ഡിജിറ്റല്‍ പണമിടപാട്: അക്ഷയകേന്ദ്രം വഴി പരിശീലനം

0

ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി കച്ചവടക്കാര്‍ക്കും ജനങ്ങള്‍ക്കും അക്ഷയകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നു. ഡിജിറ്റല്‍ കൈമാറ്റ ബോധവത്കരണ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം നല്‍കുക. 

ഇതിന്റെ ഭാഗമായി ജില്ലയിലെ അക്ഷയക്രേന്ദം സംരംഭകര്‍ക്ക് പരിശീലനം നല്‍കി. മാവേലിക്കര ബ്ലോക്ക് കമ്മ്യൂണിറ്റി ഹാള്‍, ആലപ്പുഴ കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എന്നിവിടങ്ങളിലായാണ് പരിശീലന പരിപാടി നടന്നത്. കേന്ദ്ര വിവരസാങ്കേതിക വകുപ്പിന്റെ നിര്‍ദേശപ്രകാരം ഐ.റ്റി. മിഷനാണ് പരിശീലന പരിപാടിക്കു നേതൃത്വം നല്‍കിയത്. ഡിജിറ്റല്‍ പണമിടപാടുകള്‍ക്കായുള്ള കാര്‍ഡ്, യു.പി.ഐ., ആധാര്‍ പെയ്‌മെന്റ്, മൊബൈല്‍ വാലറ്റുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള പരിശീലനമാണ് അക്ഷയ കേന്ദ്രങ്ങള്‍ നല്‍കുക. പരിശീലനത്തിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങള്‍ക്ക് വാലറ്റ് ഇന്‍സ്റ്റാള്‍ ചെയ്തു നðകി അതുവഴി ഉപഭോക്താക്കളില്‍ നിന്നും പണം സ്വീകരിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യും. ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.കെ. കബീര്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. പരിശീലനത്തിന് ഐ.റ്റി. മിഷന്‍ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ബെറില്‍ തോമസ്, അസിസ്റ്റന്റ് ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസര്‍ കെ.കെ. മോഹനന്‍ എന്നിവര്‍ പങ്കെടുത്തു