്‍ തട്ടി നിയന്ത്രണം വിട്ടതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പായല്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ പാര്‍വതി പുത്തനാറില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു.