കോട്ടയം ഇനി മുതല്‍ വിശപ്പില്ലാ നഗരം

0


വിശപ്പില്ലാ നഗരമെന്ന പേര് ഈ പുതുവര്‍ഷം മുതല്‍ കോട്ടയം നഗരത്തിനും സ്വന്തം. നഗരത്തിലെ എല്ലാവരുടെയും വിശപ്പ് മാറ്റുന്ന പദ്ധതിക്ക് പുതുവര്‍ഷത്തില്‍ തുടക്കമായി. ഹോട്ടലുകള്‍ വഴി സൗജന്യ ഭക്ഷണമൊരുക്കിയാണ് നഗരത്തിന്റെ വിശപ്പ് മാറ്റുന്നത്. വിശക്കുന്നവര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതാണ് പദ്ധതി.

കോട്ടയം ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ ജില്ലാ ഘടകം എന്നിവരാണ് നഗരത്തിന്റെ വിശപ്പടക്കുന്ന പദ്ധതിക്ക് പിന്നില്‍. നഗരത്തിലെ 26 ഹോട്ടലുകള്‍ വഴിയാണ് ഭക്ഷണ വിതരണം. ഒരു ഹോട്ടലില്‍നിന്ന് അഞ്ച് പേര്‍ക്ക് എന്ന തരത്തിലാണ് ഭക്ഷണവിതരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു ദിവസം 130 പേര്‍ക്ക് ഇത്തരത്തില്‍ ഭക്ഷണം നല്‍കാനാണ് കണക്കുകൂട്ടല്‍.

ഇതിനായി അനുവദിച്ചിട്ടുള്ള പാസുമായി ഹോട്ടലില്‍ എത്തുന്നവര്‍ക്കാണ് ഭക്ഷണം നല്‍കുന്നത്. ദിവസവും രാവിലെ പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ കോട്ടയം കലക്ടറേറ്റ്, നാഗമ്പടം എയ്ഡ് പോസ്റ്റ്, കെ എസ് ആര്‍ ടി സി, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ലഭിക്കും. ദൂരെ സ്ഥലങ്ങളില്‍നിന്ന് യാത്ര ചെയ്ത് റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡിലും എത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയോജനം ചെയ്യും. നിരവധി പേര്‍ ഭക്ഷണം കഴിക്കാന്‍ കാശില്ലാതെ വലയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലാ ഭരണകൂടം ഇത്തരം ഒരു പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്.

ഭക്ഷണം ഹോട്ടലുകളില്‍ ഇരുന്ന് തന്നെ കഴിക്കുകയോ ഭക്ഷണപൊതി വാങ്ങി കൊണ്ടുപോകുകയോ ചെയ്യാം. ഹോട്ടലുകളിലെ സ്‌പെഷ്യല്‍ വിഭവങ്ങള്‍ ഒഴികെയുള്ളവയെല്ലാം ലഭിക്കും.

ആദ്യഘട്ടം പരീക്ഷിച്ചശേഷം രണ്ടാം ഘട്ടത്തില്‍ പദ്ധതിയുടെ വ്യാപ്തി കൂട്ടാനും ഉദ്ദേശിക്കുന്നുണ്ട്.

നഗരത്തില്‍ സൗജന്യ ഉച്ചഭക്ഷണം ലഭിക്കുന്ന ഹോട്ടലുകള്‍ ഇവയാണ്

ഹോട്ടല്‍ ബൂണ്‍, ഹോട്ടല്‍ കിന്‍സ്- ബസേലിയസ് കോളജിന് എതിര്‍വശം, ഹോട്ടല്‍ ഗണേശ ഭവന്‍- കലക്ടറേറ്റിന് സമീപം, ഹോട്ടല്‍ ആനന്ദമന്ദിരം- തിരുനക്കര, ദുബായ് റസ്‌റ്റോറന്റ്- പോസ്റ്റ് ഓഫീസ് റോഡ്, അറേബ്യന്‍ റസ്‌റ്റോറന്റ്- മുന്‍സിപ്പാലിറ്റിക്ക് സമീപം, അമൂല്യ ഹോട്ടല്‍- പുളിമൂട് ജംഗ്ഷന്‍, ഇംപീരിയല്‍സ്- ടി ബി റോഡ്, മണിപ്പുഴ വൈശാലി- ടി ബി റോഡ്, ഹോട്ടല്‍ ദ പാരീസ്- കെ എസ് ആര്‍ ടി സിക്ക് സമീപം, ഹോട്ടല്‍ സിറിയം- ടി ബി റോഡ്, ഹോട്ടല്‍ ഷാലിമാര്‍- കോടിമത

ഗ്രീന്‍ലീഫ് റെസ്റ്റോറന്റ്, ഹോട്ടല്‍ ആനന്ദ്- കെ കെ റോഡ്, ഹോട്ടല്‍ പ്ലാസ- അനുപമ തിയേറ്ററിന് എതിര്‍വശം, ഹോട്ടല്‍ വിക്ടറി- കലക്ടറേറ്റിന് എതിര്‍വശം, ഹോട്ടല്‍ മാലി ഉഡുപ്പി, ഹോട്ടല്‍ ഇമ്മാനുവേല്‍- റെയില്‍വേ സ്റ്റേഷന് സമീപം, ഹോട്ടല്‍ രമ്യ- നാഗമ്പടം, ഹോട്ടല്‍ സംസം, ഹോട്ടല്‍ രമ്യ- കഞ്ഞിക്കുഴി, ഹോട്ടല്‍ പാലക്കട- എസ് ബി ടിക്ക് എതിര്‍വശം, ഹോട്ടല്‍ താലി- മനോരമക്ക് എതിര്‍വശം, ഹോട്ടല്‍ കുമരകം- തിരുനക്കര, ഹോട്ടല്‍ താജ്- ചുങ്കം.