ശബരിമല ഇടത്താവള നവീകരണത്തിന് പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ശബരിമല ഇടത്താവള നവീകരണത്തിന് പൊതുമേഖല സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Thursday August 31, 2017,

2 min Read

ശബരിമല ഇടത്താവളങ്ങളുടെ നവീകരണത്തിന് പൊതുമേഖലാ സ്ഥാപനങ്ങളുടെ സഹകരണത്തോടെയുള്ള പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്കിന് മുന്നോടിയായി തിരുവനന്തപുരത്ത് നടന്ന അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ഇടത്താവളങ്ങളുടെ നവീകരണത്തിനായി പദ്ധതികള്‍ നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. 

image


ഇതിന്റെ അടിസ്ഥാനത്തില്‍ 37 ക്ഷേത്രങ്ങളിലെ ഇടത്താവളങ്ങള്‍ നവീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവീകരണം സംബന്ധിച്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ അധികൃതരുമായി 29ന് ചര്‍ച്ച നടത്തും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഒന്‍പത് ഇടത്താവളങ്ങള്‍ നവീകരിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ചില ഇടത്താവളങ്ങളുടെ നവീകരണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുന്ന ബൃഹദ് പദ്ധതികളായാണ് ഇവ നടപ്പാക്കുക. ഇത്തവണത്തെ ശബരിമല സീസണ് മുന്‍പ് എല്ലാ ഇടത്താവളങ്ങളിലും അന്നദാനം, കുടിവെള്ളം, ടോയിലറ്റ്, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. മണ്ഡല മകരവിളക്ക് കാലത്ത് അടിയന്തര സാഹചര്യമുണ്ടായാല്‍, എല്ലാ വകുപ്പുകളില്‍ നിന്നും, തീരുമാനമെടുക്കാന്‍ ചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥരില്‍ ഒരാള്‍ ശബരിമലയിലുണ്ടാവണം. ശബരിമല തീര്‍ത്ഥാടകര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നത് സംബന്ധിച്ച് വാട്ടര്‍ അതോറിറ്റിയുടെയും ദേവസ്വം ബോര്‍ഡിന്റേയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തണമെന്ന് മന്ത്രി പറഞ്ഞു. നിലവില്‍ രണ്ടായിരം പേര്‍ക്കാണ് അന്നദാനം നല്‍കുന്നതെന്നും അത് അയ്യായിരം പേര്‍ക്ക് നല്‍കാനാണ് ശ്രമമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ക്യൂ കോപ്ലക്‌സുകളുടെ മുടങ്ങിക്കിടക്കുന്ന പണി ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുടിവെള്ള വിതരണത്തിനായി പമ്പയിലും തീര്‍ത്ഥാടന പാതയിലും സ്ഥാപിക്കുന്ന ആര്‍. ഒ പ്ലാന്റുകളുടെ പണി ഒക്‌ടോബറില്‍ പൂര്‍ത്തിയാകുമെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പമ്പയിലെയും ശരണപാതകളിലെയും സന്നിധാനത്തെയും ആര്‍. ഒ പ്ലാന്റുകളിലൂടെ പ്രതിദിനം 6.60 ലക്ഷം ലിറ്റര്‍ വെള്ളവും നിലയ്ക്കലുള്ള ആര്‍. ഒ പ്ലാന്റിലൂടെ പ്രതിദിനം 60,000 ലിറ്റര്‍ വെള്ളവും വിതരണം ചെയ്യും. 141 കോടി രൂപയുടെ റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് നടപടിയായതായി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പോലീസിന്റെ നേതൃത്വത്തില്‍ ശക്തമായ സുരക്ഷ ഒരുക്കും. തുരുമ്പെടുത്തതും ബലമില്ലാത്തതുമായ ബാരിക്കേഡുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് പോലീസ് നിര്‍ദ്ദേശിച്ചു. പോലീസ്, ദേവസ്വം, വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം 25ന് സന്നിധാനത്ത് നടക്കും. ശുചിത്വ മിഷന്റെയും ബാങ്കുകളുടെയും സഹകരണത്തോടെ പ്ലാസ്റ്റിക് രഹിത ശബരിമല പദ്ധതി തുടരും. ഈ സീസണില്‍ കെ. എസ്. ആര്‍. ടി. സിയുടെ 534 ബസുകള്‍ സര്‍വീസ് നടത്തും. ഒക്‌ടോബര്‍ 15 നകം കെ. എസ്. ഇ. ബി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. ശബരിമല സീസണിലെ സ്‌പെഷ്യല്‍ ട്രെയിനുകളുടെ ഷെഡ്യൂള്‍ ഒക്‌ടോബര്‍ മാസത്തോടെ തയ്യാറാകും. കഴിഞ്ഞ തവണത്തെ പോലെ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ നടത്താന്‍ തിരുവനന്തപുരം ഡിവിഷന്‍ റെയില്‍വേയ്ക്ക് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്. ട്രാക്ടറുകള്‍ സാധനങ്ങളുമായി തീര്‍ത്ഥാടകര്‍ക്കിടയിലൂടെ കടന്നു വരുന്നത് ഒഴിവാക്കി ദേവസ്വം ഓഫീസിന് പിന്നിലൂടെ പാണ്ടിത്താവളത്തെത്തുന്നത് പരിഗണിക്കണം. പമ്പയില്‍ ഫയര്‍ സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ വനംവകുപ്പിന്റെ അനുമതിയായിട്ടില്ല. ഇവിടെ മണ്ണ് നീക്കം ചെയ്താല്‍ മാത്രമേ നിര്‍മ്മാണം സാധ്യമാകൂയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എം. എല്‍. എമാരായ രാജു എബ്രഹാം, കെ. കെ. രാമചന്ദ്രന്‍നായര്‍, ദേവസ്വം ബോര്‍ഡ് അംഗം കെ. രാഘവന്‍, ദേവസ്വം സെക്രട്ടറി കെ. ആര്‍. ജ്യോതിലാല്‍, കെ. എസ്. ആര്‍. ടി. സി എം. ഡി രാജമാണിക്യം, ഐ. ജി മനോജ് എബ്രഹാം, പത്തനംതിട്ട ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.