കൂണ്‍ ഒരു ചെറിയ കൃഷിയല്ല

0

തീന്‍മേശയില്‍ നാം ഇന്ന് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന വിഭവമാണ് കൂണുകള്‍. കൂണ്‍ തനിയേയും ഓംലെറ്റ്, സോസ് തുടങ്ങിയ മറ്റ് ആഹാരത്തിനൊപ്പവും ഏറെ രുചികരമാണെന്നതില്‍ നമുക്ക് തര്‍ക്കമില്ല. പോഷക ഘടകങ്ങളുടെ കലവറയാണ് കൂണുകള്‍. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിത മാര്‍ഗം കൂടിയായ കൂണ്‍കൃഷിയെ ശാസ്ത്രീയവും ഗുണമേന്‍മയുള്ളതുമാക്കുകയാണ് പ്രഞ്ചല്‍ ബറുവ എന്ന ചെറുപ്പക്കാരന്‍.

ചില കൂണ്‍ ഇനങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ കാലാവസ്ഥയാണ് വടക്ക് കിഴക്കന്‍ മേഖലകളിലുള്ളത്. അതുകൊണ്ടുതന്നെ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 25 ശതമാനം വരുന്ന ആവശ്യക്കാര്‍ക്കും അവിടെ നിന്നാണ് കൂണ്‍ എത്തുന്നത്. എന്നാല്‍ വ്യക്തമായ സാങ്കേതിക പരിജ്ഞാനം ഇല്ലാതെ എങ്ങനെയാണ് ഇതിന് സാധിക്കുന്നത് എന്ന ചിന്തയില്‍ നിന്നാണ് 1994ല്‍ പ്രഞ്ചല്‍ ബറുവ കൂണ്‍ കൃഷി ആരംഭിക്കുന്നത്. തുടക്ക വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് അനവധി പ്രതിസന്ധികള്‍ നേരിടേണ്ടി വന്നു. എന്നാല്‍ പിന്നീട് തന്റെ കൂണ്‍കൃഷിയില്‍ 80 ശതമാനത്തില്‍ കൂടുതല്‍ വ്യവസായ വളര്‍ച്ച നേടിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഗ്രാമ പ്രദേശത്തെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് മികച്ച വളര്‍ച്ചാ നിരക്ക് കൈവരിച്ച അദ്ദേഹം 2004ല്‍ മഷ്‌റൂം ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ എന്ന സംഘടന സ്ഥാപിച്ചു.

ചെറുകിട കര്‍ഷകര്‍ക്ക് കൃഷിയില്‍ നിന്ന് വളരെ ചെറിയ ലാഭമാണ് ലഭിച്ചിരുന്നത്. ഇതിനൊരു മാറ്റം കൊണ്ടു വരാനാണ് അദ്ദേഹം ഈ ഫൗണ്ടേഷന് തുടക്കമിട്ടത്. എം ഡി എഫ് അരുണാചല്‍ പ്രദേശ്, ആസ്സാം, മേഗാലയ, നാഗാലാന്റ് എന്നിവിടങ്ങളിലെ കര്‍ഷകര്‍ക്ക് കൂണ്‍ കൃഷിയില്‍ മികച്ച പരിശീലനം ഫൗണ്ടേഷന്‍ നല്‍കുന്നു. കൂണ്‍ കൃഷിയില്‍ അവര്‍ക്ക് മികച്ച പരിശീലനവും ബോധവത്കരണവും നല്‍കുക എന്നതാണ് എം ഡി എഫിന്റെ ലഷ്യം. ഇന്റെര്‍ഗ്രേറ്റ് ക്ലസ്റ്റര്‍ ഡെവലപ്‌മെന്റും, ഇക്കോ ഫ്രണ്ട്‌ലി ഇന്റര്‍ഗ്രേറ്റ് ലൈവിലി ഹുഡ് മിഷന്‍ എന്നിവരാണ് എം ഡി എഫിനെ മുന്നോട്ട് നയിക്കുന്നത്.

'പ്രോട്ടീന്‍ ഫുഡ്'എന്ന് പേരുള്ള ഒരു ലബോറട്ടറി പ്രഞ്ചല്‍ തുടങ്ങിയിട്ടുണ്ട്. കുറഞ്ഞ ചെലവില്‍ വളരെ ഫലപ്രദമായ പുതിയ രീതിയിലുള്ള പുതിയ ഇനം കുമിള്‍ വികസിപ്പിക്കാനുള്ള ഒരു പണിപ്പുരയാണിത്. ഇവിടെ ഒരു ദിവസം ഏകദേശം 1000 കവര്‍ കൂണുകളാണ് ഉത്പാദിപ്പിക്കുന്നത്. നാല് ലക്ഷത്തോളം കവറുകള്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി ഈ ലാബിനുണ്ട്. വരും ദിവസങ്ങളില്‍ കൂണിന്റെ ഒരു ഇനമായ ഓയിസ്റ്റര്‍ കൂണുകള്‍ വന്‍തോതില്‍ഉത്പാദിപ്പിക്കാനുള്ള ശ്രമം നടത്തിവരുന്നു. ഇത് പൊതുവെ കൂടുതല്‍ ആദായകരമാണ്. ഈ കൂട്ടായ്മയില്‍ ഉള്ളവര്‍ സ്വന്തം കൃഷി നടത്തുന്നതിനോടൊപ്പം തന്നെ ഈ മേഖലയിലുള്ള മറ്റ് കര്‍ഷകര്‍കും പ്രചോദനം നല്‍കുന്നു.

എല്ലാത്തിനും തടസം സാമൂഹ്യ പ്രതിബദ്ധതയോട് കൂടിയ വ്യവസായങ്ങളോടുള്ള സമീപനമാണ്. കൂണ്‍ ഒരു ആഹാരം എന്ന നിലയിലും ഒരു വ്യവസായമെന്ന നിലയിലും വിശാലമായ ഒരു സാധ്യതയാണ് നല്‍കുന്നത്. മുന്‍കാലങ്ങളില്‍ ഇതിനെ കുറിച്ചുള്ള ബോധവത്കരണം വളരെ കുറവായിരുന്നു. എന്നാല്‍ ഇന്നിത് വികസനത്തിന്റെ പാതയിലാണെന്നാണ് പ്രഞ്ചലിന്റെ അഭിപ്രായം.

എം ഡി എഫിന്റെ പാത തികച്ചും നന്‍മയിലേക്കുള്ളതാണ്. ഇപ്പോള്‍ 37 ജില്ലകളിലെ 800 ഗ്രാമങ്ങളില്‍ നിന്നുള്ള 20000 കര്‍ഷകര്‍ക്കാണ് പരിശീലനം നല്‍കിയത്. മാത്രമല്ല 200 മാസ്റ്റര്‍ ട്രെയിനേഴ്‌സിനെയും 600 സംരംഭകരെയും പരിശീലിപ്പിച്ചു. ഇതോടെ മൂവായിരത്തില്‍പരം കര്‍ഷകരും വരുമാനം രണ്ടായിരത്തില്‍ നിന്ന് മൂവായിരം രൂപയായി വര്‍ധിച്ചു. അടുത്തിടെ ഈ കര്‍ഷകരെ ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ പ്രഞ്ചല്‍ ഒരു ശ്യംഖല തയ്യാറാക്കി. 1200 കര്‍ഷകര്‍ ഒരു ചെറിയ അംഗത്വ തുക നല്‍കി രജിസ്റ്റര്‍ ചെയ്തു.

അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കൂണ്‍ ഭാവിയുടെ ആഹാരമാണ്. വിപണിയില്‍ ഇതിന് ആവശ്യക്കാര്‍ ഏറുന്നു. വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ റിബോയ് ജില്ലയിലെ 16000 കുടുംബങ്ങളിലേക്ക് ഇത് എത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇവിടുത്തെ 1200 കൂണ്‍ വ്യവസായികളെ മറ്റ് വികസന മേഖലയിലേക്ക് ബന്ധപ്പെടുത്തിയാകും ഇത് ചെയ്യുക. 2018 ഓടെ ഇ ഫിലിം വഴി 1000 ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുക എന്നതാണ് ഏറ്റവും വലിയ ലക്ഷ്യം. ഗുണമേന്‍മയേറിയ ഉത്പന്നങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക പരിജ്ഞാനം അവര്‍ക്ക് ലഭ്യമാക്കുക എന്നാതാണ് തങ്ങളുടെ ലക്ഷ്യം. ഞങ്ങള്‍ കൂണ്‍ കൃഷി ചെയ്യുന്നത് കഷ്ടപ്പെടുന്നവര്‍ക്ക് ഒരു അധിക വരുമാനം എന്ന രീതിയിലാണ്. ഇതുവഴി അവരുടെ ജീവിതത്തിന് പുതിയ നിറം ചാര്‍ത്താന്‍ കഴിയുമെന്ന് 2013ലെ അശോക ഫെല്ലോഷിപ്പിന് ഉടമ കൂടിയായ പ്രഞ്ചല്‍ പറയുന്നു.