ഗെയില്‍ സ്ഥലമേറ്റെടുക്കല്‍; ചീഫ് സെക്രട്ടറി അധ്യക്ഷനായി പ്രത്യേക നിരീക്ഷണ സമിതി 

0

കേരളത്തിന്റെ മലിനീകരണരഹിത വികസനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഗെയ്ല്‍ പൈപ്പ്‌ലൈനിനു വേണ്ട സ്ഥലമേറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുവാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല്‍ പ്രതിനിധികള്‍ കൂടി ഉള്‍പ്പെട്ട ഒരു മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിക്കും. ഈ കമ്മിറ്റി മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് പ്രവൃത്തി പുരോഗതി വിലയിരുത്തും. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ കടന്നുപോകുന്ന ജില്ലകളില്‍ ഗാര്‍ഹികാവശ്യങ്ങള്‍ക്ക് വേണ്ടി സമര്‍ദ്ദിത പ്രകൃതിവാതകം വിതരണം ചെയ്യുവാനുള്ള സംവിധാനമൊരുക്കും. ഗതാഗതത്തിനും പാചകാവശ്യങ്ങള്‍ക്കുമുള്ള വാതകം ആഭ്യന്തരനിരക്കില്‍ തന്നെ വിതരണം ചെയ്യുവാനും ധാരണയായി.

കൊച്ചിയില്‍ ആരംഭിക്കുവാനുദ്ദേശിക്കുന്ന പെട്രോകെമിക്കല്‍ പാര്‍ക്കിന് അനുഭാവപൂര്‍ണമായ സമീപനം കേന്ദ്രത്തില്‍ നിന്ന് ഉണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയംപ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ. ധര്‍മേന്ദ്ര പ്രധാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അതേപോലെ തന്നെ, അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കൊച്ചിയിലെ ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍സിന്റെ പ്ലാന്റ് ബീ.പീ.സീ.എല്‍ ഏറ്റെടുക്കുന്നതിനെ സംബന്ധിച്ച് കൂടുതല്‍ വിശദമായ ചര്‍ച്ചകള്‍ നടത്താമെന്നും അദ്ദേഹം സമ്മതിച്ചിട്ടുണ്ട്.

ദ്രവീകൃത പ്രകൃതിവാതകത്തില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയമായി പഠിച്ചതിന് ശേഷം നടപടികള്‍ സ്വീകരിക്കും. ഫാക്റ്റിലെ യൂറിയ പ്ലാന്റ് നവീകരണത്തിന് സര്‍വവിധ സഹായങ്ങളും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.