ഇന്ത്യയില്‍ മുന്നേറാന്‍ സിയോമി

0


സെല്‍ഫോണ്‍ കമ്പനിയായ സിയോമിക്ക് ഇപ്പോള്‍ ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. അടുത്തിടെ എമറൈറ്റ്‌സ് ഓഫ് ടാറ്റ സണ്‍സിന്റെ ചെയര്‍മാനായ രതന്‍ ടാറ്റയില്‍ നിന്നും നിക്ഷേപം ലഭിച്ചതായി സിയോമി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സിയോമിയില്‍ ആദ്യമായി ഇന്ത്യ നടത്തുന്ന നിക്ഷേപമാണിത്. എന്നാല്‍ നിക്ഷേപത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ലോകത്തിലെ ഏറ്റവും ബഹുമാന്യനായ ബിസിനസ് നേതാക്കളില്‍ ഒരാളാണ് ടാറ്റ എന്ന് സിയോമിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലി ജുന്‍ പറഞ്ഞു. ഇത് തങ്ങളുടെ ആവേശകരമായ യാത്രയുടെ തുടക്കം മാത്രമാണെന്നും കൂടുതല്‍ പ്രോഡക്ടുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ചൈനയില്‍ പുറത്തിറങ്ങി നാല് വര്‍ഷത്തിനകം വിപണി കീഴടക്കിയ സിയോമി കഴിഞ്ഞ വര്‍ഷം ജൂലായിലാണ് ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങിയത്. ഇപ്പോള്‍ ഇന്ത്യയിലെ രണ്ടാമത്തെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപണിയായി സിയോമി ചുവടുറപ്പിച്ചു കഴിഞ്ഞു. ഇന്ത്യയില്‍ കമ്പനി വലുതായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വി.പി. ഹ്യൂഗോ ബാരാ അദ്ദേഹത്തിന്റെ കൂടുതല്‍ സമയവും ഇന്ത്യയില്‍ തന്നെയാണ് ചെലവഴിച്ചത്.

ഏപ്രില്‍ 23ന് ബാര സിയോമിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫോണായ മി4ഐ ന്യൂഡല്‍ഹിയിലെ വന്‍ജനാവലിക്ക് മുന്നില്‍ വച്ച് ലോഞ്ച് ചെയ്തിരുന്നു. ഇതിലെ 'ഐ' എന്നത് ഇന്ത്യയെ സൂചിപ്പിക്കുന്നെന്നും ചടങ്ങിനിടെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ ഉപയോക്താക്കളാണ് തങ്ങളുടെ ഫോണിന്റെ ഏറ്റവും വലിയ ഉപയോക്താക്കളെന്ന് യുവര്‍സ്‌റ്റോറിയുമായി നേരത്തെ ഒരു അഭിമുഖത്തില്‍ ബാരാ പറഞ്ഞിരുന്നു. അന്ന് അദ്ദേഹം ഇന്ത്യയിലെ ചില ഭാവി പദ്ധതികളെപ്പറ്റിയും സംസാരിച്ചിരുന്നു.

1. ബാംഗ്ലൂരില്‍ പ്രാധാന്യമുള്ള സാന്നിദ്ധ്യം

2. ഇന്ത്യയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങിന്റെ സാന്നിദ്ധ്യം.

3. ഇന്ത്യയില്‍ ഒരു ഗ്ലോബല്‍ ആര്‍ ആന്റ് ഡി സെന്റര്‍ സ്ഥാപിക്കും.

4. കൂടുതല്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് സെന്ററുകളും എക്‌സ്‌ക്ലൂസീവ് സര്‍വീസ് സെന്ററുകളും ആരംഭിക്കുക.

5. സിയോമിയുടെ ഭാഗ്യചിഹ്നമായ മി ബണ്ണിയും മിയു തീമുകളും ഇന്ത്യവത്കരിക്കും.