രഘുറാം രാജന്‍: ഇന്ത്യയുടെ ദീര്‍ഘദര്‍ശിയായ ബാങ്കര്‍

0


ടൈം മാഗസിന്‍ അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ പട്ടികയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 23ാമത് ഗവര്‍ണറായ രഘുറാം രാജനും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യയുടെ ദീര്‍ഘദര്‍ശിയായ ബാങ്കര്‍ എന്നാണ് രഘുറാമിനെ ടൈം മാഗസിന്‍ വിശേഷിപ്പിച്ചത്. ആഗോളസാമ്പത്തികമാന്ദ്യമുണ്ടായ സമയത്തും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ചുക്കാന്‍ പിടിച്ച വ്യക്തിയാണദ്ദേഹമെന്നും ടൈം പറഞ്ഞു.

2003 മുതല്‍ 2006 വരെ ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ടില്‍ ചീഫ് ഇക്കണോമിസ്റ്റായി രഘുറാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗോളസാമ്പത്തിക മാന്ദ്യം അധികം വൈകാതെ സംഭവിക്കുമെന്നു അന്നു രഘുറാം പ്രവചിച്ചിരുന്നു. എന്നാല്‍ യുഎസ് മുന്‍ ട്രഷറി സെക്രട്ടറി ലാറി സമ്മേഴ്‌സ് അദ്ദേഹത്തെ കളിയാക്കിയതായും ടൈം മാഗസിന്‍ എഴുതി.

ഡല്‍ഹി പബ്ലിക് സ്‌കൂളിലാണ് രഘുറാം പഠിച്ചത്. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്നു. അവിടെനിന്നും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. 1985 ലാണ് അദ്ദേഹം ബിരുദധാരിയായത്. മികച്ച വിദ്യാര്‍ഥിക്കുള്ള ഗോള്‍ഡ് മെഡലും കോളജില്‍നിന്നും ലഭിച്ചു. 1987 ല്‍ അഹമ്മദാബാദിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്നും ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം നേടി. അതിനുശേഷം ടാറ്റ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസസില്‍ ട്രെയിനിയായി ചേര്‍ന്നു. തുടര്‍ന്ന് എംഐടിയില്‍ സ്ലോയന്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ പിഎച്ച്ഡിക്കായി ചേര്‍ന്നു. 1991 ല്‍ എസെയ്‌സ് ഓണ്‍ ബാങ്കിങ്ങില്‍ ഡോക്ടറേറ്റ് നേടി.

വളര്‍ച്ച എന്നു പറയുന്നത് കാര്യനിര്‍വഹണത്തിനായുള്ള ഒരു അളവുകോല്‍ മാത്രമാണെന്നു പൂണെയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്ക് മാനേജ്‌മെന്റില്‍ നിന്നും ബിരുദധാരികളായ വിദ്യാര്‍ഥികളോട് അദ്ദേഹം പറഞ്ഞു. പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ അളവ് പ്രധാനമാണ്. പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ നാമിപ്പോഴും ലോകത്തിനു മുന്നില്‍ പാവപ്പെട്ട രാജ്യങ്ങളുടെ സ്ഥാനത്താണ്. ഇനിയും ഇതു മാറാന്‍ വളരെ ദൂരം മുന്നോട്ടുപോകണം. അതിനുമുന്‍പ് രാജ്യത്തിലെ ഓരോ ജനങ്ങളുടെയും ഉത്കണ്ഠകള്‍ മനസിലാക്കണമെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞതായി ദ് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ആര്‍ബിഐ ഗവര്‍ണര്‍ എന്ന പദവിക്കപ്പുറം മറ്റു ചില ആനുകൂല്യങ്ങളും രഘുറാമിനു ലഭിക്കുന്നുണ്ട്. അതിലെ ഏറ്റവും പ്രധാനം രാജ്യത്തില്‍ അച്ചടിക്കുന്ന മുഴുവന്‍ നോട്ടുകളിലെയും കൈയ്യൊപ്പ് അദ്ദേഹത്തിന്റേതാണ്. സൗത്ത് മുംബൈയിലെ ധനികരായ വ്യവസായ പ്രമുഖര്‍ താമസിക്കുന്ന പ്രദേശമായ കാര്‍മിക്കല്‍ റോഡിലാണ് രഘുറാമിനു താമസിക്കാനായി നല്‍കിയിരിക്കുന്ന ബംഗ്ലാവ്. ബിസിനസ് ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് പ്രകാരം 2015 ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് രഘുറാമിന്റെ മാസശമ്പളം 1.98 ലക്ഷം രൂപയാണ്. എന്നാല്‍ ഐഐഎം ബിരുദധാരിക്ക് ഇതിനെക്കാള്‍ കൂടുതല്‍ ശമ്പളം കിട്ടും. അദ്ദേഹത്തിന്റെ ശമ്പളത്തില്‍ ഉടന്‍തന്നെ വര്‍ധനവ് വന്നേക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

നമ്മുടെ രാജ്യത്തിന്റെ ഇപ്പോഴത്തെ വളര്‍ച്ച സര്‍ക്കാരിന്റെയും ജനങ്ങളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ്. എന്നാല്‍ അടുത്ത 20 വര്‍ഷം കൂടി ഈ കഠിനാധ്വാനം നാം തുടരണമെന്നും രഘുറാം രാജന്‍ പറയുന്നു.