മോളി മുതല്‍ ഓസ്‌കാര്‍ വരെ; ദൃശ്യവിരുന്നൊരുക്കി അലങ്കാര മത്സ്യ പ്രദര്‍ശനം

0

മത്സ്യോത്സവത്തിനെത്തിയവര്‍ക്ക് വിവിധതരം വര്‍ണമത്സ്യങ്ങളുടെ ലോകം ദൃശ്യ വിരുന്നൊരുക്കുന്നു. നാഷണല്‍ സെന്റര്‍ ഫോര്‍ ഓര്‍ണമെന്റല്‍ ഫിഷസാണ് അലങ്കാര മത്സ്യ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. മോളി, മാലാഖമത്സ്യം, കോയ്കാര്‍പ്, ഓസ്‌കാര്‍, ക്യാറ്റ്ഫിഷ്, ഡിസ്‌കസ്, അരോണ, ഗൗരാമി, വിഡോറ്റെട്രോ, മോര്‍ഫ്, സെവറം തുടങ്ങി അനവധി വിദേശ ഇനം മത്സ്യങ്ങളും മേളയിലുണ്ട്. സിക്ലിഡെ കുടുംബത്തില്‍പ്പെടുന്ന മാലാഖമത്സ്യം അക്വേറിയത്തിലെ മാലാഖ എന്നും അറിയപ്പെടുന്നു. 

കൊതുകു ലാവകള്‍, മണ്ണിരനുറുക്ക് തുടങ്ങിയവയാണ് ഇവയുടെ ആഹാരം. സൈപ്രീനസ് എന്ന സാധാരണ കാര്‍പ്പ് മത്സ്യത്തില്‍ നിന്നും ജപ്പാന്‍കാര്‍ വികസിപ്പിച്ചെടുത്തതാണ് കോയ്കാര്‍പ്പ്. ആറ് മുതല്‍ എട്ട് കിലോഗ്രാം വരെ തൂക്കവും, 90 സെ.മീറ്റര്‍ വരെ നീളവുമാണ് ഇവയ്ക്കുളളത്. ശൈശവത്തില്‍ മാംസഭുക്കുകളായ ഈ മത്സ്യങ്ങള്‍ വളര്‍ച്ചയെത്തുന്നതോടെ സസ്യഭുക്കുകളാകുന്നു. ആമസോണ്‍ നദീതടങ്ങളില്‍ കാണപ്പെടുന്ന ഓസ്‌കാര്‍ മത്സ്യങ്ങളുടെ ആഹാരം മറ്റു ചെറിയ മത്സ്യങ്ങളാണ്. ഓറഞ്ച് നിറത്തില്‍ കാണപ്പെടുന്ന ഇവ കാഴ്ച്ചയില്‍ ഏറെ ഭംഗിയേറിയവയാണ്. ക്യാറ്റ്ഫിഷ്, പേരുപോലെ മുഖത്ത് പൂച്ചയുടേതുപോലുളള മീരയോടുകൂടിയവയാണ്. ആമസോണ്‍ നദീതടത്തിലാണ് ഈ മത്സ്യങ്ങളും കാണപ്പെടുന്നത്. എട്ട് അടി നീളവും 80 കിലോഗ്രാം തൂക്കവുമുണ്ട്. ഒരു ഡിസ്‌കസ് പോലെ പരന്ന ശരീരമാണ് ഡിസ്‌കസ് മത്സ്യങ്ങള്‍ക്ക്. സൗത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ആസ്‌ട്രേലിയ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന ആരോണ മത്സ്യങ്ങളും ഇവിടെയുണ്ട്. ഇന്ത്യ, പാക്കിസ്ഥാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഗൗരാമി മത്സ്യങ്ങള്‍ കാണപ്പെടുന്നത്. മുട്ട ഇടുന്ന ഇവ കുഞ്ഞുങ്ങളെ സംരക്ഷിച്ചു വളര്‍ത്തുന്നു. വായുവില്‍ നിന്നും നേരിട്ട് ശ്വസിക്കാന്‍ ഗൗരാമിക്ക് സാധിക്കും.