ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ 21 മുതല്‍

0

 കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതിന്റെ വജ്രജൂബിലി ആഘോഷങ്ങള്‍ ഏപ്രില്‍ 21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ വിപുലമായി സര്‍ക്കാര്‍ ആഘോഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഏപ്രില്‍ അഞ്ചിന് ആഘോഷങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ തുടക്കം കുറിച്ചിരുന്നു. ആഘോഷപരിപാടികളുടെ സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഏപ്രില്‍ 26 വൈകുന്നേരം അഞ്ചിന് നിശാഗന്ധിയില്‍ ഉദ്ഘാടനം ചെയ്യും. ആദ്യകേരള നിയമസഭയില്‍ അംഗങ്ങളായിരുന്ന കെ.ആര്‍. ഗൗരിയമ്മ, ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്നിവരെ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വീടുകളിലെത്തി ആദരിക്കും.

തുടര്‍പരിപാടികള്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലും കനകക്കുന്ന് കൊട്ടാരത്തിലുമായി നടക്കും. സെമിനാറുകള്‍, ഒരു ദിവസം നീണ്ടുനില്‍ക്കുന്ന വനിത പാര്‍ലമെന്റ് തുടങ്ങി വിവിധ പരിപാടികള്‍ ഇതോടൊപ്പം സംഘടിപ്പിക്കും. വിവിധ മേഖലകളില്‍നിന്നായി 2000 വനിതകള്‍ നിശാഗന്ധിയില്‍ നടക്കുന്ന വനിതാ പാര്‍ലമെന്റില്‍ പങ്കെടുക്കും. ഇന്‍ഫര്‍മേഷന്‍ പബഌക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഫോട്ടോ പ്രദര്‍ശനം 21ന് കനകക്കുന്ന് കൊട്ടാരത്തില്‍ ആരംഭിക്കും.

21 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന അനുച്ഛേദം 356, കേന്ദ്ര ബന്ധങ്ങള്‍, വികേന്ദ്രീകരണവും ആസൂത്രണവും, മുന്നണി രാഷ്ട്രീയം, ദളിത് പ്രശ്‌നങ്ങളും സ്വത്വ രാഷ്ട്രീയവും, പ്രവാസിയും വികസന പ്രവര്‍ത്തനങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കും.

എല്ലാദിവസവും വൈകുന്നേരം നിശാഗന്ധിയില്‍ വ്യത്യസ്തമായ കലാവിഷ്‌കാരങ്ങളും അരങ്ങേറും. ഏപ്രില്‍ 21 ന് വൈകിട്ട് മജീഷ്യന്‍ മുതുകാടും പത്തോളം മജീഷ്യന്മാരും ഒരുക്കുന്ന 'ഇന്ററാക്ടീവ് മാജിക് ഫിനാലെ'യുണ്ടാകും. 22 ന് കെ.ടി.മുഹമ്മദിന്റെ വിഖ്യാത സാമൂഹ്യ നാടകം 'ഇത് ഭൂമിയാണ്', കെ.ടിയുടെ നാടകസംഘം കോഴിക്കോട് കലിംഗ തീയറ്റേഴ്‌സ് അവതരിപ്പിക്കും.

23 ന് വൈകുന്നേരം ഉമയാള്‍പുരം, എം. ജയചന്ദ്രന്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സ്റ്റീഫന്‍ ദേവസ്സി, ആറ്റുകാല്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവരുടെ ഫ്യൂഷന്‍ സംഗീത വിരുന്ന് 'ജ്വാല' അരങ്ങേറും. 24 ന് സി.ജെ.കുട്ടപ്പനും കലാമണ്ഡലവും ചേര്‍ന്നൊരുക്കുന്ന 'ക്ലാസിക്കല്‍ ഡാന്‍സ് ആന്റ് ഫോക് ഷോ'. 25 ന് കേരളത്തിന്റെ നവോത്ഥാനകാലഘട്ടവും, ദേശീയ പ്രക്ഷോഭങ്ങളും, ഇ.എം.എസ് സര്‍ക്കാരിന്റെ ഭരണപരിഷ്‌ക്കാരങ്ങളും അടയാളപ്പെടുത്തുന്ന 'നവോത്ഥാന ദൃശ്യസന്ധ്യ' മള്‍ട്ടീമീഡിയ ദൃശ്യാവതരണം. 26 ന് പ്രശസ്ത പിന്നണി ഗായകന്‍ ഹരിഹരനും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്ന് എന്നിവയുമുണ്ടാകും. ആഘോഷപരിപാടിയുടെ നിര്‍വഹണ ഏജന്‍സി സാംസ്‌കാരിക വിനിമയകേന്ദ്രമായ ഭാരത് ഭവനാണ്.