ശാസ്ത്ര ലോകത്തെ യുവ പ്രതിഭ

0

കരണ്‍ ജെറാത്ത് എന്ന യുവ പ്രതിഭക്ക് ഈ വര്‍ഷം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നു. ഇന്റലിന്റെ യങ്ങ് സയന്റിസ്റ്റ് അവാര്‍ഡ് കരണിനെ തേടിയെത്തിയത് ഈ വര്‍ഷം ആദ്യമായിരുന്നു. സമുദ്രത്തിനടിയിലെ ഓയില്‍ പൈപ്പുകളില്‍ നിന്ന് എണ്ണ ചോരുന്നത് തടുക്കുന്ന ഉപകരണം കണ്ടുപിടിച്ചതിനായിരുന്നു പുരസ്‌കാരം.ഈ മലിനീകരണം കാരണം സമുദ്രത്തിലെ ആവാസ വ്യവസ്ഥ അനുദിനം നശിച്ചുകൊണ്ടിരുന്നു. 2010ല്‍ ഗള്‍ഫ് ഓഫ് മെകിസിക്കോയില്‍ വന്‍തോതില്‍ എണ്ണ ചോര്‍ച്ച ഉണ്ടായ സമയത്ത് കരണ്‍ ടെക്‌സാസിലെ ഫ്രണ്‍സ്‌വുഡിലായിരുന്നു താമസം. തന്റെ സമീപത്ത് ഇങ്ങനെ ഒരു അവസ്ഥ കാണേണ്ടി വന്നതില്‍ കരണിന് വിഷമം തോന്നി. എന്തെങ്കിലും ചെയ്യാന്‍ കരണിനെ പ്രേരിപ്പിച്ചതും അതുതന്നെ.

ദിവസവും ഒമ്പത് മുതല്‍ 10 മണിക്കൂര്‍ വരെ തന്റെ ഗവേഷണങ്ങള്‍ക്കും ഡിസൈനിങ്ങിനും പരീക്ഷണങ്ങള്‍ക്കും ചെലവഴിച്ചു. അവാര്‍ഡു തുകയായി 50000 ഡോളര്‍ ആണ് കരണിന്റെ കണ്ടുപിടിത്തത്തിനായി ഇന്റല്‍ നല്‍കിയത്. അവാര്‍ഡ് ലഭിച്ച ആ ഒരു ദിവസത്തിന്റെ ആരവം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ആ ഉപകരണം കരണിന്റെ ബെഡ്‌റൂമില്‍ ഒതുങ്ങി. അതിനെ മുന്നോട്ട് കൊണ്ടുപോകാനോ നിക്ഷേപം നടത്താനോ ആരും വന്നില്ല.

കരണ്‍ ഇപ്പോള്‍ ടെക്‌സാസിലെ സര്‍വ്വകലാശായില്‍ പെട്രോളിയം എഞ്ചിനീയറിങ്ങ് പഠിക്കുകയാണ്. തനിക്ക് കിട്ടിയ സമ്മാനത്തുക തന്റെ ട്യൂഷന്‍ ഫീസ് അടക്കാന്‍ വേണ്ടി ചിലവഴിക്കാനാണ് കരണിന്റെ ലക്ഷ്യം. തന്റെ കണ്ടുപിടിത്തത്തെ അടുത്ത തലത്തിലേക്ക് എത്തിക്കാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് കരണ്‍. തന്റെ സര്‍വ്വകലാശാലയില്‍ നിന്ന് ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും മോഡലിന്റെ വികാസത്തിന് വേണ്ടി ഉപയോഗിക്കുകയാണ് കരണ്‍. യുവര്‍ സ്‌റ്റോറിയോട് കരണ്‍ തന്റെ അനുഭവങ്ങള്‍ പങ്കുവക്കുന്നു.

കുട്ടിക്കാലം ഇന്ത്യയിലും ലേഷ്യയിലും യു.എസിലുമൊക്കെ ആയിരുന്നല്ലോ. ഈ അനുഭവങ്ങള്‍ എങ്ങനെയാണ് നിങ്ങളുടെ കാഴ്ചപ്പാടിനെ സ്വാധീനിച്ചത് ?

ഞാന്‍ ജനിച്ചത് മുംബൈയിലാണ്. എനിക്ക് ഒരു വയസ്സുള്ളപ്പോള്‍ മലേഷ്യയിലേക്ക് പോയി. അവിടെ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഫ് ക്വാലാലംപൂരിലാണ് പഠിച്ചത്. അവിടെ ഞാന്‍ ഒരു ആഗോള പൗരനായി മാറി. പലതരം സംസ്‌കാരങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. 2008ല്‍ ഞങ്ങള്‍ ടെക്‌സാസിലെ ഫ്രെണ്ട്‌വുഡിലേക്ക് മാറി. ഇവിടെ വച്ചാണ് എന്റെ ശാസ്തരപരമായ കഴിവുകള്‍ വളര്‍ന്നത്.

നിങ്ങളുടെ കുടുംബത്തിന്റെ പിന്തുണ എത്രമാത്രമായിരുന്നു?

എന്റെ അചഛന്‍ ഒരു മെക്കാനിക്കല്‍ എഞ്ചിനീയറാണ്. ഒരു നോര്‍വീജിയന്‍ ഷിപ്പിങ്ങ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്. അമ്മ ഒരു കലാകാരിയാണ്. അച്ഛന്റെ ശാസ്ത്രത്തിനോടുള്ള കാഴ്ചപ്പാടും അമ്മയുടെ കലയും ഏറ്റവും നല്ല രീതിയില്‍ എനിക്ക് പകര്‍ന്നുകിട്ടിയിട്ടുണ്ട്.

യു.എസിലെ പുതിയ ജീവിതവുമായി എങ്ങനെയാണ് പൊരുത്തപ്പെട്ട് പോകുന്നത്?

യു.എസിലേക്ക് മാറുമ്പോള്‍ ഒരേയൊരു കുടുംബത്തെ മാത്രമേ പരിചയമുണ്ടായിരുന്നുള്ളൂ. അവിടെ എല്ലാം പരിചയപ്പെട്ടുവരാന്‍ ഒരുപാട് സമയമെടുത്തു. ഞാന്‍ ഹൈസ്‌കൂള്‍ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് യു.എസ്സിലേക്ക് മാറിയത്. ആ സമയത്ത് എനിക്ക് സയന്‍സില്‍ വളരെ വലിയ താത്പര്യം തോന്നിയിരുന്നു. പുതിയ കാര്യങ്ങള്‍ പരിചയപ്പെടാന്‍ വളരെ ജിജ്ഞാസ തോന്നിയ സമയമായിരുന്നു.

എപ്പോഴാണ് ഇങ്ങനെ ഒരു ഉപകരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്?

എന്റെ അമ്മയുടെ കുടുംബം സിംഗപ്പൂരിലാണ്. ഞങ്ങള്‍ ഒരു അവധിക്കാലത്ത് അവിടെ ഉണ്ടായിരുന്നു. അപ്പോഴാണ് ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ എണ്ണ ചോരുന്ന അവസ്ഥയുണ്ടായത്. നമ്മുടെ പരിസ്ഥിതിക്ക് ഏറ്റവും ദോഷകരമായ സംഭവമാണിത്. ഇതു കാരണം നമ്മുടെ സമുദ്രത്തിലെ ആവാസ വ്യവസ്ഥ തകര്‍ന്നുകൊണ്ടിരുന്നു. ഞാന്‍ ലൈബ്രറിയില്‍ പോയി ഇതിനെക്കുറിച്ച് കൂടുതല്‍ വായിച്ചു. എന്റെ ആശയങ്ങള്‍ ഒരു ഡിസൈനായി പ്രതിഫലിച്ചു. ഒരുപാട് ഡിസൈനുകള്‍ ഉണ്ടായി. അതില്‍ നിന്ന് ഏറ്റവും അനുയോജ്യമായത് തിരഞ്ഞെടുത്തു.

ഇതിന് മുമ്പ് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ?

പരിസ്ഥിതിയുടെ അവസ്ഥയെക്കുറിച്ച് മനസ്സിലാക്കാറുണ്ടായിരുന്നു. എന്നാല്‍ ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലെ അപകടത്തിന് ശേഷമാണ് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങിയത്. ആ സംഭവം ഒരു ആഴത്തിലുള്ള പഠനത്തിലേക്ക് എന്നെ നയിച്ചു. എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം മനസ്സില്‍ നിറഞ്ഞിരുന്നു.

യു.എസ്സിലേക്ക് തിരിച്ചുവന്നതിന് ശേഷം ഇത് എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോയത്?

തിരിച്ചു വന്ന സമയത്ത് ഞങ്ങള്‍ക്കൊരു സയന്‍സ് ഫെയര്‍ ഉണ്ടായിരുന്നു. അപ്പോള്‍ അതിന് വേണ്ടിയുള്ള ആശയങ്ങള്‍ സമര്‍പ്പിക്കേണ്ടി വന്നു. ഞാന്‍ എന്റെ കെമിസ്ട്രി അധ്യാപികയോട് എന്റെ മനസ്സിലുള്ള ആശയം പങ്കുവച്ചു. അവര്‍ എന്നെ ഒരുപാട് സഹായിച്#ു. ഇതിനെക്കുറിച്ച് ഓണ്‍ലൈനില്‍ വലിയ വിവരങ്ങളൊന്നും വഭിക്കാത്തത് വലിയെ വെല്ലുവിളിയായി. ഇങ്ങനെ ഒരു ആശയം ഇതിന് മുമ്പ് ആരും ചിന്തിച്ചിട്ടില്ല. എന്റെ അധ്യാപിക എനിക്ക് ഒരു മെന്ററിനെ പരിചയപ്പെടുത്തിത്തന്നു. പിന്നീട് ആ മെന്റെറിന്റെ സഹായത്തോടെ ഞാന്‍ മുന്നോട്ടുപോയി.

നിങ്ങളുടെ ആശയം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ച ഘടകങ്ങള്‍ എന്തൊക്കെ?

എന്റെ മെന്റര്‍ ഫോസ്റ്റര്‍ ഹൈഡ്രോലിക്‌സിലാണ് ജോലി ചെയ്യുന്നത്. ആ ബന്ധം വച്ച് എനിക്ക് കുറേ വിവരങ്ങള്‍ ലഭിച്ചു. ഞാനല്ല ഉപകരണം ഉണ്ടാക്കിയത്. എന്റെ മെന്ററിന്റെ കയ്യില്‍ ഒരു മോഡലിങ്ങ് സോഫ്റ്റ് വെയര്‍ ഉണ്ടായിരുന്നു. സ്‌റ്റോണര്‍ പൈപ്പ്‌ലൈന്‍ സിമുലേറ്റര്‍ എന്നായിരുന്നു അതിന്റെ പേര്. ഞാന്‍ അദ്ദേഹത്തിന്റെ ഓഫീസിന്റെ അനുവാദത്തോടെ അവിടെ പ്രവര്‍ത്തനം ആരംഭിച്ചു. അവധിക്കാലത്ത് എട്ട് മുതല്‍ ഒന്‍പത് മണിക്കൂര്‍ വരെ അവിടെ ജോലി ചെയ്യുമായിരുന്നു. ഈ ഉപകരണത്തിന് 75 അടി ഉയരമുണ്ട്. അതുകൊണ്ട് ഇപ്പോള്‍ അത് നര്‍മ്മിക്കാനുള്ള സാമ്പത്തിക ശേഷി എനിക്കില്ല. പരീക്ഷണങ്ങള്‍ക്ക് വേണ്ടി സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് എല്ലാ കാര്യങ്ങളും ചെയ്തത്. ഇത് നിര്‍മ്മിക്കാനായി പണം മുടക്കാന്‍ ആഗ്രഹിക്കുന്നവരെ തിരയുകയാണ് ഞാന്‍.

നിങ്ങളുടെ ഉപകരണം ഇപ്പോഴും ഒരു സാങ്കല്‍പ്പിക തലത്തില്‍ നില്‍ക്കുകയാണ്. ഇതുവരെ അത് സമുദ്രജലത്തല്‍ പരീക്ഷിച്ചിട്ടില്ല, ഇത് ഒരു വിജയമാകുമെന്ന് ഉറപ്പുണ്ടോ?

ഏതൊരു വ്യവസായത്തിലും ആദ്യം ചെയ്യുന്നത് സാങ്കല്‍പ്പികമായ അറിവുകള്‍ പരീക്ഷിച്ച് തെളിയിക്കുക എന്ന ദൗത്യമാണ്. ഞാന്‍ ഉപയോഗിക്കുന്ന സ്‌റ്റോണര്‍ പൈപ്പ് ലൈന്‍ സിമുലേറ്റര്‍ ലോകമെമ്പാടും അംഗീകരിച്ച ഒന്നാണ്. അതുവഴി എനിക്ക് ഉറപ്പ് പറയാന്‍ കഴിയും ഇത് വിജയമാകുമെന്ന്. ഈ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കി ഉപകരണം നിര്‍മ്മിക്കുക എന്നതാണ് അടുത്ത ഘട്ടം. ഓസ്റ്റിനിലെ യൂണിവേഴ്‌സിറ്റി ടെക്‌സാസില്‍ ഞാന്‍ ഉടനെ പോകുന്നുണ്ട്. അവിടത്തെ പ്രൊഫസര്‍മാരുടെ കയ്യില്‍ കുറച്ചുകൂടി ആധികാരികമായ സോഫ്റ്റ് വെയറുകള്‍ ഉണ്ട്. അതുവഴി ഈ ഉപകരണത്തെ മുന്നട്ട് കൊണ്ടുപോകാന്‍ കഴിയും.

ഈ ആശയം ഒരു ഉപകരണമാക്കി മാറ്റാന്‍ എത്ര സമയം വേണ്ടിവന്നു?

ഒരുപാട് പേരുമായി സംസാരിച്ചു. നിരവധി ഡോക്യുമെന്ററികള്‍ കണ്ടു. ബ്രിട്ടീഷ് പെട്രോളിയത്തില്‍ സമാനമായ ഒരു ഉപകരണമുണ്ട്. അതൊരു ഹോളോ ട്യൂബായിരുന്നു. ഞാന്‍ അതിന്റെ രൂപം മാറ്റിയെടു#്തു. 30 ഡിസൈനുകള്‍ വരെ ഞാന്‍ ഉണ്ടാക്കി. അതിന് ശേഷമാണ് ഒന്ന് തിരഞ്ഞെടുത്തത്.

എത്ര സമയം കൊണ്ട് ഈ ഉപകരണത്തിന് എണ്ണ നീക്കാന്‍ കഴിയും?

എണ്ണ എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കുന്നു. കമ്പനി ഇതിനെ നിയന്ത്രിക്കാന്‍ ശാശ്വതമായി ഒരു രീതി തിരഞ്ഞെടുക്കുന്നതുവരെ ഈ ഉപകരണം എണ്ണ ശേഖരിക്കും. സമുദ്രത്തെ മലിനീകരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ഈ ഉപകരണം വളരെയധികം സായിക്കുന്നു.

നേരത്തെ പറഞ്ഞു ഈ ഉപകരണത്തിന് 75 അടി പൊക്കമുണ്ടെന്ന്. അത്രയും പൊക്കമുണ്ടെങ്കില്‍ അതിനനുസരിച്ച് ഭാരം ടണ്‍ കണക്കില്‍ ആയിരിക്കുമല്ലോ. ഇത്രയും വലിയ ഒരു ഉപകരണം വേണ്ട സ്ഥലത്ത് എത്തികാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടില്ലേ?

അതിന് വേണ്ടി കപ്പലുകള്‍ ഉണ്ടല്ലോ. അതൊരു പ്രശനമാകാന്‍ സാദ്യതയില്ല. കടലിലേക്ക് ഇട്ടുകഴിഞ്ഞാല്‍ അതിന്റെ പ്രവര്‍ത്തനം തുടങ്ങും. 300 ടണ്ണിന് മുകളില്‍ ഭാരം ഉള്ളതുകൊണ്ട് സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് പെട്ടെന്ന് എത്തിക്കാന്‍ കഴിയും. അത് ഒഴുകി നടക്കുമെന്ന് ഭയക്കേണ്ട.

ഇന്റല്‍ െ്രെപസ് കിട്ടിയതിന് ശേഷം ആരെങ്കിലും ഇതിനുവേണ്ടി നിക്ഷേപിക്കാന്‍ തയ്യാരായി സമീപിച്ചോ?

ഇതുവരെയില്ല. എന്നാല്‍ വളരെ പെട്ടെന്നുതന്നെ അതിന് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കോളേജും ഇതും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ പഠിച്ചു കഴിഞ്ഞാല്‍ അതിന് വലിയ താമസമുണ്ടാകില്ല.

പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവരോട് എന്താണ് പറയാനുള്ളത്?

എനിക്ക് തോന്നുന്നത് ഇന്നത്തെ യുവതലമുറ എന്തിനുവേണ്ടി ഇത് ചെയ്യുന്നു എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഇത് അഭിമാനത്തിന്റെ പ്രശ്‌നമല്ല. നിരന്തരമായ പരിശ്രമത്തിലൂടെ മാത്രമേ ഒരു പുതിയ ലോകം നമുക്ക് മുന്നില്‍ തുറന്ന് വരുകയുള്ളൂ. ഒരുക്കലും നിങ്ങളുടെ ആശയങ്ങള്‍ ഉപേക്ഷിക്കരുത്. എപ്പോഴും അതിനെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുക.