നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമഗ്രവിവരങ്ങളുമായി മൊബൈല്‍ ആപ്പ്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമഗ്രവിവരങ്ങളുമായി മൊബൈല്‍ ആപ്പ്

Saturday April 02, 2016,

2 min Read


കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുളള സമഗ്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'മൈ ഇലക്ഷന്‍' എന്ന മൊബൈല്‍ ആപ്പ് പുറത്തിറക്കി. സംസ്ഥാനത്തെ പ്രശസ്ത ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പ് പുറത്തിറക്കിയത്.

image


കേവലം വിവരങ്ങള്‍ നല്‍കുന്നതിന് പുറമേ, സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് വോട്ടര്‍മാരുമായി സംവദിക്കാനും തങ്ങളുടെ ആശയ പ്രചരണം നടത്താനുമുളള വേദിയും ഈ മൊബൈല്‍ ആപ്പ് ഒരുക്കുന്നുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും വിവരങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫെയ്‌സ് ബുക്ക്, ട്വിററ്റര്‍ പോലുളള സാമൂഹ്യമാധ്യമങ്ങള്‍ കേന്ദ്രീകരിച്ച് ഇപ്പോള്‍ വ്യാപകമായ തെരഞ്ഞെടുപ്പ് പ്രചരണവും ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകളെയും സംവാദങ്ങളെയുമെല്ലാം ഒരു മൊബൈല്‍ ആപ്പിലേക്ക് ഒതുക്കുകയാണ് മൈ ഇലക്ഷന്‍ ചെയ്യുന്നത്.

കേരളത്തിലെ ഏതു മണ്ഡലത്തിലെയും സ്ഥാനാര്‍ത്ഥികള്‍ക്ക് ഇൗ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാം. അതത് സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രത്യേക ഐഡി-യും ആപ്പിലൂടെ ലഭിക്കും. ഇതോടെ ആപ്പിലെ സ്വന്തം പേജിന്റെ പൂര്‍ണമായ നിയന്ത്രണം സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പ്രചരണം, ദൃശ്യമാധ്യമങ്ങളില്‍ വന്ന ചര്‍ച്ചകളുടെ വീഡിയോ ക്ലിപ്പിംഗ്, സ്വയം തയ്യാറാക്കിയ വീഡിയോ തുടങ്ങി കാര്യങ്ങള്‍ സ്വന്തം പ്രൊഫൈലില്‍ ഉള്‍പ്പെടുത്താനും സ്ഥാനാര്‍ത്ഥികള്‍ക്ക് സാധിക്കും. തങ്ങള്‍ക്കിഷ്ടപ്പെടുന്ന സ്ഥാനാര്‍ഥികളുടെ പേജുകള്‍ ആപ്പ് ഉപയോക്താക്കള്‍ക്ക് ലൈക് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ ഈ സ്ഥാനാര്‍ഥികളുടെ ന്യൂസ് ഫീഡുകള്‍ ഉപയോക്താവിന് ലഭ്യമാകും.

സ്ഥാനാര്‍ത്ഥികള്‍ നേരിട്ട് നല്‍കുന്ന വിവരങ്ങളായതിനാല്‍ തെറ്റ് വരാനുളള സാധ്യത പൂര്‍ണമായും ഒഴിവാക്കാനാകുമെന്നതാണ് ആപ്പിന്റെ പ്രത്യേകതയെന്ന് ലാംഡ മീഡിയ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബോബി ഇലഞ്ഞിക്കല്‍ പറഞ്ഞു. മാത്രമല്ല, ആപ്പ് വഴി നടക്കുന്ന ചര്‍ച്ചകള്‍ സംവാദങ്ങള്‍ എന്നിവയിലെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്കായിരിക്കും പൂര്‍ണ ഉത്തരവാദിത്തം എന്നും ബോബി കൂട്ടിച്ചേര്‍ത്തു.

1957 മുതലുളള കേരള നിയമസഭയുടെ ബൃഹത്തായ ചരിത്രം ഈ ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്ന ആര്‍ക്കും ഈ വിവരങ്ങള്‍ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സ്വന്തം പോളിംഗ് ബൂത്തിനെക്കുറിച്ചുളള വിവരങ്ങളും ആപ്പിലൂടെ ലഭിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ വെബ്‌സൈറ്റ് വഴിയാണ് ഈ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.

വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതല്‍ സജീവമാക്കുകയാണ് മൈ ഇലക്ഷന്‍ ചെയ്യുന്നത്. വോട്ടിംഗില്‍ ജനപങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായുളള കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രയത്‌നങ്ങള്‍ക്ക് സഹായകരമാകുകയാണ് ഈ ആപ്പെന്നും ബോബി ചൂണ്ടിക്കാട്ടി.

വിദേശ ഇന്ത്യാക്കാര്‍ക്കും ഏറെ പ്രയോജനം നല്‍കുന്ന സംവിധാനമാണ് ഇതില്‍ ഒരുക്കിയിട്ടുളളത്. സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം അണുവിട വിടാതെ പിന്തുടരുന്ന പ്രവാസികള്‍ക്ക് തെരഞ്ഞെടുപ്പിന്റെ തത്സമയ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലൂടെ ലഭിക്കുമെന്ന് ബോബി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവചനത്തിലൂടെ ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടാനുളള മത്സരങ്ങളും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍കാലങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചാരണം നടത്തിയ പരിചയം ലാംഡയ്ക്കുണ്ടെന്ന് ബോബി ചൂണ്ടിക്കാട്ടി. സമൂഹത്തില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം കൂടി വരുന്ന സാഹചര്യം ഗുണപരമായി ഉപയോഗപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ മൊബൈല്‍ ഫോണിലേക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അല്ലെങ്കില്‍ www.myelection.vote എന്ന വെബ്‌സൈറ്റു വഴിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് വെര്‍ഷനില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്പിന്റെ ഐഒഎസ് പതിപ്പ് 15 ദിവസത്തിനകം ലഭ്യമാക്കും. വാര്‍ത്താസമ്മേളനത്തില്‍ സൈബര്‍ സെക്യൂരിറ്റി വിദഗ്ധനും എത്തിക്കല്‍ ഹാക്കറുമായ ബിനോഷ് അലെക്‌സ് ബ്രൂസ്, ഉപദേശകനായ ബിനു ജോണ്‍ ഈശോ എന്നിവരും പങ്കെടുത്തു.