പാരമ്പര്യത്തിന്റെ കരുത്തുമായി ഇറ ദുബെയുടെ വിജയഗാഥ

0

നാടകത്തില്‍ നിന്ന് സിനിമയിലേക്കുള്ള ഇറ ദുബെയുടെ യാത്ര വിജയകരമായിരുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ കഴിവും സാമര്‍ഥ്യവുമുള്ള യുവ അഭിനേതാക്കളില്‍ ഒരാളാകാന്‍ സാധിച്ചത് ഇറയുടെ ഈ വിജയത്തെ സൂചിപ്പിക്കുന്നു. ചാനല്‍ അവതാരകയായി പേരെടുത്ത ഇറ 'യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ'യിലെ പഠനത്തിനു ശേഷമാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 'ദ പ്രസിഡന്റ് ഈസ് കമിങ്, ഐഷ തുടങ്ങിയ ചിത്രങ്ങളിലെ ഇറയുടെ പ്രകടനം ശ്രദ്ധേയമാണ്. എങ്കിലും തന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി ഇറ കരുതുന്നത് '9 പാര്‍ട്‌സ് ഓഫ് ഡിസൈര്‍' എന്ന ചിത്രമാണ്. സംഘര്‍ഷമൊഴിഞ്ഞ ഇറാഖിന്റെ പശ്ചാത്തലത്തില്‍ ഒമ്പത് ഇറാഖി സ്ത്രീകളുടെ കഥപറയുന്ന ചിത്രത്തിലെ അഭിനയത്തിന് വിവിധ തലങ്ങളില്‍ നിന്ന് ഇറ ദുബെയെ തേടി പ്രശംസ എത്തിയിരുന്നു. തനിക്ക് തികച്ചും അപരിചിതമായ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം വളരെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ഇറാഖിലെ സ്ത്രീകളുടെ ജീവതം സൂക്ഷ്മമായി പഠിച്ചശേഷമാണ് കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നത്. അതുതന്നെയാണ് തിയറ്ററുകള്‍ ഒന്നടങ്കം എണീറ്റു നിന്ന് കരഘോഷംമുഴക്കി ആ ചിത്രം ഏറ്റെടുത്തതിനു പിന്നിലെ രഹസ്യമെന്നും പറയുമ്പോള്‍, അവളുടെ കണ്ണുകളിലും തിളങ്ങി വിജയാരവം.

ശരീരം കൊണ്ടും, ശബ്ദം കൊണ്ടുപോലും കഥാപാത്രമാകാന്‍ തന്നെ സഹായിച്ചത് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ്. തന്റെ പരിശ്രമത്തിന് ജനം തന്ന പിന്തുണ ഏറെ വിലമതിക്കുന്നതാണെന്ന പറയുമ്പോള്‍ ഇറയുടെ കണ്ണുകളും ഈറനണിയുന്നു. തികഞ്ഞ അഭിനയ പാരമ്പര്യമുള്ള കുടുംബമാണ് ഇറയുടേത്. നാടകത്തിനായി ജീവിച്ച അമ്മയും അവരുടെ സഹോദരിമാരും തന്നെയാണ് തന്റെ കരുത്തെന്ന് അവള്‍ പറയുന്നു. സ്വാഭാവികമായ അഭിനയം എങ്ങനെയെന്ന് കണ്ടുപഠിച്ചതും അമ്മയില്‍ നിന്നാണ്. ചെറുപ്പം മുതല്‍ അമ്മയോടൊപ്പം എല്ലാ സ്‌റ്റേജുകളിലും ഒപ്പമുണ്ടായിരുന്നു. നാടകം വളരെ വിശുദ്ധമായി കണ്ടിരുന്ന ഇറയുടെ അരങ്ങേറ്റം കുടുംബത്തിനുണ്ടായിരുന്ന കുട്ടികളുടെ നാടകക്കളരിയിലാണ്. അഭിനേതാക്കളുടെ ഒപ്പം തന്നെ സദസിനും പ്രാധാന്യമുള്ള ഒരു കലയാണ് നാടകം എന്നതാണ് ഇറയുടെ അഭിപ്രായം. നല്ലൊരു നടന്റെയോ നടിയുടെയൊ ലൈവ് അഭിനയം മികച്ചതാക്കാന്‍ സമ്പന്നമായ സദസിനുമാത്രമെ സാധ്യമാകൂ. നാടകത്തെ സ്‌നേഹിക്കുന്ന അതില്‍ താല്‍പര്യമുള്ള സദസ് തന്നെയാണ് ഏറ്റവും പ്രാധാന്യമേറിയ ഘടകം.

യാഥാര്‍ഥ്യത്തോട് ചേര്‍ന്നു നിന്ന് അഭിനയിക്കാനാണ് താല്‍പര്യം. അത് വളരെ ലളിതമാണെന്ന് തോന്നുമെങ്കിലും വെല്ലുവിളികള്‍ നിറഞ്ഞതാണെന്ന് ഇറ ഓര്‍മിപ്പിക്കുന്നു. പരിചയസമ്പത്താണ് ഒരു അഭിനേതാവിന്റെ മികവിനു പിന്നില്‍. സ്‌റ്റേജില്‍ അബദ്ധം പറ്റിയാല്‍ സദസിനെ അറിയിക്കാതെ കൈകാര്യം ചെയ്യാന്‍ തഴക്കമുള്ള ഒരു അഭിനേതാവിനെ സാധിക്കൂ. ഭാഗ്യംകൊണ്ട് ഇതുവരെ സ്‌റ്റേജിലെ അബദ്ധങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഇറ പറയുന്നു.

ഇന്നത്തെ യുവതലമുറ അഭിനയത്തെ പ്രാധാന്യത്തോടെ കാണുന്നുണ്ട് എന്നത് ഏറെ സന്തോഷം തോന്നിയിട്ടുള്ള ഒരു കാര്യമാണ്. പ്രൊഫഷണല്‍ വിദ്യാഭ്യാസം പോലെ തന്നെ അഭിനയം പഠിക്കാനും യുവജനത താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍ അതിനായി മികച്ച സ്‌കൂളുകള്‍ ഇല്ലാത്തത് വെല്ലുവിളിയാണ്. എന്നാല്‍ താനൊരിക്കലും ഒരു നാടകവിദ്യാഭ്യാസം ആഗ്രഹിച്ചിരുന്നില്ല. സ്‌റ്റേജിലെ സ്പന്ദനം കണ്ടാണ് താന്‍ വളര്‍ന്നത്. അമ്മയുടെ അഭിനയം തന്നില്‍ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ വിദേശത്തേയ്ക്കു പോയശേഷം അഭിനയം പഠിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അതിനായി സ്‌കൂളുകളെപ്പറ്റിയെല്ലാം ഒരു വിശകലനം നടത്തി. എല്ലാ സ്‌കൂളുകളിലെയും അഭിനയപഠനം ഒരുപോലെയാണ് അതിനാലാണ് എല്ലാ അഭിനേതാക്കള്‍ക്കും ഒരേശൈലിയുള്ളതെന്നുമാണ് ഇറയുടെ അഭിപ്രായം.

ഭാരതത്തിലെ അഭിനയരംഗം പുരുഷാധിപത്യത്തിലായിരുന്നു. എന്നാല്‍ വിദ്യാബാലനെപ്പോലെ അഭിനയമറിയാവുന്ന പെണ്‍കരുത്ത് ഇത് മാറ്റിയെഴുതിത്തുടങ്ങിയിട്ടുണ്ട്. രൂപത്തെക്കാള്‍ കഴിവിന് പ്രാധാന്യം കൊടുക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി ശ്രദ്ധിക്കേണ്ടതുണ്ട്. പുരുഷന്‍മാരായ അഭിനേതാക്കളുടെ കാര്യത്തില്‍ ഇക്കാര്യത്തിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. കഴിവുള്ള താരങ്ങള്‍ക്ക് അവസരം ലഭിക്കുന്നത് ശുഭ പ്രതീക്ഷ നല്‍കുന്നു്. താരപദം ആഗ്രഹിക്കാതെ കഴിവ് പ്രകടിപ്പിക്കാന്‍ വനിതകളും ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട്. മികച്ച താരമാകാതെ മികച്ച അഭിനേതാവാകാന്‍ കരുത്തുറ്റ പെണ്‍സാന്നിധ്യവും ഇന്നുണ്ടെന്ന് പറഞ്ഞാണ് ഇറ ദുബെ സംസാരം അവസാനിപ്പിച്ചത്.