പഠനത്തില്‍ പിന്നോട്ട്...ജീവിതത്തില്‍ മുന്നോട്ട്

0

ക്ഷിതിജ് മാര്‍വ ശരാശരി നിലവാരത്തിലുള്ള ഒരു വിദ്യാര്‍ത്ഥിയായിരുന്നു. ഡല്‍ഹി ഐ.ഐ.ടിയില്‍ പഠിക്കുമ്പോള്‍ അവന്‍ ക്ലാസിലെ ഏറ്റവും പിന്നോട്ട് നില്‍ക്കുന്ന വിദ്യാര്‍ത്ഥികളില്‍ മൂന്നാമനായിരുന്നു. റെഗുലര്‍ പഠനത്തോട് ക്ഷിതിജിന് താല്‍പര്യം ഉണ്ടായിരുന്നില്ല.

തന്റെ പഠനത്തിന്റെ അവസാന വര്‍ഷം ഹാര്‍വാഡ് മെഡിക്കല്‍ സ്‌കൂളില്‍ (എച്ച്.എം.എസ്) പോകാനുള്ള അവസരം ക്ഷിതിജിന് ലഭിച്ചു. തന്റെ കംപ്യൂട്ടര്‍ പരിജ്ഞാനം ഉപയോഗിച്ച് അവിടെയുള്ള ഡോക്ടര്‍മാര്‍ക്കൊപ്പം ജോലി ചെയ്യണമെന്നും ഒരു തീസിസ് ചെയ്യണമെന്നുമായിരുന്നു ക്ഷിതിജിന്റെ ആഗ്രഹം. ഇക്കാര്യം താന്‍ പഠിക്കുന്ന ഐ.ഐ.ടിയെ ക്ഷിതിജ് അറിയിച്ചെങ്കിലും അതിനൊക്കെ ചില നടപടിക്രമങ്ങളുണ്ടെന്നും അതനുസരിച്ച് മാത്രമെ പോകാന്‍ സാധിക്കൂ എന്നുമായിരുന്നു ലഭിച്ച മറുപടി. എന്നാല്‍ തന്റെ സ്വപ്‌നങ്ങള്‍ തേടി അവന്‍ എച്ച്.എം.എസിലേക്ക് പോയി. തിരികെയെത്തിയപ്പോള്‍ ക്ഷിതിജിനെ കാത്തിരുന്നത് ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍ ഓര്‍ഡറായിരുന്നു.

അവസാന സെമസ്റ്ററില്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല അവന് 7-8 മാസത്തെ ഫെലോഷിപ്പ് നല്‍കി. ബിരുദം നേടുന്ന ചടങ്ങില്‍ ഓരോ വിദ്യാര്‍ത്ഥിയേയും അവരുടെ ഗ്രേഡ് പോയിന്റ് ആവറേജ് (ജി.പി.എ) അടിസ്ഥാനത്തില്‍ നിര്‍ത്തിയപ്പോള്‍ താന്‍ പിന്നില്‍ നിന്നും മൂന്നാമനാണെന്ന് ക്ഷിതിജ് മനസിലാക്കി. എന്നാല്‍ ഇത് കണ്ട് അമ്പരന്ന തന്റെ അച്ഛനോട് അവര്‍ ആല്‍ഫബെറ്റക്കല്‍ ഓര്‍ഡറില്‍ നിര്‍ത്തിയതാണെന്നാണ് പറഞ്ഞത്.

പിന്നീട് ഐ.ഐ.ടിയിലെ വലിയ ശമ്പളമുള്ള ജോലിക്ക് ശ്രമിക്കാതെ യൂറോപ്പില്‍ പോയി ഫോട്ടോഗ്രഫി പഠിക്കുകയാണ് ക്ഷിതിജ് ചെയ്തത്. ഈ സമയത്താണ് ക്ഷിതിജ് എം.ഐ.ടി മീഡിയ ലാബിനെപ്പറ്റി കേട്ടത്. തന്റെ സുഹൃത്തുക്കളുടെ ഉപദേശം മാനിച്ച് അവന്‍ അതിലേക്ക് അപേക്ഷ അയച്ചു. 2011ല്‍ അവനെ അഭിമുഖത്തിനായി ക്ഷണിക്കുകയും വൈകാതെ അവിടെ തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

ആദ്യമായി മീഡിയാ ലാബിലെത്തിയപ്പോള്‍ അതൊരു മനോഹരമായ അനുഭവമായിരുന്നെന്ന് ക്ഷിതിജ് പറയുന്നു. അവിടെയെത്തിയപ്പോള്‍ ഒരു ഡിസൈനര്‍, ഡോക്ടര്‍, ഫോട്ടോഗ്രാഫര്‍, ശാസ്ത്രഞ്ജന്‍, എഞ്ചിനീയര്‍ തുടങ്ങിയവരെയാണ് ക്ഷിതിജിന് കാണാന്‍ സാധിച്ചത്. ഇവരെല്ലാവരും തന്നെ പഠനത്തിന് അമിതപ്രാധാന്യം നല്‍കുന്നവരായിരുന്നില്ല എന്നത് ക്ഷിതിജിന് ആശ്വാസമായി. അവിടെയുണ്ടായിരുന്ന ഓരോരുത്തര്‍ക്കും പുതിയ എന്തെങ്കിലും വസ്തുക്കള്‍ നിര്‍മിച്ചെടുക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നു. ഇത് എന്തുകൊണ്ട് ഇന്ത്യയിലും ആരംഭിച്ചു കൂടാ എന്ന് ക്ഷിതിജ് അപ്പോള്‍ ചിന്തിച്ചു. ധാരാളം പണം ഉണ്ടാക്കാന്‍ 50 വര്‍ഷം കാത്തിരിക്കേണ്ടെന്നും ഇതാണ് അതിന് ഉചിതമായ സമയമെന്നും അവന്‍ മനസിലാക്കി.

തിരികെ ഇന്ത്യയില്‍ എത്തിയ ക്ഷിതിജ് എ.ഐ.ടി മീഡിയ ലാബ് ഇനിഷ്യേറ്റീവിന്റെ തലവനായി. മുംബയില്‍ നടത്തിയ ആദ്യ വര്‍ക്ക്‌ഷോപ്പില്‍ പങ്കെടുക്കാനായി നാലായിരത്തോളം അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ നിന്നും 200 വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കനുള്ള ഒരു വേദി ഒരുക്കുകയായിരുന്നു ലക്ഷ്യം.

ഇവര്‍ക്ക് 30 പ്രോജക്ടുകള്‍ നല്‍കി. അഞ്ച് ദിവസത്തിന് ശേഷം അതിലെ പ്രകടനം വിലയിരുത്തിയപ്പോള്‍ വിദ്യാര്‍ത്ഥികളിലെ എഞ്ചിനീയര്‍മാര്‍, കലാകാരന്മാര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയവരെ അതില്‍ നിന്നും കണ്ടെത്താനായി. ഇവരില്‍ ഒരാളായിരുന്ന അനിരുദ്ധ് ശര്‍മ താന്‍ ചെയ്ത പ്രോജക്ടിനെ പിന്നീട് വിപുലീകരിച്ച് 2011 ഡ്യൂസിര്‍ എന്നൊരു പുതിയ കമ്പനി ആരംഭിച്ചു. കാഴ്ച വൈകല്യമുള്ളവരെ സഹായിക്കുന്ന ഉപകരണങ്ങളായിരുന്നു അനിരുദ്ധ് നിര്‍മിച്ചത്. ഇപ്പോള്‍ എം.ഐ.ടി മീഡിയ ലാബില്‍ തുടര്‍ പഠനത്തിലാണ് അദ്ദേഹം.

മുംബയിലെ വര്‍ക്ക് ഷോപ്പിന് ശേഷം ക്ഷിതിജ് ഡല്‍ഹിയിലും ബാംഗ്ലൂരിലും വര്‍ക്ക്‌ഷോപ്പ് നടത്തി. ഇപ്പോള്‍ തനിക്ക് താല്‍പര്യമുള്ള ഫോട്ടോഗ്രഫി, ടെക്‌നോളജി എന്നിവയുടെ സഹായത്തോടെ പുതിയ ചില കണ്ടുപിടുത്തങ്ങളും ക്ഷിതിജ് നടത്തി. ലൈറ്റ് ഫീല്‍ഡ് ക്യാമറ ടെക്‌നോളജി എന്ന പുതിയ ക്യാമറ ഡിസൈനാണ് അദ്ദേഹം കണ്ടെത്തിയത്. ഇവ ഒരു മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചാല്‍ അതുപയോഗിച്ച് ഹൈറസലൂഷന്‍ സിംഗിള്‍ ഷോട്ട് 3ഡി ഫോട്ടോകള്‍ എടുക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടുത്തം.

ടെക്‌നോളജിയിലെ പുതിയ നേട്ടങ്ങള്‍ക്കായി നമ്മള്‍ പാശ്ചാത്യ രാജ്യങ്ങളിലേക്ക് ഉറ്റ് നോക്കാറുണ്ട്. എന്നാല്‍ അതിന് പകരം ആ ശീലം ഇന്ത്യയില്‍ വളര്‍ത്തിയെടുക്കാനാണ് നാം ശ്രമിക്കേണ്ടതെന്നാണ് ക്ഷതിജ് പറയുന്നത്. തന്റെ 3ഡി ഇന്‍സ്റ്റാഗ്രാം ടെക്‌നോളജി സിലിക്കണ്‍ വാലിയില്‍ നിര്‍മിക്കപ്പെടേണ്ടതായിരുന്നു. അതിനായി ധാരാളം പണം വാഗ്ദാനം ചെയ്യപ്പെട്ടതുമാണ്. എന്നാല്‍ തനിക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ ഒരു ഉദാഹരണം നല്‍കണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെന്നും അങ്ങനെയാണ് ഇരട്ടിപ്പണം വേണ്ടെന്ന് വച്ച് താനത് ഇന്ത്യയില്‍ തന്നെ കണ്ടെത്തിയതെന്നും ക്ഷിതിജ് കൂട്ടിച്ചേര്‍ത്തു.