ഉത്തര്‍ പ്രദേശിലെ 'കേരള സിങ്കം'

0

കേരളത്തില്‍ ഒരു ഉത്തരേന്ത്യന്‍ സിങ്കം' ഉണ്ട് സാക്ഷാല്‍ ഋഷിരാജ് സിങ്... അതുപോലെ കേരളത്തില്‍ നിന്നുള്ള ഒരു സിങ്കം ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ഉത്തര്‍ പ്രദേശിനെ കിടുകിടാ വിറപ്പിക്കുന്നുണ്ട്. പേര് കിരണ്‍ ശിവകുമാര്‍ കേരളത്തില്‍ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥന്‍, ഇപ്പോള്‍ നോയിഡയുടെ പ്രിയപ്പെട്ട എസ്പി.

തന്റെ ജോലി കൃത്യമായും സത്യസന്ധമായും ചെയ്തു വാര്‍ത്തകളില്‍ താരമായ വ്യക്തിയാണ് ഋഷിരാജ് സിങ് , കൃത്യവിലോപത്തിന്റെ പേരില്‍ മാത്രം പലരും വാര്‍ത്തയാകുന്ന ഇക്കാലത്ത് ജോലി ചെയ്യുന്നതിന്റെ പേരിലും വാര്‍ത്തയാകുന്ന ചില അപൂര്‍വ്വം ഉദ്യോഗസ്ഥരുണ്ട്. അത്തരം അപൂര്‍വ്വതകളിലേക്കുള്ള കേരളത്തിന്റെ സംഭാവനയാണ് കിരണ്‍ ശിവകുമാര്‍ എന്ന ഐ പി എസ് ഓഫീസര്‍ സാക്ഷാല്‍ അനന്തപത്മനാഭന്റെ മണ്ണില്‍, കേരളത്തിന്റെ തലസ്ഥാന നഗരയില്‍ ഋഷിമംഗലം എന്ന സ്ഥലത്ത് യൂണിവേഴ്‌സിറ്റി കോളേജ് പ്രഫ ഡോ. പി.ജെ ശിവകുമാറിന്റെയും, എസ്ബിറ്റി ഉദ്യോഗസ്ഥ ഗിരിജ കെ നായരുടെയും മകനായാണ് കിരണിന്റെ ജനനം, മന്നം മെമ്മോറിയല്‍ സ്‌കൂളില്‍ നിന്നും പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ കിരണ്‍, പിന്നീട് ആര്‍ടസ് കോളേജിലും തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളേജില്‍ നിന്നുമായി തുടര്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, മദ്രാസ് ഐ ഐ ടിയില്‍ നിന്നും ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച കിരണ്‍ കുഞ്ഞുനാളില്‍ മുതലേ സ്വപ്നങ്ങളില്‍ കണ്ട കാക്കിയെ പൊടിതട്ടിയെടുത്തു. അങ്ങനെ ആദ്യ ശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ്‌ കൈപ്പിടിയിലൊതുക്കി , 2008 ബാച്ച് കാരനായ കിരണ്‍ ഉത്തര്‍ പ്രദേശ് കേഡറിലാണ് നിയമിതനായത്.. പിന്നീടിങ്ങോട്ട് ഉത്തര്‍പ്രദേശ് നിയമപാലന മേഖലയില്‍ കാര്‍ക്കശ്യമായ നിലപാടുകള്‍ കൊണ്ടും ഒപ്പം സൗമ്യമായ പെരുമാറ്റംകൊണ്ടും ശ്രദ്ധേയനാകുകയായിരുന്നു ഈ മലയാളി..

കേരളത്തില്‍ ജോലിചെയ്യുന്ന ഏതു സത്യസന്ധനായ ഉദ്യോഗസ്ഥന്റെയും മുന്നിലുള്ള ഏക പ്രതിസന്ധി പലപ്പോഴും രാഷ്ട്രീയക്കാരാണ്. പക്ഷേ ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് യുപി പോലെയുള്ള സ്ഥലത്ത് കിരണിനെ പോലെയുള്ള ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടത് ഗുണ്ടകള്‍ അടക്കമുള്ള മാഫിയ സംഘങ്ങളെയാണ്. ചിത്രഗുഡ് എസ്പിയായിരുന്ന സമയത്ത് ചമ്പല്‍ക്കൊള്ളക്കാര്‍ കിരണിന്റെ വാഹനത്തിനുനേരെ പല പ്രാവശ്യം വെടിവെക്കുകപോലുമുണ്ടായി, കൊള്ള സംഘത്തെ പോലീസിനു പിടികൂടാന്‍ സാധിക്കാതെ വന്നതോടെ ജനങ്ങളുടെ സഹായത്തോടെ പിടികൂടാനായി പാരിതോഷികം അടക്കമുള്ളവ പ്രഖ്യാപിച്ചായിരുന്നു കിരണും സംഘവും കൊള്ളക്കാരെ നേരിട്ടത്. വെടിയും പുകയും ഒക്കെയുണ്ടായെങ്കിലും അതൊക്കെ ജോലിയുടെ ഭാഗമാണെന്നു പറഞ്ഞ് കിരണ്‍ മുന്നോട്ടു നീങ്ങിയതോടെ ചമ്പല്‍കൊള്ള സംഘത്തിന്റെ വിളയാട്ടം കുറയ്ക്കാനായി...നമ്മുടെ കേരള പോലീസിനും പരാമവധി നേരിടേണ്ടിവരിക കല്ലുകളെയാണ്. അവിടെയാണ് വെടിയുണ്ടകള്‍ പോലും ജോലിയുടെ ഭാഗമാണെന്നു പറയുന്ന കിരണ്‍ നമ്മുടെ അഭിമാനമാകുന്നത്...

കിരണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം
കിരണ്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം

ഇന്ത്യയൊന്നാകെ ഭയത്തോടെ ചര്‍ച്ച ചെയ്ത വിഷയമാണ് ദാദ്രി കൊലപാതകം, ഒരു പക്ഷേ രാജ്യത്തൊന്നാകെ വര്‍ഗീയാഗ്‌നിയായി പടരുമായിരുന്ന ഒരു സംഭവത്തെ കിരണ്‍ അടക്കമുള്ള ഉദ്യോഗസ്ഥര്‍ നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് നിയന്ത്രണ വിധേയമാക്കിയത്... പോലീസ് ഉദ്യോഗസ്ഥരുടെ ഒരു ടീം തന്നെ സംഭവശേഷം ദാദ്രിയ്ക്ക് കാവലായിട്ടുണ്ടായിരുന്നു..

കിരണ്‍ ഇപ്പോള്‍ നോയിഡ എസ്പിയാണ്... മറ്റൊരു ഡല്‍ഹിയെന്നു വേണമെങ്കില്‍ ഈ നഗരത്തെ വിശേഷിപ്പിക്കാം ഇന്ത്യയുടെ പല ഭാഗത്തുനിന്നുള്ള ആളുകള്‍ നോയിഡയില്‍ താമസിക്കുന്നുണ്ട്. ജനസംഖ്യ വളരെ അധികമുള്ള നഗരം, അതുകൊണ്ട് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് നോയിഡയിലെ ജോലിയെന്നും കിരണ്‍ പറയുന്നു.ഉത്തരേന്ത്യയിലെ ജനങ്ങള്‍ പോലീസിനോട് പൊതുവെ അയിത്തം കല്‍പ്പിക്കുന്നവരാണ്. കേരളത്തിലെ പോലെ ജനങ്ങള്‍ക്ക് പോലീസിനോട് അത്ര മൈത്രിയൊന്നും ഇല്ല.. ഒരു ഫ്യൂഡല്‍ സംസ്‌കാരം ചരിത്രമായുള്ള ജനത പോലീസിനെ എന്നും ശത്രുപക്ഷത്തയാണ് കാണുന്നത്... അതുകൊണ്ട് തന്നെ കിരണ്‍ അടക്കമുള്ള ഉദ്യോസ്ഥര്‍ ജനസമ്പര്‍ക്ക പരിപാടിയടക്കുള്ളവ നടത്തി ജനങ്ങളിലേക്ക് ഇറങ്ങിചെല്ലാനുള്ള ശ്രമത്തിലാണ്. ജനങ്ങളുടെ ഭയമകറ്റി പോലീസും ജനങ്ങളും തമ്മിലുള്ള സൗഹാര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും കിരണ്‍ പറയുന്നു.

കാക്കിയൂണിഫോമിട്ട് ക്ഷേത്ര നഗരമായ വാരണാസിയില്‍ ആണ് കിരണ്‍ തന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം ആരംഭിക്കുന്നത്,പിന്നീട്ഷാംലി,പ്രത്യാഗുഡ്,സുല്‍ത്താന്‍പൂര്‍,ചിത്രഗുഡ്, ഝാന്‍സി തുടങ്ങിയ സ്ഥലങ്ങളില്‍ എസ്പിയായി സേവനം അനുഷ്ടിച്ചു.

ഗുണ്ടാമാഫിയയുടെയും,ചമ്പല്‍കെള്ളക്കാരുടെയും ഒക്കെ പേടിസ്വപ്നമാണെങ്കിലും ഈ കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഒളിഞ്ഞുകിടപ്പുണ്ട്. മികച്ച ഒരു ഫോട്ടോഗ്രാഫര്‍കൂടിയാണ് കിരണ്‍, തന്റെ പ്രിയപ്പെട്ട കാനോണ്‍ ക്യാമറയുമായി ഇഷ്ടപ്പെട്ട ദൃശ്യങ്ങളെ ക്യാമറയില്‍ പകര്‍ത്തുകയാണ് കാക്കിയഴിച്ചുവെച്ചാലുള്ള കിരണിന്റെ പ്രധാനപ്പെട്ട ഹോബി. എവിടെ പോയാലും നിക്കോണ്‍ കൂടെയുണ്ടാകും... കൂടെ ഭാര്യ നീനുവും. ചിലപ്പോള്‍ നല്ല ദൃശ്യങ്ങള്‍ത്തേടി നൈനിത്താളിലേക്കോ കാശ്മീരിലേക്കോ ഒരു യാത്ര...കാനോണില്‍ ഒതുങ്ങുന്നതല്ല കിരണിന്റെ കലാഹൃദയം. അല്ലറ ചില്ലറ എഴുത്തുപരിപാടിയും, സ്‌ക്വാഷ് കളിയും ഒക്കെ ഈ ഐ പി എസുകാരന്റെ ദിനചര്യയുടെ ഭാഗമാണ്...താന്‍ പകര്‍ത്തിയ ചിത്രങ്ങള്‍ വച്ചൊരു എക്‌സിബിഷന്‍ അങ്ങനെ ഒരു സ്വപ്നംകൂടി കിരണിനുണ്ട്...

ഈ കേരള സിങ്കത്തിന്റെ വീരകൃത്യങ്ങള്‍ പത്രത്താളുകളിലെ അച്ചടിമഷി പതിഞ്ഞിട്ടില്ലെങ്കിലും പ്രധാനമന്ത്രിയുടെ വക ഒരു പുരസ്‌കാരം കിരണിനെ നേടിയെത്തി. കിരണിന്റെ നേതൃത്വത്തില്‍ നടന്ന ഓപ്പറേഷന്‍ മൈന്‍ എന്ന പരിപാടിക്കായിരുന്നു അവാര്‍ഡ്. തട്ടിക്കൊണ്ടു പോയ കുട്ടികളെ കണ്ടെത്തുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം.. ഈ ഓപ്പറേഷനിലൂടെ നിരവധി കുട്ടികളെ കണ്ടെത്താനായാതായി കിരണ്‍ പറയുന്നു.

അനന്തപുരിയെ, വീടിനെ, കേരളത്തെ മിസ് ചെയ്യുന്നുണ്ടോയെന്നു ചോദിച്ചാല്‍, കേരളത്തില്‍ ജോലിചെയ്യാന്‍ ആഗ്രഹമില്ലെയെന്നു ചോദിച്ചാല്‍ കിരണ്‍ ശിവകുമാര്‍ ഐപിഎസ് പറയും, എവിടെയാണെങ്കിലും ജോലിചെയ്യുക, സത്യസന്ധമായി ജോലിചെയ്യുകയാണ് പ്രധാനം. നമ്മുക്ക് അഭിമാനിക്കാം ഉത്തര്‍പ്രദേശില്‍ നല്ല നാളുകള്‍ വരാന്‍ കാക്കിക്കുള്ളില്‍ മലയാളിമനസുളള ഒരു ഉദ്യോഗസ്ഥനുണ്ടവിടെ... ഋഷിരാജ് സിങ് കേരളത്തില്‍ ജോലിചെയ്തു 'ഷൈന്‍'ചെയ്യുമ്പോള്‍ അഹങ്കാരത്തോടെ നമുക്കും പറയാം.. ഞങ്ങളും ഒരു സിങ്കത്തെ അങ്ങോട്ടയച്ചിട്ടുണ്ട്... പകരത്തിനു പകരം.