രക്തദാനത്തിലെ മതേതര സങ്കല്‍പം തകരാതെ സൂക്ഷിക്കണം

0

രകത്ദാനത്തില്‍ ഒരു മതേതര സങ്കല്‍പ്പമുണ്ടെന്നും അത് തകരാതെ സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യവകുപ്പും സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ലോകരക്തദാതാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ടെക്‌നോപാര്‍ക്കില്‍ നിര്‍വഹിക്കുകയായിരുന്നു. ഈ വിഷയത്തില്‍ വളര്‍ന്നു വരുന്ന തലമുറ ജാഗ്രത പാലിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ സജീവമായി ഇടപെടാനാവും. മാലിന്യ നിര്‍മാര്‍ജനത്തില്‍ വിദ്യാര്‍ത്ഥികളുടെ ഇടപെടലുണ്ടാവണം. 

മാലിന്യം വൃത്തിയാക്കും വരെ ഇടപെട്ടുകൊണ്ടിരിക്കണം. ഒരു സ്ഥലത്ത് മാലിന്യം കണ്ടാല്‍ വിവരം അധ്യാപകരോടും സ്ഥലം കൗണ്‍സലറോടും വിദ്യാര്‍ത്ഥികള്‍ക്ക് പറയാം. വൃത്തി ഒരു സംസ്‌കാരമാണ്. മൂന്നു നേരം കുളിക്കുന്ന നമ്മള്‍ മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുന്ന സ്വഭാവം മാറണം. ജീവിതശൈലിയുടെ ഭാഗമായി പുതിയ രോഗങ്ങള്‍ വരുന്നു. കാന്‍സറും ഡെങ്കിയുമുള്‍പ്പടെ പല രോഗങ്ങള്‍ക്കും ചികിത്‌സയ്ക്ക് രക്തം അത്യാവശ്യ ഘടകമാണ്. രക്തദാനത്തെ പ്രോത്‌സാഹിപ്പിക്കണം. ജീവന്‍ രക്ഷിക്കാന്‍ ലഭിക്കുന്ന അവസരമായി രക്തദാനത്തെ കാണണം. റോഡ് അപകടങ്ങളില്‍ രക്തത്തില്‍ കുളിച്ചു കിടക്കുന്നവര്‍ക്ക് രക്ഷകരായി മാറാന്‍ സമൂഹത്തിന് സാധിക്കണം. പലതരം സാമൂഹ്യസേവനങ്ങളില്‍ രക്തദാനം പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു. ഒരു വര്‍ഷം 53 തവണ രക്തദാനം ചെയ്തു മാതൃകയായ തൃശൂര്‍ സ്വദേശി നിഷാന്ത് മേനോന്‍ ഉള്‍പ്പെടെ എട്ടു വൃക്തികള്‍ക്ക് മന്ത്രി അവാര്‍ഡ് നല്‍കി. ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി, തൃശൂരിലെ ബഌഡ് ഡോണേഴ്‌സ് കേരള, തിരുവനന്തപുരത്തെ കേരള ബഌഡ് ഡോണേഴ്‌സ് സൊസൈറ്റി, തേജസ് എന്ന സംഘടന, തൃശൂര്‍ എച്ച്.ഡി. എഫ്. സി ബാങ്ക്, ടെക്‌നോപാര്‍ക്കിലെ യു. എസ്. ടി ഗ്‌ളോബല്‍, തിരുവനന്തപുരം ആള്‍ സെയ്ന്റ്‌സ് കോളേജ് എന്നിവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി. വാര്‍ഡ് കൗണ്‍സലര്‍ സുനിചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടര്‍ ഡോ. ആര്‍. രമേശ്, ടെക്‌നോപാര്‍ക്ക് സി. ഇ. ഒ ഋഷികേശ് നായര്‍, ഡി. എം. ഒ ഡോ. ജോസ് ജി. ഡിക്രൂസ്, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജെ. സ്വപ്‌നകുമാരി എന്നിവര്‍ സംബന്ധിച്ചു.