കേരളം പുനഃസൃഷ്ടിയുടെ പാതയില്‍ ഗവര്‍ണര്‍

0

കേരളം ഏറ്റവും വികസിത സമൂഹത്തിലേക്കുള്ള പുനഃസൃഷ്ടിയുടെ പാതയിലാണെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. നവകേരള മിഷന്റെ ഭാഗമായുള്ള വിദ്യാഭ്യാസ, കാര്‍ഷിക, ഭവന, ആരോഗ്യപദ്ധതികള്‍ കേരളത്തിനെന്നന്ന രാജ്യത്തുതന്നെ സുപ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു. 68ാമത് റിപ്പബ്ലിക് ദിന ആഘോഷചടങ്ങുകളില്‍ അഭിവാദ്യം സ്വീകരിച്ചശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 

സമഗ്ര വികസനത്തിന് വിശാലമായ കാഴ്ചപ്പാടോടെ നാല് സുപ്രധാന മിഷനുകള്‍ നടപ്പാക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിന്റെ നടപടികള്‍ അഭിനന്ദനാര്‍ഹമാണ്. സുസ്ഥിര വികസനത്തിനും ജൈവകൃഷി പ്രോത്‌സാഹിപ്പിക്കാനുമുള്ള ഹരിതകേളം പദ്ധതി ഇന്നത്തെ വരള്‍ച്ചാ പശ്ചാത്തലത്തില്‍ സുപ്രധാനമാണ്. ജലം സംരക്ഷിക്കുമെന്നും രണ്ടുതരം പച്ചക്കറിയെങ്കിലും വീടുകളില്‍ വളര്‍ത്തുമെന്നും നമ്മള്‍ പ്രതിജ്ഞയെടുക്കണമെന്നും ഗവര്‍ണര്‍ ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ ശാക്തീകരണത്തിലുള്ള ചുവടുവെപ്പുകളും ശ്രദ്ധേയമാണ്. പ്രധാന ഓഫീസുകളായ വില്ലേജ് ഓഫീസുകള്‍, മോട്ടോര്‍ വെഹിക്കിള്‍, വൈദ്യുതി, ജല അതോറിറ്റി, വിവിധ നികുതികള്‍ എന്നിവ ഓണ്‍ലൈന്‍ സൗകര്യം ഏര്‍പ്പെടുത്തി ഡിജിറ്റല്‍ രംഗത്ത് ശക്തമായ മുന്നേറ്റം കാഴ്ചവെച്ചിട്ടുണ്ട്. ആര്‍ദ്രം ആരോഗ്യമിഷനും ലൈഫ് പാര്‍പ്പിട മിഷനും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അടിസ്ഥാന സൗകര്യമേഖലയിലും കുതിച്ചുച്ചാട്ടമാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ, ദേശീയ പാത, ബൈപ്പാസ് നിര്‍മാണങ്ങള്‍ എന്നിവയും കിഫ്ബി വഴിയുള്ള പദ്ധതികളും ഇതില്‍ പ്രധാനമാണ്. സമ്പൂര്‍ണ വൈദ്യുതീകരിച്ച സംസ്ഥാനമായി പ്രഖ്യാപിക്കാന്‍ കേരളം തയാറെടുക്കുകയാണ്. എന്നാലും, ഊര്‍ജസംരക്ഷണത്തിന് സഹായമായ ഉപകരണങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.