മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ; ശില്‍പശാല

0

പ്രതിസന്ധിഘട്ടങ്ങളില്‍ തളര്‍ന്നുപോവുന്ന സഹജീവികള്‍ക്ക് അടിയന്തിരമായി സാന്ത്വനം ലഭിക്കേണ്ടത് അതീവ പ്രധാനമാണെന്ന് മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ എന്ന വിഷയത്തില്‍ കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തില്‍ സംഘടിപ്പിച്ച ശില്‍പശാല വ്യക്തമാക്കി. യുദ്ധം, പ്രകൃതി ദുരന്തങ്ങള്‍, തീപ്പിടിത്തങ്ങള്‍, ലൈംഗിക അതിക്രമം പോലെ വ്യക്തികള്‍ തമ്മിലുള്ള അതിക്രമങ്ങള്‍ തുടങ്ങിയവയ്ക്ക് വ്യക്തികളോ കുടുംബങ്ങളോ സമൂഹം മുഴുവനായോ ഇരകളാവാം. ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ എല്ലാവര്‍ക്കും ശക്തിയും കഴിവുമുണ്ട്. എന്നാല്‍, ചിലര്‍ പ്രതിസന്ധി ഘട്ടങ്ങള്‍ക്ക് ഇരളാവുന്നു. കുട്ടികള്‍, സ്ത്രീകള്‍, ദുരന്തങ്ങള്‍ക്ക് മുമ്പ് ഇരകളായ പുരുഷന്‍മാര്‍ എന്നിവര്‍ക്ക് എത്രയും പെട്ടന്ന് സാന്ത്വന ഹസ്തം എത്തുകയെന്നത് പ്രധാനമാണ്. ഇതാണ് മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ. ആദ്യ ഘട്ടത്തില്‍ മാനുഷികവും പിന്തുണയേകുന്നതും പ്രായോഗികവുമായ സാന്ത്വനം ലഭിച്ചില്ലെങ്കില്‍ അത് ആ വ്യക്തിയുടെ ഭാവി മാനസികാരോഗ്യത്തെത്തന്നെ ബാധിക്കും.

അതുപോലെ ഭക്ഷണം, വെള്ളം, വിവരങ്ങള്‍ തുടങ്ങി അവരുടെ പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുകയെന്നതും മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷയുടെ ഭാഗമാണ്. പ്രതിസന്ധിയില്‍പ്പെട്ട വ്യക്തിയെ കേള്‍ക്കുകയാണ് പ്രധാനം. സംസാരിക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ പാടില്ല. ശാന്തമായിരിക്കാന്‍ അവരെ സഹായിക്കുക. വിവരങ്ങള്‍, സേവനങ്ങള്‍, സാമൂഹിക പിന്തുണ എന്നിവ ലഭിക്കാന്‍ സഹായിക്കുന്നതും കൂടുതല്‍ ദുരന്തങ്ങളുണ്ടാവാതെ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്. മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ ഈ രംഗത്തെ പ്രൊഫഷനലുകള്‍ക്ക് മാത്രം ചെയ്യാവുന്ന ഒന്നല്ല. ഇത് പ്രൊഫഷനല്‍ കൗണ്‍സലിംഗ് അല്ല. മനഃശാസ്ത്ര ചികിത്സയുടെ ഭാഗമായി നടന്ന സംഭവങ്ങള്‍ ക്രമാനുഗതമായി മുഴുവനായി പറയിപ്പിക്കുന്നത് ഇതിന്റെ ഭാഗമല്ല. ഇത് അടിച്ചേല്‍പ്പിക്കേണ്ട സഹായവുമല്ല.

ആര്‍ക്കൊക്കെയാണ് ഈ സഹായം വേണ്ടത്? ഗുരുതരമായ, ജീവന് ഭീഷണിയാവുന്ന മുറിവുകള്‍പറ്റി അടിയന്തിര വൈദ്യസഹായം വേണ്ടവര്‍, മാനസികനില താളം തെറ്റി സ്വന്തം കാര്യമോ കുഞ്ഞുങ്ങളുടെ കാര്യമോ നോക്കാന്‍ കഴിയാത്തവര്‍, സ്വയം വേദനിപ്പിക്കുന്നവര്‍, മറ്റുള്ളവരെ വേദനിപ്പിക്കുന്നവര്‍ എന്നിവര്‍ മാനസികാരോഗ്യ പ്രാഥമിക ശുശ്രൂഷ ലഭിക്കേണ്ടവരാണ്. പക്ഷേ, വ്യക്തികളുടെ സുരക്ഷ, അന്തസ്സ്, അവകാശങ്ങള്‍ എന്നിവ മാനിക്കപ്പെടേണ്ടതുണ്ട്. പ്രസ്തുത വ്യക്തിയുടെ സംസ്‌കാരം കണക്കിലെടുക്കണം. സഹായം നല്‍കുന്നയാള്‍ മറ്റ് അടിയന്തിര പ്രതികരണ മാര്‍ഗങ്ങളെക്കുറിച്ച് ബോധവാനായിരിക്കണം. സഹായം നല്‍കുന്ന വ്യക്തി സ്വന്തം സുരക്ഷയും കൂടി കണക്കിലെടുക്കേണ്ടതുണ്ടെന്നും ശില്‍പശാല വ്യക്തമാക്കി.

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ആര്‍.എല്‍. ബൈജു ശില്‍പശാല ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ.കെ. ശിവദാസന്‍, ഡോ. മിഥുന്‍ എസ്., ഡോ. സന്ധീഷ് പി.ടി എന്നിവര്‍ ക്ലാസെടുത്തു. ഡെപ്യൂട്ടി കളക്ടര്‍ അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജീജ, ജില്ലാ മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. രാജേന്ദ്രന്‍, എന്‍.ആര്‍.എച്ച്.എം കോഴിക്കോട് ഡി.പി.എം ഡോ. ഇ. ബിജോയ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി. മണി എന്നിവര്‍ സംസാരിച്ചു. മാനസികാരോഗ്യ പ്രാഥമിക പരിചരണവുമായി ബന്ധപ്പെട്ട നോഡല്‍ സെന്ററുകളിലെ അംഗങ്ങള്‍ പങ്കെടുത്തു.