ഗൂഗിളില്‍ നിന്ന് ദി ബിഗ് ബാന്‍ഡ് തിയറിയിലേക്ക്

0

ജോലി ഉപേക്ഷിക്കുന്നതിലെ ആശയക്കുഴപ്പം മനസില്‍ അവശേഷിപ്പിച്ചാണ് അക്ഷയ് അഹൂജ താന്‍ ഗൂഗിളിലെ ജോലി ഉപേക്ഷിക്കുകയാണെന്ന് കൂട്ടുകാരോടും വീട്ടുകാരോടും പറഞ്ഞത്. എന്നാല്‍ അവരുടെ പ്രതികരണം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു. ഉചിതമായ തീരുമാനം എന്നായിരുന്നു അവരുടെ പ്രതികരണം. അക്ഷയ് തീരെ നിനച്ചിരിക്കാത്ത മറുപടിയായിരുന്നു ഇത്. മാത്രമല്ല കുറച്ചുകൂടി നേരത്തെയാകാമായിരുന്നു എന്നായിരുന്നു അവരുടെ പ്രതികരണം. അക്ഷയ് ഇതുവരെ എടുത്തിട്ടുള്ള തീരുമാനങ്ങളില്‍ ഏറ്റവും മികച്ചത് എന്ന് അവരെല്ലാം അഭിനന്ദിക്കുകയും ചെയ്തു. മറ്റുള്ളവരുടെ ഈ പ്രതികരണത്തിന് പിന്നില്‍ മതിയായ കാരണവുമുണ്ട്. അക്ഷയ്ക്ക് ഒരു വലിയ ലക്ഷ്യം നേടാനുണ്ട്. അക്ഷയിന്റെ സ്വപ്ന ലക്ഷ്യം. അതിന് ജോലി ഉപേക്ഷിക്കുക തന്നെ വേണം. അക്ഷയ്ക്ക് ഇനിയും ഏറെ വളരാനുണ്ടെന്ന് അവര്‍ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

സംഗീതത്തിന്റെയും ബാന്‍ഡിന്റെയും കൈ പിടിച്ച് അക്ഷയ് ഇനിയും ഉയരത്തിലെത്തുമെന്ന അവരുടെയെല്ലാം സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്. ബാന്‍ഡും മ്യൂസികും ഇന്ത്യയില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാം എന്നതിനെക്കുറിച്ച് അക്ഷയ് ഏറെ നാളായി ഗവേഷണത്തിലായിരുന്നു. അതിനിടെയാണ് ജോലി ഉപേക്ഷിച്ച് സംഗീതത്തിന്റെ വഴിയേ തിരിയാന്‍ തീരുമാനിച്ചത്. ബോളീവുഡിലേക്ക് പോവുകയാണോ എന്നായിരുന്നു അവരുടെ ചോദ്യം. അവരുടെ ചോദ്യം സാക്ഷാല്‍കരിക്കപ്പെടുന്നതിന്റെ സന്തോഷത്തിലാണ് അക്ഷയ്.

ബോളീവുഡിലേക്ക് കടക്കാനാഗ്രഹിക്കുന്ന നിരവധി ഗായകര്‍ക്ക് വഴികാട്ടിയാണ് ഇന്ന് അക്ഷയ്. അറിയപ്പെടാത്ത സംഗീതജ്ഞര്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തുകൊണ്ടുവരാനുള്ള അവസരമൊരുക്കുകയായിരുന്നു അക്ഷയ്. എന്നെങ്കിലും തന്റെ സംരംഭം ഏതെങ്കിലുമൊരു പ്രതിഭ തിരിച്ചറിയുമെന്നും അക്ഷയ് ചിന്തിച്ചിരുന്നു. ഇതിന് അക്ഷയ് പേരും നല്‍കി ദ ബിഗ് ബാന്‍ഡ് തിയറി.

സംഗീതോപകരണങ്ങളുടെയല്ല, സംഗീതത്തിന്റെ കൂടിച്ചേരലായിരുന്നു ബിഗ് ബാന്‍ഡ്. ഒരു വലിയ സ്വപ്ന പദ്ധതിയായിരുന്നു അത്. അതിന് ഒട്ടേറെ ലക്ഷ്യങ്ങളോടൊപ്പം നേരീയ പോരായ്മകളും ഉണ്ടായിരുന്നു. താന്‍ ഒറ്റയ്ക്കാണ് എന്നത് തന്നെയായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ ഏതെങ്കിലുമൊരു പ്രതിഭയെ സ്വാധീനിക്കാന്‍ കഴിഞ്ഞാല്‍ അദ്ദേഹത്തിലൂടെ തന്റെ സംരംഭം ലക്ഷ്യത്തിലെത്തിക്കാമെന്ന് അക്ഷയിന് അറിയാമായിരുന്നു.

ഇതിനിടെയാണ് ഇന്ത്യന്‍ ഓഷന്‍ എന്ന സംഗീത സ്ഥാപനത്തിന്റെ സ്ഥാപകനായ സുസ്മിത് സെന്‍ ബിഗ് ബാന്‍ഡിനെക്കുറിച്ച് അറിയാനിടയായത്. അക്ഷയുടെ പ്രവര്‍ത്തനങ്ങള്‍ ആകൃഷ്ടനായ സുസ്മിത് അക്ഷയുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാനാരംഭിച്ചു. ബൃഹത്തായ സംഗീത പൈതൃകമില്ലാത്തതും എന്നാല്‍ സംഗീതത്തിന് വേണ്ടി വളരെ സൃഷ്ടിപരമായി പ്രവര്‍ത്തിക്കുന്നതുമായ വ്യക്തിയായിരുന്നു സുസ്മിത്. ഇരുവരും ചേര്‍ന്നുള്ള സംരംഭത്തിന് അവര്‍ ഐസ് ബര്‍ഗ് പ്രോജക്ട് എന്ന് പേരു നല്‍കി.

അക്ഷയ് യുടെ ആശയങ്ങള്‍ ഐസ് ബരഗിന്റെ മാര്‍ക്കറ്റിംഗിന് സഹായിച്ചു. സംഗീതത്തോടുള്ള സുസ്മിതിന്റെ കഴിവ് സംഗീതപരമായ വളര്‍ച്ചക്കും സഹായിച്ചു. ഐസ് ബര്‍ഗ് കോര്‍ത്തിണക്കിയ ഗാനത്തിന്റെ രതന നവംബര്‍ എട്ടിനാണ് റീലിസ് ചെയ്തത്. സുസ്മിത് തിരിച്ചുവരുന്നു എന്ന വലിയ സന്ദേശമാണ് അതിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുന്നത്. ഇന്ത്യ കേട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഗാനമായിരിക്കും ഇതെന്നാണ് സുസ്മിത് പറയുന്നത്.

കഠിന പ്രയത്‌നം നടത്തുക, വിജയം നിങ്ങള്‍ക്കൊപ്പമെത്തും ഇതാണ് അക്ഷയ്ക്ക് തന്റെ വിജയത്തെക്കുറിച്ച് പറയാനുള്ളത്. നിങ്ങളെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കുന്നതല്ലെങ്കിലും പ്രയത്‌നിക്കുക. ഏതെങ്കിലുമൊരാള്‍ നിങ്ങളുടെ ശ്രമങ്ങളില്‍ ആകൃഷ്ടനാകുന്നതോടെ നിങ്ങള്‍ക്ക് വിജയം നേടാനാകും. അതാണ് ബിഗ് ബാന്‍ഡ് തിയറിയിലും ഉണ്ടായത്.