പരീക്ഷാ പേടിയോ... റോഷ്ണി മുഖര്‍ജിയുടെ ഓണ്‍ലൈന്‍ ക്ലാസ് പേടി മാറ്റും

0

ക്ലാസിലെ മിടുമിടുക്കരായ കുട്ടികള്‍ക്കുപോലുമുണ്ട് പരീക്ഷാപേടി. എല്ലാം പഠിച്ചു കഴിഞ്ഞാലും പരീക്ഷാക്കാലമാകുമ്പോള്‍ പനിയും തലവേദനയുമായി ഭയം ഓടിയെത്തും. അത്തരക്കാര്‍ക്ക് അനുഗ്രഹവുമായി മാറിയിരിക്കുകയാണ് റോഷ്ണി മുഖര്‍ജിയുടെ ഓണ്‍ലൈന്‍ ക്ലാസ്. പേടിയകറ്റാനുള്ള ടിപ്പുകള്‍ നല്‍കി കുട്ടികളുടെ മനസില്‍ ഇടം നേടുകയാണ് റോഷ്ണിയെന്ന ബംഗാള്‍ സ്വദേശിനി. ഒമ്പതാം ക്ലാസ് മുതല്‍ പ്ലസ് ടു തലം വരെയുള്ള കുട്ടികള്‍ക്ക് എല്ലാമെല്ലാമാണിപ്പോള്‍ റോഷ്ണി ടീച്ചര്‍. ക്ലാസില്‍ നേരിട്ട് പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ ഒരാഴ്ചകൊണ്ട് പറഞ്ഞു നല്‍കാന്‍ ശ്രമിക്കുന്ന പാഠഭാഗങ്ങള്‍ റോഷ്‌നിയുടെ ടിപ്പുകളിലൂടെ വെറും പത്തുമിനിട്ടുകൊണ്ട് മനസിലാക്കാനാകുമെന്ന് കുട്ടികള്‍ പ്രതികരിക്കുന്നു. സത്യത്തില്‍ കുട്ടികളുടെ ഈ മറുപടിയാണ് തനിക്ക് ശക്തി പകരുന്നതെന്ന് പറയുകയാണ് ഈ ഓണ്‍ലൈന്‍ ടീച്ചര്‍.

പഠനത്തില്‍ മിടുക്കിയായിരുന്നെങ്കിലും തനിക്കും പരീക്ഷാപ്പേടി ഉണ്ടായിരുന്നുവെന്ന് റോഷ്‌നി പറയുന്നു. അന്ന് അതിനെ എങ്ങിനെ മറികടക്കുമെന്ന് ആധിയായിരുന്നു. പഠനം കഴിഞ്ഞപ്പോഴാണ് വളരെ നിസാരമായി മനസിലാക്കാമായിരുന്ന പലകാര്യങ്ങളിലുമാണ് താന്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ പേടിസ്വപ്നമായി കണ്ടിരുന്നത്. അത്തരം പേടികളെ ചെറിയ ചെറിയ ഉദാഹരണ സഹിതം വളരെ ലളിതമാക്കിയാണ് റോഷ്‌നി കുട്ടികള്‍ക്കായി ക്ലാസ് തയാറാക്കിയത്. ബംഗാളിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച റോഷ്‌നിക്ക് തന്റെ മാതാപിതാക്കളെപ്പോലുള്ളവരുടെ അവസ്ഥ മനസിലാക്കാന്‍ സാധിച്ചിരുന്നു. ചെലവുകള്‍ അധികരിച്ച ഈ കാലഘട്ടത്തില്‍ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം മക്കള്‍ക്ക് നല്‍കാനുള്ള അവരുടെ കഷ്ടപ്പാടിന് ഒരു കൈത്താങ്ങ് എന്ന നിലയിലാണ് ചിന്തിച്ചത്. ഉന്നത നിലവാരം പുലര്‍ത്തുന്ന സ്‌കൂളുകളില്‍ പഠിക്കാനാകാത്ത സാധാരണക്കാരുടെ മക്കള്‍, ഗ്രാമീണ മേഖലയില്‍ അതിന് സാധ്യമാകാത്ത പിന്നോക്കക്കാര്‍ എന്നിവരൊക്കയാണ് മനസിലേക്ക് ഓടിയെത്തിയത്. എല്ലായിടവും എത്തി ക്ലാസുകള്‍ നയിക്കുക എന്നത് യാഥാര്‍ഥ്യമാകാതെ വന്നപ്പോഴാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം എന്ന ആശയം ഉദിച്ചത്.

ഒരേസമയം ഒത്തിരി വിദ്യാര്‍ഥികള്‍ക്ക് അറിവ് നല്‍കാനാകും എന്നതും ഈ രീതിയുടെ വിജയമാണ്. റൂറല്‍ ഏരിയകളില്‍ പോലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകുമെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ കേള്‍ക്കാന്‍ പ്രയാസം നേരിടേണ്ടിയും വരുന്നില്ല. ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദം നേടിയ റോഷ്‌നി ഫിസിക്‌സിനൊപ്പം മാത്തമാറ്റിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളും കുട്ടികള്‍ക്കായി തയാറാക്കുന്നുണ്ട്. ദൈനംദിന ജീവിതത്തില്‍ നിന്ന് ഉദാഹരണങ്ങള്‍ എടുത്ത് പാഠഭാഗങ്ങള്‍ തയാറാക്കുന്നതിനാല്‍ കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാനാകും. തയാറാക്കിയ പാഠഭാഗങ്ങള്‍ എക്‌സാം ഫിയര്‍ എന്ന പേരില്‍ യുട്യൂബില്‍ ലഭ്യമാണ്. ആദ്യകാലത്ത് യുട്യൂബ് ചാനല്‍ കൈകാര്യം ചെയ്തിരുന്നത് വളരെ ശ്രമകരമായിരുന്നു. ദിവസം മുഴുവന്‍ ഇതിനായി ചിലവഴിച്ചു. തന്റെ അഭിരുചി അറിയുന്ന ഭര്‍ത്താവ് ഒപ്പം നിന്നതാണ് എല്ലാക്കാര്യങ്ങളും വേഗത്തില്‍ സുഗമമാകാന്‍ സാധിച്ചതെന്ന് റോഷ്‌നി പറയുന്നു. കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന തരത്തില്‍ എല്ലാ തദ്ദേശീയ ഭാഷകളിലേക്കും യുട്യൂബ് വീഡിയോകള്‍ മൊഴിമാറ്റുക എന്ന ദൗത്യമാണ് അടുത്തതായി ചെയ്യുന്നത്.

അധ്യാപികയാകാന്‍ കൊതിച്ച തന്റെ ജീവിതത്തില്‍ സ്വാധീനിച്ച വ്യക്തി അമ്മയാണെന്ന് റോഷ്‌നി പറയുന്നു. സ്‌കൂള്‍ ടോപ്പറായിരുന്ന റോഷ്‌നി കോളെജ് കാലഘട്ടത്തില്‍ സയന്‍സ് മെറിറ്റോടെയാണ് പഠിച്ചത്. ഡല്‍ഹി യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയത്. പഠനകാലത്ത് അച്ഛനെ നഷ്ടപ്പെട്ടത് വളരെയേറെ വേദനിപ്പിച്ചിരുന്നു. തുടര്‍ന്ന് ക്യാംപസ് ഇന്റര്‍വ്യൂ വഴി വിപ്രോയില്‍ ജോലിക്കു കയറി. ജോലിയോടൊപ്പം തന്നെ എക്‌സാം ഫിയര്‍ തുടങ്ങി. 2011ലാണ് യുട്യൂബില്‍ പാഠഭാഗങ്ങള്‍ പകര്‍ന്ന് ആദ്യമായി രംഗത്തെത്തിയത്. മൂന്നു വര്‍ഷത്തിനു ശേഷം മറ്റൊരു കമ്പനിയിലേക്ക് ജോലി മാറിയെങ്കിലും അധ്യാപനത്തോടുള്ള അഭിനിവേശം കൊണ്ട് പൂര്‍ണമായി എക്‌സാം ഫിയറിനായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് റോഷ്‌നി പറയുന്നു. വിദ്യാര്‍ഥികള്‍ തന്റെ സംരംഭം ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചാരിതാര്‍ത്ഥ്യത്തിലാണ് റോഷ്‌നി മുഖര്‍ജി.