പേപ്പട്ടി കടിച്ച പശുവിന്റെ പാല്‍ കുടിച്ചവര്‍ പരിഭ്രമിക്കേണ്ടതില്ല  

0

പേപ്പട്ടി കടിച്ച പശുവിന്റെ പാല്‍ കുടിച്ചവര്‍ ഒട്ടും തന്നെ പരിഭ്രമിക്കേണ്ടതില്ലെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു. കഴിഞ്ഞ ദിവസം കരിക്കകത്ത് പേപ്പട്ടി കടിച്ച പശു ചത്തതിനെ തുടര്‍ന്ന് ഈ പശുവിന്റെ പാല്‍ വാങ്ങി കുടിച്ച 23 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പ്രമുഖ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ കൂടിയായ പ്രിന്‍സിപ്പല്‍ പ്രസ്ഥാവനയിറക്കിയത്.

മുറിവില്‍ക്കൂടി മാത്രമേ പേവിഷബാധയേല്‍ക്കുകയുള്ളൂ. തിളപ്പിച്ച പാലും വേവിച്ച മാംസവും മാത്രമേ സാധാരണ കഴിക്കാറുള്ളൂ എന്നതിനാല്‍ മാംസത്തിലൂടെയും പാലിലൂടെയും പേവിഷബാധയേല്‍ക്കാനുള്ള സാധ്യത വളരെ കുറവാണ്. പശുവുമായി അടുത്തിടപഴകിയവരും കടിയേറ്റവരും മുറിവുള്ളവരും മാത്രം പ്രതിരോധ കുത്തിവയ്‌പ്പെടുത്താല്‍ മതിയാകും. എങ്കിലും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.